മൂന്നാറില്‍ പൊലിസിന്റെ വീഴ്ച: ജില്ലാ കലക്ടര്‍ നേരിട്ട് അന്വേഷിക്കും
തൊടുപുഴ: മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ടു പൊലിസിനു വീഴ്ച പറ്റിയിട്ടില്ലെന്ന ജില്ലാ പൊലിസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെ ജില്ലാ കലക്ടര്‍ സംഭവത്തെ കുറിച്ച് നേരിട്ട് അന്വേഷിക്കാന്‍ തീരുമാനിച്ചു. സബ് കലക്ടര്‍ ശ്രീറാം വെങ്കട്ടരാമന്‍ ദേവികുളത്ത് സി.പി.എം പ്രവര്‍ത്തകര്‍ കൈയേറിയ സ്ഥലത്തെ കുടിലു പൊളിക്കാന്‍ വന്നതാണ് അവസാനം ഉയര്‍ന്ന പ്രശ്‌നം. എന്നാല്‍ ഇതിനുമുമ്പു തന്നെ മൂന്നാറിലെ കൈയേറ്റത്തെ സ്പര്‍ശിക്കാന്‍പോലും അനുവദിക്കില്ലെന്ന വാശിയിലായിരുന്നു സി.പി.എം പ്രാദേശികഘടകം. മന്ത്രി എം.എം.മണിയും എസ്. രാജേന്ദ്രന്‍ എം.എല്‍.എയും പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കാനും ദ്രോഹിക്കാനുമുള്ള നീക്കമാണെന്ന പ്രചാരണം പരമാവധി നല്‍കിയിരുന്നു. എന്നാല്‍ ഭൂമി കൈയേറിയ റിസോര്‍ട്ടുകളെ തൊട്ടുകളിച്ചപ്പോള്‍ മുതല്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കു സംരക്ഷണം നല്‍കുന്നതില്‍ പൊലിസ് വീഴ്ച വരുത്തിയെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. റവന്യു ജീവനക്കാരെ മര്‍ദിച്ചപ്പോഴും സബ് കലക്ടറെ അസഭ്യം പറയുമ്പോഴും നിശബ്ദരായി പൊലിസ് നില്‍ക്കുകയായിരുന്നു. കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളെ സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കും. ജില്ലാ കലക്ടര്‍ സ്വതന്ത്രമായി അന്വേഷണം നടത്തിയായിരിക്കും റിപ്പോര്‍ട്ട് നല്‍കുക. ആവശ്യമെങ്കില്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പൊലിസുദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിക്കും.
കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ദേവികുളത്തുണ്ടായ സംഭവത്തില്‍ പൊലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നു കാണിച്ച് ഇടുക്കി ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാല്‍ ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വതന്ത്രമായതും മിനിസ്റ്റീരിയില്‍ തലത്തിലുമുള്ള അന്വേഷണം നടത്താന്‍ കലക്ടര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇരു ഭാഗത്തമുള്ളവരുടെ വാദങ്ങള്‍ ജില്ലാ കലക്ടര്‍ കേള്‍ക്കും. ദേവികുളം സബ്കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ രണ്ടും പരിഗണിച്ചായിരിക്കും ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്ന് ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുല്‍ പറഞ്ഞു. പൊലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കലക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇതേ സമയം മൂന്നാറിലെയും ദേവികുളത്തെയും കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും പ്രതിഷേധം ഭയന്ന് പിന്മാറില്ലെന്നും ദേവികുളം സബ്കളക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ പറയുന്നു. മൂന്നാറില്‍ ഒരുവിധ കൈയേറ്റവും അനുവദിക്കില്ല. ഒരാള്‍ മാത്രം വിചാരിച്ചാല്‍ കൈയേറ്റം അവസാനിപ്പിക്കാനാവില്ല. കൂട്ടായ ശ്രമമാണ് ആവശ്യം. ദേവികുളത്ത് കൈയേറ്റം തടയാനെത്തിയവരെ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയും ചെയ്തിട്ടും പൊലിസ് നിഷ്‌ക്രിയരായി നിന്നു. ദേവികുളത്ത് സര്‍ക്കാര്‍ ഭൂമിയിലെ ഷെഡ് പൊളിച്ചത് ചെറിയൊരു സംഭവമാണ്. ഭൂസംരക്ഷണ സേന മുമ്പും കൈയേറ്റം ഒഴിപ്പിച്ചിട്ടുണ്ട്. അന്നൊന്നും കൈയേറ്റ ശ്രമം ഉണ്ടായിട്ടില്ല. തനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച ഷെഡ് പൊളിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍, റവന്യൂ സംഘത്തിനെതിരെ സംഘടിത നീക്കം പ്രതീക്ഷിച്ചില്ല. അതുകൊണ്ടാണ് മുന്‍കൂട്ടി പൊലിസ് സംരക്ഷണം തേടാതിരുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."