മുസ്‌ലിം വോട്ടിന്റെ രാഷ്ട്രീയവും സാധ്യതകളും
#ഇഖ്ബാല്‍ വാവാട്
8826504604
രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അര്‍ഹമായ പ്രാതിനിധ്യവും സ്വാധീനവും ഇതുവരെ കിട്ടിയിട്ടില്ല. ബി.ജെ.പിയടക്കം എല്ലാ പാര്‍ട്ടികള്‍ക്കും മുസ്‌ലിം വോട്ടുകള്‍ വേണം. അതിനു പകരം അനിവാര്യമായ പരിഗണന നല്‍കാന്‍ അവര്‍ തയാറല്ല.
ബിഹാര്‍, ഉത്തര്‍പ്രദേശ്, അസം, ജാര്‍ഖണ്ഡ്, കേരളം, കര്‍ണാടക, ജമ്മു കശ്മിര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ മൊത്തം ജനസംഖ്യയുടെ 14 ശതമാനത്തിലധികം മുസ്‌ലിംകളുണ്ട്. ഏഴു മുതല്‍ 14 ശതമാനംവരെ മുസ്‌ലിം ജനസംഖ്യയുള്ള 10 സംസ്ഥാനങ്ങള്‍ വേറെയുമുണ്ട്. ഈ സംസ്ഥാനങ്ങളില്‍ പോലും കടുത്ത അവഗണനയാണു മുസ്‌ലിംകള്‍ നേരിടുന്നത്. ഇതു ഗൗരവത്തോടെ കാണേണ്ട കാര്യമാണ്.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും മുസ്‌ലിം വോട്ടുകള്‍ വളരെ നിര്‍ണായകമാണ്. 2014 ല്‍ 8 ശതമാനം മുസ്‌ലിംകള്‍ ബി.ജെ.പിക്കു വോട്ട് ചെയ്തുവെന്ന സി.എസ്.ടി.എസ് കണക്കുകള്‍ പരിഗണിച്ചാല്‍പ്പോലും ബി.ജെ.പി വിരുദ്ധ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നതാണു മുസ്‌ലിംകളുടെ ആഗ്രഹമെന്നതു പ്രകടമാണ്. ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം പശുക്കളുടെ പേരില്‍ നടന്ന ആള്‍ക്കൂട്ടക്കൊലകളും മുസ്‌ലിംകള്‍ക്കെതിരേ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളും അതില്‍നിന്നുളവായ ഭീതിയും മുസ്‌ലിം വോട്ടുകളുടെ രാഷ്ട്രീയം കൃത്യമായി വരച്ചു കാണിക്കുന്നുണ്ട്.
സ്വാതന്ത്ര്യാനന്തര കാലം മുതല്‍ മുസ്‌ലിം വോട്ടുകളുടെ പ്രധാന പ്രയോക്താക്കള്‍ കോണ്‍ഗ്രസായിരുന്നു. ബാബരി മസ്ജിദ് ധ്വംസനാനന്തരം അതിനു തിരിച്ചടി നേരിട്ടു. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വസമീപനമായിരുന്നു അതിനു കാരണം. കോണ്‍ഗ്രസിനു നഷ്ടപ്പെട്ടത് പ്രാദേശികപാര്‍ട്ടികള്‍ക്കു നേട്ടമായി. എന്നാല്‍, ഇപ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിംവോട്ടില്‍ മൂന്നിലൊന്ന് കോണ്‍ഗ്രസും സഖ്യകക്ഷികളും നേടുന്നുണ്ടെന്നാണു കണക്ക്.
