സഖ്യചര്‍ച്ചകളെല്ലാം പൊളിഞ്ഞു; ദേശീയ രാഷ്ട്രീയത്തില്‍ ആര്‍ക്കും വേണ്ടാതെ ഇടതുകക്ഷികള്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയത്തില്‍ ആര്‍ക്കും വേണ്ടാതെ സി.പി.എം ഉള്‍പെടെയുള്ള ഇടതു പാര്‍ട്ടികള്‍. വിവിധ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം കോണ്‍ഗ്രസടക്കമുള്ള മതേതര പാര്‍ട്ടികളുമായി സഖ്യത്തിനു ശ്രമിച്ചെങ്കിലും ആരും കൂടെക്കൂട്ടിയില്ല.
കോണ്‍ഗ്രസുമായി സഖ്യം തീരുമാനിച്ച പശ്ചിമ ബംഗാളില്‍ സി.പി.എം വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച മുര്‍ഷിദാബാദ്, റായ്ഗഞ്ച് എന്നീ സീറ്റുകളില്‍ അവര്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ സഖ്യ തീരുമാനം രാഹുല്‍ഗാന്ധിയുടെ വിധിക്കു വിട്ടിരിക്കുകയാണ്. ബിഹാറില്‍ ആര്‍.ജെ.ഡിയുമായും മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായും സി.പി.ഐയും സി.പി.എമ്മും സഖ്യത്തിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇടതു പാര്‍ട്ടികള്‍ക്ക് സീറ്റ് നല്‍കാന്‍ രണ്ടു പാര്‍ട്ടികളും തയാറായില്ല. സി.പി.എമ്മിന് അല്‍പം ശക്തിയുള്ള രാജസ്ഥാനില്‍ കോണ്‍ഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്. സി.പി.എം ഒരു സീറ്റില്‍ തനിച്ചു മത്സരിച്ചേക്കും.
പശ്ചിമ ബംഗാള്‍ ഉള്‍പെടെ അഞ്ചു സംസ്ഥാനങ്ങളിലാണ് ഇടതു പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി നേരിട്ടും അല്ലാതെയും കൂട്ടുകെട്ടിനു താല്‍പര്യപ്പെടുന്നത്. ഒഡിഷയിലും തമിഴ്‌നാട്ടിലുമൊഴികെ ഒരിടത്തും ഇതു നടപ്പായിട്ടില്ല. ത്രിപുരയില്‍ ആകെയുള്ള രണ്ടു സീറ്റുകളിലും സി.പി.എം തനിച്ചു മത്സരിക്കുന്നു.
മഹാരാഷ്ട്രയില്‍ പാല്‍ഗര്‍, ദിന്‍ഡോറി സീറ്റുകളാണ് സി.പി.എം എന്‍.സി.പിയോട് ആവശ്യപ്പെട്ടത്. രണ്ടും കിട്ടിയില്ലെന്നു മാത്രമല്ല സംവരണ സീറ്റും സി.പി.എമ്മിന് അല്‍പമെങ്കിലും ശക്തിയുള്ളതുമായ ദിന്‍ഡോരിയില്‍ എന്‍.സി.പി ദന്‍രാജ് മഹാലെയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
ദിന്‍ഡോറിയില്‍ മഹാരാഷ്ട്രയിലെ ഏക സി.പി.എം എം.എല്‍.എ ജിവ പന്തു ഗാവിതിനെ മത്സരിപ്പിക്കാനായിരുന്നു പാര്‍ട്ടിക്കു താല്‍പര്യം. തങ്ങള്‍ അവകാശവാദമുന്നയിച്ചിട്ടും തങ്ങളോട് ഒന്നു ചോദിക്കുക പോലും ചെയ്യാതെയാണ് എന്‍.സി.പി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതെന്നാണ് ഗാവിതിന്റെ പരാതി. ദിന്‍ഡോറിയില്‍ ഗാവിതിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് നേരത്തെ തന്നെ സി.പി.എം ജില്ലാ കമ്മറ്റി പ്രമേയം പാസാക്കിയിരുന്നു.
2009ലെ തെരഞ്ഞെടുപ്പില്‍ ഗാവിത് മത്സരിച്ചപ്പോള്‍ 1.05 ലക്ഷം വോട്ടായിരുന്നു നേടിയത്. 15 ശതമാനം. അന്ന് എന്‍.സി.പിയുടെ സ്ഥാനാര്‍ഥി 37,347 വോട്ടിനു തോറ്റു. ഇതു ചൂണ്ടിക്കാട്ടിയാണ് സീറ്റു ചോദിച്ചത്. എന്നാല്‍ 2014ല്‍ മത്സരിച്ച ഹേമന്ദ് വഗേറെയ്ക്ക് ഏഴു ശതമാനം വോട്ടു മാത്രമേ നേടാനായുള്ളൂ. ഇപ്പോഴൊന്നും ചോദിക്കേണ്ടെന്നും വേണമെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വല്ലതും തരാമെന്നുമാണ് ശരത് പവാര്‍ പറഞ്ഞത്.
