തരിശുനിലങ്ങളില്‍ കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ഇരുട്ടടി
ഷൊര്‍ണൂര്‍: തരിശുനിലങ്ങളില്‍ കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ ഇരുട്ടടി. തരിശുനിലങ്ങള്‍ കണ്ടെത്തി കൃഷിയിറക്കാന്‍ ഹെക്ടറിന് സര്‍ക്കാര്‍ നല്‍കിയിരുന്ന 25,000 രൂപയാണ് 11,250 രൂപയായി വെട്ടിക്കുറച്ചിരിക്കുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ ആയിരുന്നു ഇത്.
പാലക്കാട് ജില്ലയില്‍ നൂറുകണക്കിനു ഹെക്ടര്‍ സ്ഥലമാണ് ഇത്തരത്തില്‍ പലരും പാട്ടത്തിന് എടുത്തിരുന്നത്. ഇല്ലാത്ത പണമുണ്ടാക്കിയാണ് കാര്‍ഷിക വൃത്തി പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചത്. കര്‍ഷക കൂട്ടായ്മകള്‍, കുടുംബശ്രീ, സ്വയംസഹായ സംഘങ്ങള്‍ എന്നിവരും വ്യാപകമായി ഇത്തരത്തില്‍ സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് നെല്‍കൃഷി നടത്തിവന്നിരുന്നു.
തരിശുനിലങ്ങളില്‍ കൃഷിയിറക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതിനാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ സഹായം നല്‍കി തുടങ്ങിയത്.
എന്നാല്‍ സര്‍ക്കാര്‍ നെല്‍കര്‍ഷകരുടെ സഹായങ്ങള്‍ ഗണ്യമായി വെട്ടിക്കുറച്ചതോടെ പല കര്‍ഷകരും നെല്‍കൃഷിയില്‍ നിന്നും പിന്മാറി.
ഇതിനു പുറമേ നേന്ത്രവാഴ നശിച്ചാല്‍ വാഴ ഒന്നിന് നൂറുരൂപയെന്നത് 3.60 രൂപയായും തെങ്ങിന് 700 രൂപയെന്നത് 150 രൂപയായും റബറിന് 150 രൂപയില്‍ നിന്നും 12 രൂപ മാത്രമായും കമുകിന് മുന്നൂറു രൂപയില്‍നിന്നും 24 രൂപയുമായിട്ടാണ് വെട്ടിക്കുറച്ചിരിക്കുന്നത്.
സര്‍ക്കാരിനെ വിശ്വസിച്ച് വിളവിറക്കിയവര്‍ ഇനി എന്തുചെയ്യണമെന്നാലോചിച്ച് നക്ഷത്രമെണ്ണുകയാണ്.
അതേസമയം സര്‍ക്കാരിന് ബാധ്യതയാകാത്ത പദ്ധതിയായിരുന്നിട്ടു കൂടി മാതൃകാപരമായ ഈ കൃഷിരീതിയെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം ഇല്ലായ്മ ചെയ്യാനും കര്‍ഷകരെ ദ്രോഹിക്കാനുമാണ് പദ്ധതി അട്ടിമറിക്കുന്നതെന്ന് ആക്ഷേപം വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."