കെ.പി.പി നമ്പ്യാര്‍ കാലത്തിനുമുന്‍പേ സഞ്ചരിച്ച ശാസ്ത്ര പ്രതിഭ: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഇലക്ട്രോണിക് വ്യവസായരംഗത്ത് മറ്റാരേക്കാളും മുന്നില്‍ നടന്ന മഹത് വ്യക്തിത്വമാണ് കെ.പി.പി നമ്പ്യാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇലക്ട്രോണിക് രംഗത്ത് കേരളം ഇന്ത്യക്കും ഇന്ത്യ ലോകത്തിനും സംഭാവന ചെയ്ത മഹാനാണ് അദ്ദേഹം. കെ.പി.പി നമ്പ്യാരുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെല്‍ട്രോണ്‍ ആസ്ഥാനത്ത് സ്ഥാപിച്ച പ്രതിമയുടെ അനാച്ഛാദനവും ഡിജിറ്റല്‍ പ്രോഗ്രാമബിള്‍ ഹിയറിംഗ് എയ്ഡുകള്‍ പൊതുവിപണിയില്‍ ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇലക്ട്രോണിക്‌സ് മേഖലയുടെ അഭൂതപൂര്‍വമായ വികാസത്തിന് അതുല്യമായ സംഭാവനയാണ് അദ്ദേഹത്തില്‍നിന്നു ലഭിച്ചത്. ആ സംഭാവനയ്ക്കനുസരിച്ച് തിരിച്ച് പ്രതികരിക്കാന്‍ നമുക്കായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ സാങ്കേതിക വൈദഗ്ധ്യം നാടിനു സമര്‍പ്പിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് അതിയായ താല്‍പര്യമുണ്ടായിരുന്നു. നാടിനോടും സംസ്ഥാനത്തിനോടും രാജ്യത്തിനോടും അതുല്യമായൊരു കൂറ് അദ്ദേഹം എക്കാലവും പുലര്‍ത്തിപ്പോന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിമ നിര്‍മിച്ച ശില്‍പി കാനായി കുഞ്ഞിരാമനെ മുഖ്യമന്ത്രി പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു.
മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷനായി. മേയര്‍ വി.കെ പ്രശാന്ത്, വ്യവസായവകുപ്പ് സെക്രട്ടറിയും കെല്‍ട്രോണ്‍ ചെയര്‍മാനുമായ സഞ്ജയ് എം. കൗള്‍, കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍ ടി.ആര്‍ ഹേമലത, കെ.പി.പി നമ്പ്യാരുടെ ഭാര്യ ഉമാ നമ്പ്യാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."