കേരളത്തിലെ മുസ്‌ലിം വോട്ടുകളുടെ പ്രധാന വിഹിതം ലഭിക്കുന്ന മുസ്‌ലിംലീഗ് കോണ്‍ഗ്രസ് സഖ്യകക്ഷിയായതിനാല്‍ യു.ഡി.എഫിനാണു മുസ്‌ലിം വോട്ടുകളുടെ പ്രയോജനം ലഭിക്കുന്നത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 63 ശതമാനം മുസ്‌ലിംകളും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 58 ശതമാനം മുസ്‌ലിംകളും യു.ഡി.എഫിനു വോട്ട് ചെയ്തുവെന്നാണു ലോക്‌നീതിസി.എസ്.ഡി.എസ് സര്‍വേ വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനായിരിക്കും മുസ്‌ലിം പിന്തുണ. അതല്ലാത്ത സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളെയാണു മുസ്‌ലിം മനസ് കൂടുതല്‍ വിശ്വാസത്തിലെടുക്കുന്നതെന്നാണു കണക്കുകള്‍. അനിവാര്യഘട്ടത്തില്‍ മാത്രമേ മുസ്‌ലിംകള്‍ തങ്ങളെ വിശ്വാസത്തിലെടുക്കുന്നുള്ളൂവെന്നത് കോണ്‍ഗ്രസ് വിശദമായ പരിശോധനയ്ക്കു വിഷയമാക്കേണ്ട കാര്യമാണ്. മുസ്‌ലിംകളുമായി നേരിട്ടു സംവദിക്കുന്ന നേതാക്കളുടെ അഭാവം കോണ്‍ഗ്രസിലുണ്ടെന്നതാണ് ഇതിനു കാരണം. കേരളത്തിലുള്‍പ്പെടെ അതുണ്ട്.
ഇന്ത്യയിലെ പ്രധാന മുസ്‌ലിം പാര്‍ട്ടികള്‍ കേരളത്തില്‍ ശക്തമായ വേരോട്ടമുള്ള മുസ്‌ലിംലീഗും അസദുദ്ദീന്‍ ഉവൈസി നയിക്കുന്ന തെലങ്കാനയിലെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും (എ.ഐ.എം.ഐ.എം) ബദറുദ്ദീന്‍ അജ്മല്‍ നയിക്കുന്ന അസമിലെ ആള്‍ ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടും (എ.ഐ.യു.ഡി.എഫ്) ആണ്. ഈ മൂന്നു സംസ്ഥാനങ്ങളിലും മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും ഈ മുസ്‌ലിം പാര്‍ട്ടികള്‍ക്കാണു വോട്ട് ചെയ്യുന്നതെന്നാണു കണക്ക്. മുസ്‌ലിം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും മുസ്‌ലിംകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും ഈ പാര്‍ട്ടികള്‍ക്കു കഴിയുമെന്ന വിശ്വാസം നിലനില്‍ക്കുന്നുവെന്ന് ഇതില്‍ നിന്നു മനസിലാക്കാം.
2014 ല്‍ അസമില്‍ 34 ശതമാനം മുസ്‌ലിംകള്‍ കോണ്‍ഗ്രസിനു വോട്ട്‌ചെയ്തപ്പോള്‍ 39 ശതമാനം പേര്‍ എ.ഐ.യു.ഡി.എഫിനെ പിന്തുണച്ചു. ഇതില്‍ത്തന്നെ ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളാണ് ബദറുദ്ദീന്‍ അജ്മലിന്റെ വോട്ട് ബാങ്ക്. അസമീസ് സംസാരിക്കുന്നവര്‍ കോണ്‍ഗ്രസിനെയാണു പിന്തുണയ്ക്കുന്നത്. കോണ്‍ഗ്രസ് ഒന്‍പതു തവണ തുടര്‍ച്ചയായി ജയിച്ച മണ്ഡലമായ ദുബ്രി 2009 ല്‍ ബദറുദ്ദീന്‍ അജ്മല്‍ പിടിച്ചെടുത്തപ്പോള്‍ നാലു തവണ തുടര്‍ച്ചയായി വിജയിച്ച കരിംഗഞ്ച് രാധേശ്യം ബിശ്വാസിലൂടെയും ബാര്‍പേട്ട സിറാജുദ്ദീന്‍ അജ്മലിലൂടെയും എ.ഐ.യു.ഡി.എഫ് 2014 ല്‍ പിടിച്ചെടുത്തു. മാത്രമല്ല, ഈ രണ്ടിടത്തും കോണ്‍ഗ്രസ് ബി.ജെ.പിക്കു പിന്നില്‍ മൂന്നാമതാവുകയും ചെയ്തു.
