വേണാടിന്റെ പോരാട്ടവീര്യവുമായി ഗ്രൂപ്പുകള്‍ക്ക് മീതെ ഉണ്ണിത്താന്‍
#രാജു ശ്രീധര്‍
കൊല്ലം: വേണാടിന്റെ അങ്കത്തഴമ്പാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കൈമുതല്‍. ഉണ്ണിത്താന്റെ നാവിന്റെ ചൂടറിയാത്തവര്‍ സംസ്ഥാന കോണ്‍ഗ്രസില്‍ വിരളമാണ്.
എന്നാല്‍ തുളുനാട്ടില്‍ അങ്കംകുറിക്കാന്‍ ഉണ്ണിത്താന് പുതിയ അടവുകളൊന്നും പഠിക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പലപ്പോഴും നിലനില്‍പ്പിനായി പൂഴിക്കടകന്‍ വരെ പുറത്തെടുത്തിട്ടുള്ള ഉണ്ണിത്താന് കാസര്‍കോട്ടെ ചുവന്നമണ്ണില്‍ തീപ്പൊരി വിതറാനുള്ള അടവുകള്‍ മനപ്പാഠമാണ്.
എസ്.എഫ്.ഐയുടെ കുത്തകയായ കൊല്ലം എസ്.എന്‍ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ സാക്ഷാല്‍ എം.എ ബേബിയെ തോല്‍പ്പിച്ച് ചെയര്‍മാനായ ഉണ്ണിത്താന് പക്ഷെ, കാലിടറിയിട്ടുണ്ട് പാര്‍ട്ടിയിലെ പോരാട്ടങ്ങളില്‍. എ.കെ ആന്റണിയും കെ. കരുണാകരനും നേര്‍ക്കുനേര്‍ നയിച്ച ഗ്രൂപ്പ് യുദ്ധത്തില്‍ ലീഡറുടെ സെക്കന്‍ഡ് ലെഫ്റ്റനന്റായിരുന്നു ഉണ്ണിത്താന്‍. കെ. മുരളീധരന്‍ സേവാദള്‍ ചെയര്‍മാനായതു മുതല്‍ കോണ്‍ഗ്രസിലെ മുരളിയുടെ തേരോട്ടത്തിന് ചുക്കാന്‍ പിടിച്ചതും ഉണ്ണിത്താനായിരുന്നു.
കോണ്‍ഗ്രസും പോഷക സംഘടനകളും രണ്ടു ചേരികളായി നേര്‍ക്കുനേര്‍ നിന്നു പൊരുതിയ കാലത്ത് ഐ ഗ്രൂപ്പിന്റെ വക്താവായിരുന്നു ഉണ്ണിത്താന്‍. ഉണ്ണിത്താന്‍ സംസ്ഥാന ചെയര്‍മാനായിരിക്കെയാണ് സേവാദളിന് പേരും പെരുമയും കൈവന്നത്. വയലാര്‍ രവി കെ.പി.സി.സി പ്രസിഡന്റായിരിക്കെ പാര്‍ട്ടി ജന.സെക്രട്ടറിയായിരുന്ന മുരളീധരന്റെ കേരളാ പര്യടനത്തിനു പിന്നില്‍ ഉണ്ണിത്താനൊഴുക്കിയ വിയര്‍പ്പിനു കണക്കില്ലായിരുന്നു.
കെ.പി.സി.സി ജന. സെക്രട്ടറിയായിരുന്ന ഉണ്ണിത്താന് 2004ല്‍ കൊല്ലം ലോക്‌സഭാ സീറ്റ് നല്‍കാതിരുന്നതായിരുന്നു അന്നത്തെ പേയ്‌മെന്റ് വിവാദത്തിന് വഴിതെളിച്ചത്. എ ഗ്രൂപ്പുകാരനായിരുന്ന ശൂരനാട് രാജശേഖരന്‍ കൊല്ലം സീറ്റില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്ന് കരുണാകരനും ഐ ഗ്രൂപ്പിനുമെതിരേ പടപ്പുറപ്പാട് നടത്തിയ ഉണ്ണിത്താന്റെ വിവാദമായ വെളിപ്പെടുത്തലുകളായിരുന്നു അന്ന് യു.ഡി.എഫിനെ 20ല്‍ ഒരു സീറ്റിലൊതുക്കിയത്. തുടര്‍ന്ന് ഐ ഗ്രൂപ്പിന് അനഭിമതനായ ഉണ്ണിത്താന്‍ പിന്നെ പാര്‍ട്ടിയിലെ ഒഴുക്കിന് അനുസരിച്ചും പലപ്പോഴും എതിരേയും നീന്തി.
എം.എല്‍.എയും എം.പിയും മന്ത്രിയുമാവാന്‍ കഴിഞ്ഞില്ലെങ്കിലും സിനിമയില്‍ മുഖ്യമന്ത്രിയായും വില്ലനായും അഭിനയത്തില്‍ കഴിവു തെളിയിക്കാനും ഉണ്ണിത്താനായി. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം കോട്ടയായ തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണനെതിരേ മികച്ച പ്രകടനം കാഴ്ചവച്ച ഉണ്ണിത്താന്‍ മണ്ഡലത്തിലെ ഇടതുമുന്നണിയുടെ ഭൂരിപക്ഷം കുറച്ച് സി.പി.എമ്മിനെ ഞെട്ടിച്ചു.
കെ.പി.സി.സി വക്താവായി ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ പ്രതിരോധിക്കുകയും എതിരാളികളെ ആക്രമിക്കുകയും ചെയ്യാറുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ ഉണ്ണിത്താന്‍ പലപ്പോഴും പാര്‍ട്ടിയില്‍ തഴയപ്പെട്ടു. വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായപ്പോഴാണ് ഉണ്ണിത്താന് ശുക്രദശ തെളിഞ്ഞത്.
സുധീരന്‍ താല്‍പര്യമെടുത്താണ് ഉണ്ണിത്താനെ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചത്. കൂടാതെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജന്മസ്ഥലം ഉള്‍പ്പെടുന്ന കുണ്ടറ മണ്ഡലത്തില്‍ സീറ്റും ലഭിച്ചു. ജെ. മേഴ്‌സിക്കുട്ടിയമ്മ ജയിച്ചെങ്കിലും കുണ്ടറയില്‍ ഉശിരന്‍ പ്രകടനമായിരുന്നു ഉണ്ണിത്താന്റേത്.
കൊല്ലത്ത് കോണ്‍ഗ്രസിലെ പലരും ഉണ്ണിത്താന്റെ പാലം വലിച്ചതും തെരഞ്ഞെടുപ്പ് പരാജയത്തിന് ആക്കംകൂട്ടി.
സുധീരനെപ്പോലെ ഗ്രൂപ്പില്ലാത്ത മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി പ്രസിഡന്റായതോടെ ഉണ്ണിത്താന് വീണ്ടും പ്രാധാന്യം കൈവന്നു. മുല്ലപ്പള്ളിയുടെ ജനമഹായാത്രയില്‍ ആദ്യാവസാനം ഉണ്ണിത്താനുമുണ്ടായിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചാണ് ഉണ്ണിത്താന് കാസര്‍കോട്ട് സ്ഥാനാര്‍ഥിത്വം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."