കൊവിഡ് ഉണ്ടായിരുന്നില്ല; കുഞ്ഞിന്റെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന്
മലപ്പുറം: മഞ്ചേരി പയ്യനാട്ടെ നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചത് കൊവിഡ് ബാധിച്ചല്ലെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. ന്യൂമോണിയയും ഹൃദയസംബന്ധമായ അസുഖവും ഉണ്ടായിരുന്ന കുഞ്ഞിനു വേണ്ടവിധം ചികിത്സ ലഭിച്ചില്ലെന്നും ഇതാണ് മരണകാരണമെന്നും മാതാപിതാക്കളായ മുഹമ്മദ് അഷ്‌റഫ്-ആഷിഫ എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഏപ്രില്‍ 21 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുഞ്ഞിനു കൊവിഡ് ബാധയെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത് 22നായിരുന്നു. 24നായിരുന്നു മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുട്ടിയെ അഡ്മിറ്റ് ചെയ്തതിനു ശേഷം മൂന്നു പ്രാവശ്യം സാംപിള്‍ ടെസ്റ്റുകള്‍ നടത്തിയിരുന്നു. ആദ്യ ടെസ്റ്റില്‍ കൊവിഡ് പോസിറ്റീവാണെന്നും പറഞ്ഞിരുന്നങ്കിലും പിന്നീടു നടത്തിയ പരിശോധനയിലും മരണ ശേഷം നടത്തിയ സാംപിള്‍ പരിശോധനയിലും നെഗറ്റീവായിരുന്നു. എവിടെനിന്നാണ് കുഞ്ഞിനു കൊവിഡ് ബാധിച്ചതെന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പിനു മറുപടിയില്ല. കുഞ്ഞിനെ പരിചരിച്ചവര്‍ക്കാര്‍ക്കും രോഗബാധ ഉണ്ടായിട്ടില്ല. യാതൊരു സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ മാതാവ് ഉള്‍പ്പെടെയുള്ളവര്‍ കുഞ്ഞിനൊപ്പം കഴിഞ്ഞിരുന്നത്. മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."