സ്‌പോണ്‍സറുടെ കുടിലത; ദുരിതത്തിലായ മലയാളികളടക്കമുള്ള ഒന്‍പതു ഇന്ത്യക്കാര്‍ നാടണഞ്ഞു
ജിദ്ദ: സ്‌പോണ്‍സറുടെ കുടിലത കാരണം ജോലിയോ ശമ്പളമോ ഇല്ലാതെ ദുരിതത്തിലായ മലയാളികളടക്കമുള്ള ഒന്‍പത് ഇന്ത്യക്കാര്‍ സാമൂഹിക പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെ നാട്ടിലെത്തി. റിയാദിലെ ഒരു കോഫി ഷോപ്പിലെ ഇന്ത്യക്കാരായ ഒന്‍പത് ജീവനക്കാരാണ് ദുരിതമനുഭവിച്ചത്.
സഊദി പൗരന്മാര്‍ സ്ഥിരമായി ഹുക്ക വലിക്കാനും മറ്റുംഎത്തുന്ന സ്ഥാപനത്തിന്റ മാനേജരായ മലയാളിയും സ്‌പോണ്‍സറുംതമ്മില്‍ ചില സാമ്പത്തിക വിഷയങ്ങളില്‍ തര്‍ക്കമുണ്ടാവുകയും സ്‌പോണ്‍സറുടെ പരാതിയില്‍ മാനേജരെ അറസ്റ്റ് ചെയ്ത് റിയാദിലെ മലാസ് ജയിലിലാക്കുകയുമായിരുന്നു. ഇതോടെ ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കു ശമ്പളം ലഭിക്കാതെയായി.
ഇവരുടെ ഇഖാമ തീര്‍ന്നെങ്കിലും അത് പുതുക്കി നല്‍കാന്‍ സ്‌പോണ്‍സര്‍ തയാറായില്ല.ഇതോടെ എട്ടു മാസമായി ശമ്പളവും ഭക്ഷണവും ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവിതം നരകതുല്യമായപ്പോള്‍ ഇവര്‍ സഹായം തേടി ഇന്ത്യന്‍ എംബസിയിലെത്തി.
ഇവരുടെ പരാതി സ്വീകരിച്ച എംബസി ഉദ്യോഗസ്ഥര്‍ സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് പരിഹാരത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാനും സഹായങ്ങള്‍ നല്‍കാനും എംബസി ചുമതലപ്പെടുത്തിയതനുസരിച്ച് ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡന്റ് അയ്യൂബ് കരൂപ്പടന്ന ഇടപെടുകയും സംഘടനയുടെ മുഖ്യ ഉപദേഷ്ടാവ് ജയന്‍ കൊടുങ്ങല്ലൂരുമായി ബന്ധപ്പെട്ട് തൊഴിലാളികളില്‍ നിന്ന് വിവരം ശേഖരിക്കുകയും ചെയ്തു. എന്നാല്‍ സ്‌പോണ്‍സര്‍ വഴങ്ങാതെ വന്നതോടെ നിയമ നടപടി സ്വീകരിക്കുകയും ഇന്ത്യന്‍ എംബസിയുടെയും അസീസിയ പൊലിസിന്റെയും സഹായത്തോടെ ലേബര്‍ കോടതിയിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയും ചെയ്തു.
ലേബര്‍ കോടതി കടുത്ത നടപടികള്‍ സ്വീകരിച്ചതോടെ സ്‌പോണ്‍സര്‍ ഒത്തുതീര്‍പ്പിനു തയാറാവുകയും ജോലി ചെയ്ത നാളുകളിലെ ശമ്പളവും എല്ലാ തൊഴിലാളികള്‍ക്കും ഫൈനല്‍ എക്‌സിറ്റും നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."