ഭാര്യയെ ഫോണിലൂടെ മൊഴി ചൊല്ലി ആത്മഹത്യ ചെയ്ത ഇന്ത്യക്കാരന്റെ മൃതദേഹം ഏഴു മാസത്തിനു ശേഷം നാട്ടിലെത്തിച്ചു
ജിദ്ദ: ഭാര്യയെ ഫോണിലൂടെ മൊഴി ചൊല്ലി ആത്മഹത്യ ചെയ്ത പ്രവാസി ഇന്ത്യക്കാരന്റെ മൃതദേഹം ഏഴു മാസത്തിനു ശേഷം നാട്ടിലെത്തിച്ചു. ഉത്തര്‍പ്രദേശ്, ജോണ്‍പൂര്‍ സ്വദേശി മുഹമ്മദ് സലീമിന്റെ (26) മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചത്. സഊദിയിലെത്തി ഒരു മാസത്തിനകം ആണ് സലീം ഭാര്യയെ മൊഴി ചൊല്ലിയത്. 2018 ഫെബ്രുവരിയിലാണ് സലീം വീട്ടു ഡ്രൈവറുടെ വിസയില്‍ ദമ്മാമില്‍ എത്തിയത്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് ഇയാള്‍ ഗള്‍ഫിലേക്ക് വരുന്നത്.
അടുത്ത ഗ്രാമത്തില്‍ നിന്നുള്ള ഇശ്റത് ബീഗമായിരുന്നു ഭാര്യ. എന്നാല്‍, വിവാഹം കഴിഞ്ഞ് രണ്ട് മാസമായപ്പോഴേക്കും ഇരുവീട്ടുകാര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയും പരസ്പരം വഴക്ക് നിത്യസംഭവമാവുകയും ചെയ്തുവത്രെ. ഇതിനിടയില്‍ നിന്നാണ് നേരത്തെ സഊദിയിലുണ്ടായിരുന്ന സലീം പുതിയ വിസയില്‍ ഇവിടേക്ക് എത്തിയത്. കുടുംബവഴക്ക് സലീമിനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ദീര്‍ഘനേരം ഭാര്യയുമായി ഫോണില്‍ വഴക്കിടുകയും ശേഷം മൊഴി ചൊല്ലിയതായി അറിയിച്ച് കെട്ടിത്തൂങ്ങുകയുമായിരുന്നു. എന്നാല്‍, മരണവിവരമറിഞ്ഞ സഹോദരനും ഉമ്മയും ഇയാള്‍ ആത്മഹത്യ ചെയ്തതാണന്ന് വിശ്വസിക്കാന്‍ ഒരുക്കമായിരുന്നില്ല. വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് എംബസിക്ക് പരാതി അയച്ചു അവര്‍. ഇയാള്‍ വിവാഹം കഴിച്ച കാര്യം എംബസിയെ മറച്ചു വെക്കുകയും ചെയ്തു. എന്നാല്‍ സ്പോണ്സര് നല്കിയ വിവരമനുസരിച്ച് ഇയാള്‍ വിവാഹം കഴിച്ചിരുന്നു എന്നറിഞ്ഞതോടെ മൃതദേഹം നാട്ടിലയക്കാന്‍ ഭാര്യയുടെ അനുമതി പത്രം വേണമെന്ന് എംബസി നിര്‍ബന്ധിച്ചുവെങ്കിലും ഭാര്യയെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറോ വിലാസമോ ബന്ധുക്കള്‍ നല്‍കാതെ വന്നതാണ് നടപടികള്‍ വൈകിപ്പിച്ചത്. തുടര്‍ന്ന് എംബസി ജീവനക്കാരനായ ഹരീഷ് ഇശ്റത്തുമായി ഫോണില്‍ സംസാരിച്ചപ്പോഴാണ് തന്റെ ഭര്‍ത്താവ് മാസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്ത വിവരം പോലും ഇവര്‍ അറിയുന്നത്.
തുടര്‍ന്ന് ഇവര്‍ സമ്മതപത്രം നല്‍കിയതോടെയാണ് മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാത്. ഏറെ സങ്കീര്‍ണമായ നിയമ പ്രശ്നങ്ങള്‍ക്ക് ഒടുവിലാണ് ഇന്ത്യന്‍ എംബസിയുടേയും മലയാളി സാമൂഹിക പ്രവര്‍ത്തകരുടേയും ശ്രമഫലമായി മൃതദേഹം കഴിഞ്ഞ ദിവസം ദമ്മാമില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ സാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."