ആഡൂര്‍ തലപ്പച്ചേരിയില്‍ 'ആനപ്രതിരോധ മതില്‍' ഉയരുന്നു
മുള്ളേരിയ: അഡൂര്‍ വനമേഖലയില്‍ കാട്ടാന ശല്യം തടയുന്നതിനായി ഒരു കിലോ മീറ്റര്‍ ദൂരത്തില്‍ പ്രതിരോധ മതില്‍ ഉയരുന്നു. ആഡൂര്‍ തലപ്പച്ചേരിയിലാണ് ഒരു കിലോ മീറ്റര്‍ ദൂരത്തിലായി ആനപ്രതിരോധമതില്‍ പണിയുന്നത്. ഇതിന്റെ നിര്‍മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണെന്ന് കാസര്‍കോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ പ്രേമരാജന്‍ പറഞ്ഞു. 1. 5 കോടി രൂപ ചെലവില്‍ 2. 20 മീറ്റര്‍ ഉയരത്തിലാണ് കരിങ്കല്ല് കൊണ്ട് പ്രതിരോധ മതില്‍ തീര്‍ക്കുന്നത്. ഇതിന്റെ 98 ശതമാനം പണിയും പൂര്‍ത്തിയായി .
കാട്ടാനകള്‍ നാട്ടിലിറങ്ങിയത് 12 കിലോ മീറ്ററുകളോളം ദൂരത്തിലുള്ള സോളാര്‍ വൈദ്യുതി വേലി തകര്‍ത്തുകൊണ്ടാണെന്നു റെയ്ഞ്ച് ഓഫിസര്‍ പറഞ്ഞു. ഒരു മരം വേലിയിലിട്ടു തകര്‍ത്താണ് ഇതുവഴി ആനകള്‍ കൂട്ടത്തോടെ കാടിറങ്ങിയത്. ആനകളെ തിരിച്ച് കാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 28 ദിവസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിലാണ് സോളാര്‍ വൈദ്യുതി വേലി നിര്‍മിച്ചിരുന്നത്.
സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ് ഇപ്പോള്‍ ആനപ്രതിരോധ മതില്‍ തീര്‍ത്തിരിക്കുന്നത്. മുള്ളേരിയ ടൗണിന് സമീപം വരെ കാടുള്ളതിനാല്‍ ഇവിടെ സംരക്ഷണ ഭിത്തി നിര്‍മിക്കുക എന്നത് പ്രായോഗികമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.
കാട്ടില്‍ ഒരു തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനവും പാടില്ലെന്നാണ് നിയമമെന്നും അധികൃതര്‍ പറയുന്നു. മുളിയാര്‍ പഞ്ചായത്തിലെ ഇരഞ്ഞിപ്പുഴ, കാനത്തൂര്‍ ഭാഗങ്ങളിലും ദേലംപാടി പഞ്ചായത്തിലെ കാട്ടികജെ ഭാഗങ്ങളിലും ഇറങ്ങിയ കാട്ടാനക്കൂട്ടം ദിവസങ്ങളായി ഭീതിവിതക്കുകയാണ്. നിരവധി വീടുകള്‍ക്കു നേരെ അക്രമം അഴിച്ചുവിച്ച കാട്ടാനക്കൂട്ടം കാര്‍ഷിക വിളകളും നശിപ്പിക്കുകയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."