മിണ്ടാതെ വി.എസ്
തിരുവനന്തപുരം: മൂന്നാര്‍ വിഷയം വീണ്ടും ചൂടുപിടിക്കുമ്പോള്‍ ഒന്നും മിണ്ടാതെ വി.എസ്. അച്യുതാനന്ദന്‍. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സി.പി.ഐ തീരുമാനിക്കുമ്പോള്‍, അവയെല്ലാം സംരക്ഷിക്കാനാണ് സി.പി.എം തയാറാകുന്നത്. ഇതിന്റെ പേരില്‍ സി.പി.എം നേതാക്കള്‍ പരസ്യമായി സി.പി.ഐക്കെതിരേ രംഗത്തു വന്നുകഴിഞ്ഞു.
മന്ത്രി എം.എം. മണി, എസ്.രാജേന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെതിരേ പ്രതികരിച്ചു. സര്‍ക്കാര്‍ നയമാണ് നടപ്പാക്കുന്നതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറയുമ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ച മിനിമം പരിപാടി മാത്രം ചെയ്താല്‍ മതിയെന്നാണ് മന്ത്രി മണിയുടെ മുന്നറിയിപ്പ്.
കാര്യങ്ങള്‍ പഠിക്കാതെയാണ് റവന്യൂമന്ത്രി മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതെന്ന് എസ്.രാജേന്ദ്രനും പരസ്യമായി പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ ജനങ്ങള്‍ കൈകാര്യം ചെയ്താല്‍ ഉത്തരവാദികള്‍ തങ്ങള്‍ അല്ലെന്നും എം.എം. മണി പറയുന്നു. മന്ത്രിസഭയിലും, എല്‍.ഡി.എഫിലും തുറന്ന പോരിലേക്കു നീങ്ങുന്ന നേതാക്കളെ അനുനയിപ്പിക്കാനോ ശാസിക്കാനോ മുന്നണികള്‍ തയാറാകുന്നില്ല. എന്നാല്‍, കൈയേറ്റവും തര്‍ക്കങ്ങളുമെല്ലാം കാണുന്ന വി.എസ്. ഇതുവരെയും പ്രതികരിച്ചിട്ടില്ല.
കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി എടുത്ത വി.എസ്. ഒഴിപ്പിക്കല്‍ തകൃതിയായി നടക്കുന്നതിനിടയില്‍ ഉള്‍പാര്‍ട്ടി എതിര്‍പ്പും, സി.പി.ഐയുടെ തടസ വാദങ്ങളുമുണ്ടായി.
തുടര്‍ന്ന് മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ചു. വി.എസ് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പിടിച്ചെടുത്ത സര്‍ക്കാര്‍ ഭൂമിയടക്കം വീണ്ടും കൈയേറി റിസോര്‍ട്ടുകള്‍ പണിതു കഴിഞ്ഞു.
ഇത്തരം കൈയേറ്റങ്ങളാണ് ഇപ്പോള്‍ ഒഴിപ്പിക്കുന്നത്. ഇതിനെതിരേ സി.പി.എം പ്രാദേശിക നേതൃത്വം സി.പി.ഐയുമായി യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ വി.എസിന്റെ പ്രതികരണത്തിന് പ്രധാന്യമേറുകയാണ്. കൈയേറ്റത്തിന് അനുകൂലമായാണോ, പ്രതികൂലമായാണോ വി.എസ് പ്രതികരിക്കുന്നതെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."