തരൂരും കുമ്മനവും തമ്മില്‍ 'പോസ്റ്റര്‍ പോര്'
തിരുവനന്തപുരം: തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരും ബി.ജെ.പി സ്ഥാനാര്‍ഥിയായി വരുന്ന കുമ്മനം രാജശേഖരനും തമ്മില്‍ പോസ്റ്ററിന്റെ പേരില്‍ കനത്ത പോര്. 'വൈ ഐ ആം എ ഹിന്ദു' എന്ന തരൂരിന്റെ പുസ്തകത്തിന്റെ കവര്‍ പോസ്റ്ററില്‍ വച്ചതിനെതിരേ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി ശശി തരൂര്‍ രംഗത്തെത്തി.
തന്റെ സ്വകാര്യ സ്വത്തായ പുസ്തകത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാന്‍ ബി.ജെ.പിക്ക് എന്താണ് അവകാശമെന്നാണ് തരൂരിന്റെ ചോദ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി തരൂര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് മറു പരാതി നല്‍കി. ശബരിമലയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കുമ്മനം രാജശേഖരന്റെ പോസ്റ്ററില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചിത്രം വച്ചതിനെതിരേയും തരൂര്‍ രംഗത്തെത്തി. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടംവച്ച് കുമ്മനത്തിന് പോസ്റ്ററടിക്കാന്‍ എന്ത് അധികാരമെന്നും തരൂര്‍ ചോദിച്ചു. ഈ കാര്യവും തെരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ശബരിമലയ്ക്കുവേണ്ടിയും വിശ്വാസികള്‍ക്കുവേണ്ടിയും ബി.ജെ.പി ഒന്നും ചെയ്തിട്ടില്ല. റിവ്യൂ പെറ്റിഷന്‍ നല്‍കാനോ, ഒരു നിയമം കൊണ്ടു വരാനോ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിട്ടുമില്ലെന്നും തരൂര്‍ പറഞ്ഞു.
30 വര്‍ഷം മുന്‍പ് ഞാനെഴുതിയ ഒരു പുസ്തകത്തിന്റെ ചില വരികളെടുത്ത് നായര്‍ സ്ത്രീകളെ അപമാനിച്ചുവെന്ന് പ്രചരിപ്പിക്കുകയാണ് ബി.ജെ.പി. വാസ്തവവുമായി ബന്ധമില്ലാത്ത കാര്യം പ്രചരിപ്പിക്കാന്‍ ബി.ജെ.പിക്ക് നാണമില്ലേ എന്നും തരൂര്‍ ചോദിച്ചു. ആ പുസ്തകം തന്റെ സ്വകാര്യ സ്വത്താണ്. ഞാനൊരു എഴുത്തുകാരനാണെന്ന കാര്യം പ്രചരിപ്പിക്കാന്‍ വേണ്ടി തിരുവനന്തപുരം ഡി.സി.സി ഇറക്കിയ പോസ്റ്ററാണത്. അതിന്റെ പേരിലാണ് ബി.ജെ.പി പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിന് മറുപടിയുമായി കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടംവച്ച് പോസ്റ്ററടിച്ചത് താനല്ല, വോട്ട് ചോദിച്ചല്ല അത്തരം ഒരു പോസ്റ്റര്‍ ഇറക്കിയത്.
ശശി തരൂരിന്റെ 'വൈ ഐ ആം എ ഹിന്ദു' എന്ന പുസ്തകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നേരത്തേ പറഞ്ഞിരുന്നു. പരിശോധിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."