ബിഹാറില്‍ ഉജിയാപൂര്‍ മണ്ഡലം സി.പി.എമ്മിനു മത്സരിക്കാന്‍ സീതാറാം യെച്ചൂരി ലാലുപ്രസാദ് യാദവിനോട് ആവശ്യപ്പെട്ടിരുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ രാംദേവ് വര്‍മ ആറു ശതമാനം മാത്രം വോട്ടുകള്‍ നേടി നാലാംസ്ഥാനത്തായിപ്പോയ മണ്ഡലം. ബി.ജെ.പി ജയിച്ച മണ്ഡലത്തില്‍ ആര്‍.ജെ.ഡി രണ്ടാംസ്ഥാനത്താണ്. എന്നാല്‍ ഉജിയാപൂര്‍ ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍.എല്‍.എസ്.പിക്കു കൊടുത്തെന്നും അവരോട് വിട്ടുതരുമോയെന്ന ചോദിക്കാനുമാണ് ലാലു പറഞ്ഞത്. യെച്ചൂരി കുശ്‌വാഹയുമായി സംസാരിച്ചെങ്കിലും സീറ്റ് കിട്ടിയില്ല.
ബിഹാറില്‍ സി.പി.എമ്മിനെക്കാള്‍ ശക്തിയുള്ള പാര്‍ട്ടിയാണ് സി.പി.ഐ. അവര്‍ക്കു കാര്യമായി സ്വാധീനമുളള ബേഗുസരായിയില്‍ യുവനേതാവ് കനയ്യ കുമാറിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ താല്‍പര്യം. ഇതു കൂടാതെ അഞ്ചു സീറ്റുകള്‍ കൂടി സി.പി.ഐ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു സീറ്റുപോലും നല്‍കാന്‍ ആര്‍.ജെ.ഡി തയാറായിട്ടില്ല. ബേഗുസരായിയിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലാണ് സി.പി.ഐക്കു സ്വാധീനമുള്ളത്. 4,28,227 വോട്ടു നേടി ബി.ജെ.പിയുടെ ബോലാ സിങ്ങാണ് 2014ല്‍ ബേഗുസരായിയില്‍ ജയിച്ചത്. ആര്‍.ജെ.ഡിയുടെ തന്‍വീര്‍ ഹുസൈന്‍ 3,69,892 വോട്ടു നേടി. മൂന്നാം സ്ഥാനത്തുളള സി.പി.ഐയുടെ രാജേന്ദ്രപ്രസാദ് സിങ്ങിന്റെ വോട്ട് 1,92,639 ആയിരുന്നു. ഭൂമിഹാര്‍ ജാതിക്കാരനായ കനയ്യയുടെ ജാതി വോട്ടും സഖ്യവും കൂടി ചേരുമ്പോള്‍ ജയിക്കാനാവുമെന്നാണ് സി.പി.ഐ വാദിക്കുന്നത്. എന്നാല്‍ കനയ്യയെ നേതാവാക്കാന്‍ ആര്‍.ജെ.ഡിക്കു താല്‍പര്യമില്ല.
ബേഗുസരായ് കൂടാതെ കഗാരിയ, മോത്തിഹാരി, മധുബാനി, ബാങ്ക, ഗയ എന്നിവിടങ്ങളില്‍ മത്സരിക്കാനാണ് സി.പി.ഐക്കു താല്‍പര്യം.
തമിഴ്‌നാട്ടില്‍ മധുരയും കോയമ്പത്തൂരും സി.പി.എമ്മിനു ഡി.എം.കെ നല്‍കിയിട്ടുണ്ട്. സി.പി.ഐക്ക് നാഗപട്ടണവും തിരുപ്പൂരും. വിജയസാധ്യതയുണ്ടെങ്കിലും നാലിടത്തും ബി.ജെ.പി ശക്തരാണ്. പി.എം.കെയും ഡി.എം.ഡി.കെയും ഉള്‍പെട്ട അണ്ണാ ഡി.എം.കെയുടെ മുന്നണിയിലാണ് ബി.ജെ.പിയുള്ളത്.
പശ്ചിമ ബംഗാളിലെ ആകെയുള്ള 42ല്‍ 25 സീറ്റിലേക്ക് ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ആദ്യ മൂന്നു ഘട്ടങ്ങളില്‍ വോട്ടെടുപ്പുള്ള 10 സീറ്റ് ഉള്‍പ്പെടെ 11 എണ്ണത്തിലേക്ക് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയും തയാറാണ്. ഇതില്‍ സി.പി.എം സിറ്റിങ് സീറ്റുകളായ റായ്ഗഞ്ചും മൂര്‍ഷിദാബാദും ഉള്‍പെടും. അതോടെ നേരത്തെയുണ്ടാക്കിയ ധാരണ പൊളിഞ്ഞ മട്ടാണ്.
റായ്ഗഞ്ചില്‍ സി.പി.എം സ്ഥാനാര്‍ഥിയായ സിറ്റിങ് എം.പി മുഹമ്മദ് സലീമിനോടു കഴിഞ്ഞ തവണ 1634 വോട്ടിനു പരാജയപ്പെട്ട ദീപാ ദാസ് മുന്‍ഷിയാണ് കോണ്‍ഗ്രസിന്റെ പട്ടികയിലുള്ളത്. മൂര്‍ഷിദാബാദില്‍ അഞ്ചു തവണ എം.എല്‍.എയായിരുന്ന അബു ഹേനയാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് രാഹുല്‍ ഗാന്ധിയുടെ അനുമതി കൂടി കിട്ടിയാല്‍ സി.പി.എം-കോണ്‍ഗ്രസ് സഖ്യം പൂര്‍ണമായും ഇല്ലാതാകും.
സി.പി.എമ്മിന്റെ രണ്ടു സിറ്റിങ് സീറ്റുകളും തങ്ങള്‍ക്കു വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു നല്‍കാന്‍ സി.പിഎം തയ്യാറായില്ല. ഇതിനിടെയാണ് സി.പി.എം ഈ സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇനി രാഹുല്‍ മുന്‍കൈയെടുത്താല്‍ മാത്രമേ സഖ്യമുണ്ടാകുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."