2009 ല്‍ അസമില്‍ ഒരു ലോക്‌സഭാ സീറ്റ് വിജയിച്ച എ.ഐ.യു.ഡി.എഫ് 2014 അതു മൂന്നാക്കി ഉയര്‍ത്തിയിരുന്നു. പക്ഷേ, 2011 നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ 18 സീറ്റ് 2016 ല്‍ 13 ആയി കുറഞ്ഞു. എങ്കിലും വോട്ടിങ് ശതമാനത്തില്‍ കുറവുണ്ടായിട്ടില്ലെന്നത് അവരുടെ സ്വാധീനം പ്രകടമാക്കുന്നു. നിര്‍ഭാഗ്യവശാല്‍ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കു സംവരണമേര്‍പ്പെടുത്താനുള്ള ശ്രമത്തെ എതിര്‍ക്കാന്‍ എ.ഐ.യു.ഡി.എഫ് തയാറായില്ല. അതുകൊണ്ടു തന്നെ ദേശീയ മുസ്‌ലിം രാഷ്ട്രീയത്തില്‍ ഇനിയും ഏറെ മുന്നോട്ടുപോവേണ്ടതുണ്ട് 2005 ല്‍ രൂപീകൃതമായ ഈ പാര്‍ട്ടി. മുസ്‌ലിംകളുടെ ക്ഷേമം ലക്ഷ്യമിടുമ്പോഴും നയപരമായ കാര്യങ്ങളില്‍ വ്യക്തതയില്ലാത്തതും ഉറച്ച നിലപാടെടുക്കാന്‍ ഭയപ്പെടുന്നതുമാണ് ഈ പാര്‍ട്ടിയുടെ ദൗര്‍ബല്യം.
ബി.ജെ.പി ശക്തിപ്രാപിക്കുകയും ഭരണം പിടിക്കുകയും ചെയ്ത അസമില്‍ എ.ഐ.യു.ഡി.എഫ് -കോണ്‍ഗ്രസ് സഖ്യം വന്നാല്‍ മാത്രമേ ബി.ജെ.പിയെ പ്രതിരോധിക്കാനാകൂ. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 29 ശതമാനവും എന്‍.ഡി.എ 41 ശതമാനവും വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസ് മുപ്പത്തൊന്നും എ.ഐ.യു.ഡി.എഫ് പതിമൂന്നും ശതമാനം വോട്ട് നേടിയിരുന്നു. ഇരു പാര്‍ട്ടികള്‍ക്കും കൂടി 44 ശതമാനം വോട്ട് ലഭിച്ചിട്ടും അവ ഭിന്നിച്ചത് തിരിച്ചടിയായി.
എം.ഐ.എം ശക്തി കേന്ദ്രമായ ഹൈദരാബാദിലും ദുര്‍ബലമാണ് കോണ്‍ഗ്രസ്. 2014 ല്‍ ഉവൈസി ആറു ലക്ഷത്തിലധികം വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് വെറും 49,310 വോട്ടാണ്. 2004 ല്‍ 2,49,516 വോട്ട് നേടിയ കോണ്‍ഗ്രസ് 2009 ല്‍ 93,917 ലേയ്ക്കു ചുരുങ്ങുകയും ഇപ്പോള്‍ അരലക്ഷത്തിലെത്തി നില്‍ക്കുകയും ചെയ്യുന്നു. തെലങ്കാനയിലെ ഇതരപ്രദേശങ്ങളില്‍ ടി.ആര്‍.എസിനാണു മുസ്‌ലിംകള്‍ക്കിടയില്‍ ഇപ്പോള്‍ സ്വാധീനമുള്ളത്.
