ആദിവാസി ഊരുകളില്‍ പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍
പാലക്കാട് : വിനോദയാത്രക്കെന്നുപറഞ്ഞ് ആദിവാസി സ്ത്രീകളെ തിരുവനന്തപുരത്ത് കൊണ്ടുപോയി നഷ്ടപെടാന്‍ പോകുന്ന എന്‍.ആര്‍.എല്‍.എം പ്രോജക്ട് സ്‌പെഷ്യല്‍ ഓഫിസര്‍ തസ്തിക നിലനിര്‍ത്താന്‍ കുടുംബശ്രീമിഷന്‍ ഡയറക്ടറുടെ ഓഫിലേക്ക് കൊണ്ടുപോകുകയും ഇവരെല്ലാം തനിക്കുവേണ്ടി അപേക്ഷിക്കാന്‍ വന്നവരാണെന്ന് ഡയറക്ടറെ ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത സീമാഭാസ്‌ക്കറുടെ നടപടി ആദിവാസി ഊരുകളിലും അട്ടപ്പാടി മേഖലയിലും പ്രതിഷേധത്തിനിടയാക്കി.
ഇരുനൂറോളം ആദിവാസി സ്ത്രീകളേയാണ് വിനോദയാത്രക്കെന്നു പറഞ്ഞ് സീമാഭാസ്‌ക്കര്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ആദിവാസി സംഘത്തെയും കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫിസിലും കുടുംബശ്രീമിഷന്‍ ഓഫിസിലും കൊണ്ടുപോയപ്പോഴാണ് ആദിവാസി വനിതകള്‍ക്ക് കാര്യം മനസ്സിലായത്. അപ്പോള്‍ തന്നെ ചിലര്‍ ഇക്കാര്യം സീമാഭാസ്‌ക്കറോട് സംസാരിക്കുകയും ചെയ്തു. സീമാഭാസ്‌ക്കറെ സ്‌പെഷ്യല്‍ ഓഫിസറായി അട്ടപ്പാടിയില്‍ തന്നെ നിലനിര്‍ത്തണമെന്ന് ആദിവാസികളെക്കൊണ്ടുതന്നെ പറയിപ്പിക്കാനായിരുന്നു അവരുടെ ശ്രമം. സീമാഭാസ്‌ക്കറുടെ നീക്കത്തിനെതിരെ വിവിധ ആദിവാസി സംഘടനകള്‍ പരസ്യമായി പ്രതിഷേധവുമായി രംഗത്തുവന്നു.
അര്‍ധരാത്രി തെറ്റായ വിവരം നല്‍കി ആദിവാസി സ്ത്രീകളെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടുപോയി തിരുവനന്തപുരത്ത് വ്യക്തിപരമായ ആവശ്യത്തിനായി ഉപയോഗിച്ചെന്നുകാണിച്ച് ചെമ്മണ്ണൂര്‍ ഊരിലെ ആര്‍.എസ് മണി അഗളി ഡി.വൈ.എസ്.പിക്കു പരാതി നല്‍കി. അതേ സമയം സീമാഭാസ്‌ക്കറെ മാതൃവകുപ്പിലേക്ക് മടക്കി അയക്കുമെന്ന തീരുമാനത്തില്‍ മാറ്റമൊന്നുമില്ലെന്ന് കുടുംബശ്രീമിഷന്‍ സംസ്ഥാന ഓഫിസ് അറിയിച്ചു.
എന്നാല്‍ സീമാഭാസ്‌ക്കറുടെ ക്രമക്കേടുകള്‍ക്കും തന്നിഷ്ടത്തിനും കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ഓഫിസര്‍ ബിജിന്ത് വാസുവിനെ കുടുംബശ്രീമിഷനില്‍ നിന്നും സ്ഥലം മാറ്റുന്നതില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."