പിഴയടക്കാന്‍ അവസാനനിമിഷത്തില്‍ മുകേഷ് അംബാനിയുടെ സഹായം; ജ്യേഷ്ഠന് നന്ദി പറഞ്ഞ് അനില്‍ അംബാനി
ന്യൂഡല്‍ഹി: സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സന് അനില്‍ അംബാനി 459 കോടി രൂപ പിഴയടച്ച് സുപ്രിംകോടതി ശിക്ഷാനടപടികളില്‍ നിന്ന് തടിയൂരി. കമ്പനിക്ക് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് നല്‍കാനുണ്ടായിരുന്ന തുകയാണ് സുപ്രിംകോടതി നിര്‍ദേശപ്രകാരം കൈമാറിയത്. എറിക്‌സണ്‍ ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ കേസില്‍, തുക തിരിച്ചടയ്ക്കാന്‍ അനില്‍ അംബാനിയുടെ കൈയില്‍ പണമില്ലെന്ന് അഭിഭാഷകന്‍ വഴി അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സഹോദരന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും അദ്ദേഹത്തെ സഹായിക്കുകയായിരുന്നു.
ടെലികോം മെയിന്റനന്‍സിനുള്ള തുക നാലാഴ്ചയ്ക്കകം നല്‍കണമെന്നും അല്ലാത്തപക്ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേയാണ് ഇന്നലെ രാവിലെ തുക കൈമാറിയത്.
ഇടപാടില്‍ ബാക്കിയുണ്ടായിരുന്ന തുകയും പലിശയുമാണ് ഇന്നലെ കൊടുത്തു തീര്‍ത്തത്. ഇതോടെ 18 മാസം നീണ്ട തര്‍ക്കത്തിനൊടുവില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനി ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു.
സോണി എറിക്‌സണ് നല്‍കാനുള്ള തുകയില്‍ 453 കോടി രൂപ നാലാഴ്ചക്കകം നല്‍കിയിട്ടില്ലെങ്കില്‍ മൂന്നുമാസം വരെ ജയിലില്‍ കിടക്കാന്‍ തയാറായിക്കൊള്ളൂവെന്ന് റോഹിങ്ടണ്‍ നരിമാന്‍, വിനീത് സരണ്‍ എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ രജിസ്ട്രിയില്‍ അടച്ചിട്ടുള്ള 118 കോടിക്ക് പുറമേയാണ് 458.77 കോടി നല്‍കേണ്ടത്. രജിസ്ട്രിയില്‍ അടച്ചിട്ടുള്ള 118 കോടി ഒരാഴ്ചക്കകം എറിക്‌സന് നല്‍കണമെന്നും ഉത്തരവുണ്ടായിരുന്നു.
അനില്‍ അംബാനിയെക്കൂടാതെ റിലയന്‍സ് ടെലികോം ലിമിറ്റഡ് ചെയര്‍മാന്‍ സതീഷ് സേത്ത്, റിലയന്‍സ് ഇന്‍ഫ്രാടെല്‍ ചെയര്‍മാന്‍ ചാഹായ വിരാനി എന്നിവരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച നിരുപാധിക മാപ്പപേക്ഷ കോടതി തള്ളുകയും മൂന്നു കമ്പനികളും ഓരോ കോടി വീതം സുപ്രിംകോടതി ലീഗല്‍ സര്‍വീസിന് പിഴ നല്‍കണമെന്ന് വിധിക്കുകയും ചെയ്തിരുന്നു. ഇതില്‍ വീഴ്ചവരുത്തിയാല്‍ മൂന്നു കമ്പനികളുടെയും ചെയര്‍മാന്‍മാര്‍ ഓരോ മാസത്തെ തടവുശിക്ഷ അനുഭവിക്കണം. സോണി എറിക്‌സന് നല്‍കാനുള്ള 550 കോടി നല്‍കണമെന്ന സുപ്രിംകോടതി വിധി പാലിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്തത്. പ്രതികള്‍ എറിക്‌സന് തുക നല്‍കുന്നതില്‍ മനഃപൂര്‍വം വീഴ്ചവരുത്തുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ സോണി എറിക്‌സന് നല്‍കാനുള്ള 550 കോടി കണ്ടെത്തുന്നതിനായി റിലയന്‍സിന്റെ 25,000 കോടി വരുന്ന സ്വത്തുക്കള്‍ വില്‍പനയ്ക്ക് വച്ചിരുന്നു. അനില്‍ അംബാനിയുടെ സഹോദരന്‍ മുകേഷ് അംബാനി നടത്തുന്ന റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ഈ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ചര്‍ച്ച നടത്തിയെങ്കിലും ബാധ്യതയേറെയുള്ള സ്വത്തായതിനാല്‍ ഏറ്റെടുത്തില്ല.
അനില്‍ അംബാനിയുടെ കമ്പനി സോണി എറിക്‌സന് 1500 കോടി രൂപയാണ് നല്‍കാനുള്ളത്. റിലയന്‍സിന്റെ രാജ്യത്താകമാനമുള്ള നെറ്റ് വര്‍ക്ക് ഓപ്പറേറ്റ് ചെയ്യുന്നതിന് 2014ല്‍ ഒപ്പിട്ട കരാര്‍ പ്രകാരമുള്ള തുകയായിരുന്നു അത്. തുക നല്‍കാത്തതിനെതിരേ എറിക്‌സണ്‍ ദേശീയ കമ്പനി നിയമ അപ്‌ലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചു. അതോറിറ്റി തുക നല്‍കണമെന്ന് വിധിക്കുകയും ചെയ്തു. ഇതിനെതിരേ റിലയന്‍സ് സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതി നിര്‍ദേശ പ്രകാരം ഇരുവരും ഒത്തുതീര്‍പ്പിലൂടെ തുക 550 കോടിയാക്കി കുറയ്ക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."