കോണ്‍ഗ്രസിനു പുറമെ മുസ്‌ലിം വോട്ടുകളുടെ പ്രയോജനം ലഭിക്കുന്ന പ്രധാന പാര്‍ട്ടികള്‍ ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടിയും ബിഹാറിലെ ആര്‍.ജെ.ഡിയും ജെ.ഡി.യുവും ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയും ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസും ബംഗാളിലെയും കേരളത്തിലെയും ഇടതുപക്ഷവുമാണ്. കശ്മിരിലെ പി.ഡി.പി, നാഷനല്‍ കോണ്‍ഫറന്‍സ് എന്നിവയെയും കണക്കിലെടുക്കാം. 2014 ല്‍ യു.പിയില്‍ 58 ശതമാനം മുസ്‌ലിംകള്‍ എസ്.പിക്കും 18 ശതമാനം ബി.എസ്.പിക്കും 12 ശതമാനം കോണ്‍ഗ്രസ്, ആര്‍.എല്‍.ഡി സഖ്യത്തിനും വോട്ട് ചെയ്തു.
ബിഹാറില്‍ 51 ശതമാനം ആര്‍.ജെ.ഡിക്കും 21 ശതമാനം ജെ.ഡി.യുവിനും 13 ശതമാനം കോണ്‍ഗ്രസിനുമാണു വോട്ട് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ 56 ശതമാനം പേര്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം നിന്നപ്പോള്‍ 39 ശതമാനം കോണ്‍ഗ്രസിന്റെ കൂടെയായിരുന്നു. പശ്ചിമബംഗാളില്‍ 40 ശതമാനം തൃണമൂലിനും 31 ശതമാനം ഇടതിനും 24 ശതമാനം കോണ്‍ഗ്രസിനും വോട്ട് നല്‍കി. കേരളത്തിലെ ഇടതുപക്ഷം 21 ശതമാനം വോട്ടാണു നേടിയത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് 35 ശതമാനമായി വര്‍ധിച്ചു.
മണ്ഡലങ്ങളുടെ കണക്കെടുത്താലും മുസ്‌ലിം വോട്ടുകള്‍ സ്വാധീനം ചെലുത്തുന്നവ ഇരുനൂറ്റിപ്പത്തിലധികം വരും. ഇതില്‍ 145 സീറ്റുകളില്‍ 20 ശതമാനമാണു മുസ്‌ലിം ജനസംഖ്യയെങ്കില്‍ 46 മണ്ഡലങ്ങളില്‍ 30 ശതമാത്തിലധികം മുസ്‌ലിംകളുണ്ട്. ഇതില്‍ അഞ്ചെണ്ണം കശ്മിരിലും ആറെണ്ണം കേരളത്തിലും 13 എണ്ണം ഉത്തര്‍പ്രദേശിലും നാലെണ്ണം വീതം അസമിലും ബിഹാറിലും പതിനൊന്നെണ്ണം ബംഗാളിലും ഒന്നുവീതം ആന്ധ്രയിലും തെലങ്കാനയിലും ലക്ഷദ്വീപിലുമാണ്.
എന്നാല്‍, മുസ്‌ലിം പ്രാതിനിധ്യം പരിശോധിക്കുമ്പോള്‍ ഈ കണക്കുകള്‍ നോക്കുകുത്തികളായി മാറുകയാണു ചെയ്യുന്നത്. നിലവിലെ പാര്‍ലമെന്റില്‍ 23 മുസ്‌ലിം എംപിമാരാണുള്ളത്, വെറും 4.23 ശതമാനം.
പക്ഷെ, ഈ പ്രാതിനിധ്യ പ്രശ്‌നത്തേക്കാള്‍ പ്രധാനമായ തെരഞ്ഞെടുപ്പു തന്നെയാണ് മുസ്‌ലിംകള്‍ക്ക് ഇത്തവണത്തേത്. ബി.ജെ.പി വിരുദ്ധ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ ഓരോ സംസ്ഥാനത്തും പ്രബലകക്ഷികളെ തെരഞ്ഞെടുക്കേണ്ട ബാധ്യത അവരുടേതു കൂടിയാണ്. സമാധാനപരവും സുരക്ഷിതവുമായ നിലനില്‍പ്പിനായി ആ വോട്ടുകള്‍ മാറേണ്ടതുണ്ട്. മുഹമ്മദ് അഖ്‌ലാഖിനും ജുനൈദിനും പഹ്‌ലുഖാനും നഷ്ടപ്പെട്ട ജീവിതം മാത്രമല്ല, നിരന്തരം കേള്‍ക്കേണ്ടി വരുന്ന പരിഹാസങ്ങളും ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങളും ആ വോട്ടുകളെ നിര്‍ണയിക്കുമെന്നതില്‍ സംശയമില്ല.
