കൊവിഡ് പ്രതിസന്ധി: കഴിഞ്ഞ മാസം ജോലി നഷ്ടപ്പെട്ടത് 12 കോടി ഇന്ത്യക്കാര്‍ക്ക്
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒരു മാസത്തിനിടെ 12.2 കോടി ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്കുകള്‍. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമിയുടെ കണക്കുകള്‍ പ്രകാരം ദൈനംദിന കൂലിത്തൊഴിലാളികളും ചെറുകിട ബിസിനസ്സുകളില്‍ ജോലി ചെയ്യുന്നവരെയുമാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത്. കച്ചവടക്കാര്‍, റോഡരികിലെ കച്ചവടക്കാര്‍, നിര്‍മ്മാണ വ്യവസായത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, ഹാന്‍ഡ്കാര്‍ട്ടുകളും റിക്ഷകളും തള്ളി ജീവിതം നയിക്കുന്ന പലരും ഇതില്‍ ഉള്‍പ്പെടുന്നു.ഏപ്രിലില്‍ 27 വിവിധ സംസ്ഥാനങ്ങളില്‍നിന്നുമായി 5,800 വീടുകളില്‍ സര്‍വേ നടത്തിയാണ് സി.എം,ഐ.ഇ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ദരിദ്രരായ പൗരന്മാരെ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്ത് 2014 ല്‍ അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം, ലോക്ക്ഡൗണില്‍ നിന്നുള്ള വീഴ്ചയ്ക്ക് കാര്യമായ രാഷ്ട്രീയ അപകടസാധ്യതയുണ്ട്. പുതുക്കിയ സാമ്പത്തിക പാക്കേജുകള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിന്നോട്ട് നയിക്കാന്‍ കാരണമാകും.
ഐക്യരാഷ്ട്രസഭയുടെ ഒരു സര്‍വ്വകലാശാലയുടെ പഠനത്തില്‍ 104 ദശലക്ഷം ഇന്ത്യക്കാര്‍ ലോകബാങ്ക് നിര്‍ണ്ണയിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയാകാന്‍ സാധ്യതയുണ്ടെന്ന് ഐ.പി.ഇ ഗ്ലോബല്‍ ഡയറക്ടര്‍ അശ്വജിത്ത് സിങ് ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഫലമായി ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ 60 ശതമാനത്തില്‍ നിന്ന 68 ശതമാനമായി ഉയരും. ഇത്തരമൊരു സാഹചര്യം രാജ്യം അഭിമുഖീകരിച്ചത് പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.
ലോക ബാങ്കിന്റെയും സി.എം.ഐ.ഇയുടെയും കണക്കുകള്‍ യഥാക്രമം ഏപ്രില്‍ അവസാനത്തിലും മെയ് തുടക്കത്തിലുമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അതിനുശേഷം സ്ഥിതിഗതികള്‍ ഭയാനകമായിത്തീര്‍ന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."