പോര്‍ച്ചുഗലിന് കന്നി യൂറോ കിരീടം
പാരിസ്: ആതിഥേയരായ ഫ്രാന്‍സിനെ കീഴടക്കി യൂറോ കപ്പ് കിരീടം പോര്‍ച്ചുഗല്‍ സ്വന്തമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് പറങ്കിപ്പട ഒരു അന്താരാഷ്ട്ര ഫുട്ബോള്‍ കിരീടത്തില്‍ മുത്തമിടുന്നത്. ഫ്രാന്‍സിനെ മറുപടിയില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ യൂറോപ്പിന്റെ രാജാക്കന്മാരായത്. കളി നിശ്ചിതസമയത്ത് ഗോള്‍രഹിതമായപ്പോള്‍ അധികസമയത്ത് പകരക്കാരനായി ഇറങ്ങിയ എഡറാണ് 109ാം മിനുട്ടില്‍ പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയത്.
പയെറ്റിന്റെ ഫൗളില്‍ കാല്‍മുട്ടിനു പരുക്കേറ്റ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 24ാം മിനുട്ടില്‍ കളംവിട്ടെങ്കിലും അദ്ദേഹത്തെ സാക്ഷിയാക്കിയാണ് സഹതാരങ്ങള്‍ പോര്‍ച്ചുഗലിനു കിരീടം നേടിക്കൊടുത്തത്. കണ്ണീരുമായി മൈതാനംവിട്ട ക്രിസ്റ്റ്യാനോ പിന്നീട് കളത്തിനു പുറത്തുനിന്നു ടീമിനെ പ്രചോദിപ്പിക്കുന്നുണ്ടായിരുന്നു.
ഫ്രാന്‍സുമായി നേര്‍ക്കുനേര്‍ വന്ന അവസാന 10 മത്സരത്തിലും വിജയിക്കാന്‍ സാധിക്കാതിരുന്ന പോര്‍ച്ചുഗല്‍ ആ കുറവിനു കന്നി കിരീട നേട്ടത്തിലൂടെ പരിഹാരം കണ്ടു. സ്വന്തം മണ്ണില്‍ തോല്ക്കാത്തവരായ ഫ്രാന്‍സ് ആദ്യ തോല്‍വി വഴങ്ങിയത് കപ്പിനും ചുണ്ടിനുമിടയിലായി എന്നതും ചരിത്രത്തിന്റെ നിയോഗം.
2004ല്‍ യൂറോ കപ്പ് ഫൈനലിലെത്തിയതായിരുന്നു പോര്‍ച്ചുഗലിന്റെ ഇതിനു മുമ്പുള്ള വലിയ നേട്ടം. മൂന്നാമതു യൂറോകപ്പ് കിരീടം നേടാമെന്ന സ്വപ്നമാണ് ഫ്രഞ്ച് പടയ്ക്കു സ്വന്തംമണ്ണില്‍ നഷ്ടമായത്. 1984ലും 2000ലുമാണ് ഫ്രാന്‍സ് യൂറോയില്‍ കിരീടം നേടിയിട്ടുള്ളത്. ആറു ഗോളോടെ ഫ്രാന്‍സിനെ ഫൈനലിലെത്തിച്ച അന്റോണിയോ ഗ്രിസ്മാനാണ് ഗോള്‍ഡന്‍ ബൂട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."