ഉത്തര്‍പ്രദേശില്‍ എസ്.പി, ബി.എസ്.പി സഖ്യം കൂടുതല്‍ മുസ്‌ലിം വോട്ടുകള്‍ കരസ്ഥമാക്കുമെന്നു തന്നെയാണു പ്രതീക്ഷ. അതു ബി.ജെ.പിയുടെ പരാജയത്തില്‍ കൃത്യമായ പങ്കു വഹിക്കുകയും ബി.ജെ.പി കഴിഞ്ഞ തവണ നേടിയ 71 സീറ്റ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ബി.ജെ.പി ശക്തമായ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ മുസ്‌ലിം വോട്ടുകള്‍ ബി.ജെ.പിക്കെതിരേ തന്നെയാണു വിനിയോഗിക്കപ്പെടുക.
പ്രകാശ് അംബേദ്കര്‍ നയിക്കുന്ന ബഹുജന്‍ വഞ്ചിത് അഗാഡിയുമായി ചേര്‍ന്നു മഹാരാഷ്ട്രയില്‍ മത്സരിക്കാനുള്ള എം.ഐ.എമ്മിന്റെ തീരുമാനം കോണ്‍ഗ്രസിനെ ഏതു രീതിയില്‍ ബാധിക്കുമെന്നു കണ്ടറിയേണ്ടതാണ്. അസമില്‍ ബി.ജെ.പി കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്‍ അവര്‍ക്കെതിരേയുള്ള വിധിയെഴുത്തിനുള്ള സാധ്യത സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ, എ.ഐ.യു.ഡി.എഫുമായി സഖ്യത്തിലേര്‍പ്പെടാന്‍ കോണ്‍ഗ്രസ് ഇപ്പോഴും തയാറല്ല. വീണ്ടും വോട്ടുകള്‍ ഭിന്നിക്കുന്നതു ബി.ജെ.പിയെ സഹായിക്കുക മാത്രമേ ചെയ്യൂ.
അതേസമയം, മിസ്സിങ് വോട്ടര്‍ ആപ്പ് നിര്‍മിച്ച റേ ലാബ്‌സ് കഴിഞ്ഞദിവസം പുറത്തുവിട്ട വാര്‍ത്ത ആശങ്കയുളവാക്കുന്നതാണ്. 25 ശതമാനം മുസ്‌ലിംകള്‍ വോട്ടര്‍പട്ടികയില്‍നിന്നു പുറത്താണെന്നാണു റേ ലാബ്‌സ് സി.ഇ.ഒ ഖാലിദ് സെയ്ഫുല്ലയുടെ വാദം. മണ്ഡലം തിരിച്ചു കുറച്ചു വീതം വോട്ടുകള്‍ നീക്കം ചെയ്യുന്നതുപോലും ഫലത്തെ മാറ്റിമറിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഇത്തരം വസ്തുതകളെ മാറ്റി നിര്‍ത്തിയാല്‍ പോലും മുസ്‌ലിം വോട്ടുകള്‍ കൃത്യമായി ബി.ജെ.പിക്കെതിരേ വിനിയോഗിക്കപ്പെടുകയും അതു പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ചിതറാതിരിക്കുകയും ചെയ്താല്‍ മാത്രമേ യഥാര്‍ഥ ഫലമുണ്ടാകൂ. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു സാധ്യത ഭാഗികമായേ നടപ്പാവൂ എന്നതാണു വാസ്തവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."