കരുനാഗപ്പള്ളിയില്‍ സിഗ്‌നല്‍ സംവിധാനം ട്രയല്‍ റണ്‍ തുടങ്ങി
കരുനാഗപ്പള്ളി: നഗരത്തിലെ ഗതാഗത കുരുക്കഴിക്കാന്‍ സ്ഥാപിക്കുന്ന സിഗ്‌നല്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കരുനാഗപ്പള്ളി നഗരത്തിനു പുതിയ സംവിധാനം വരുന്നതോടെ വലിയ ആശ്വാസമാകുമെന്നാണു പ്രതീക്ഷ. ലാലാജി ജങ്ഷന്‍, പുതിയകാവ്, ഓച്ചിറ എന്നിവിടങ്ങളിലാണ് സിഗ്‌നല്‍ സ്ഥാപിക്കുന്നത്. ഇതോടെ കൂട്ടമായി വാഹനങ്ങള്‍ ടൗണിലേക്ക് ഒഴുകിയെത്തുന്നത് തടയാനാകും.
പി.ഡബ്ല്യു.ഡി ദേശീയപാതാ വിഭാഗത്തിന്റെ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ എസ്. ദീപയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു പദ്ധതി നടപ്പാക്കുന്നത്. 27 ലക്ഷം രൂപ ചെലവഴിച്ചാണു സംവിധാനം ഏര്‍പ്പെടുത്തുന്നത്. കെല്‍ട്രോണിനാണ് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന്റെ ചുമതല. മൂന്നു വര്‍ഷത്തെ മെയിന്റനന്‍സും ഇവര്‍ നടത്തും. സോളാര്‍ പാനലിലാണ് ഇവ പ്രവര്‍ത്തിക്കുക.
ആദ്യ ഘട്ടമായി ലാലാജി ജങ്ഷനിലാണ് സിഗ്‌നല്‍ സ്ഥാപിച്ചത്. ഇതിന്റെ ട്രയല്‍ റണ്‍ ഇന്നലെ നടന്നു. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ, നഗരസഭാ അധ്യക്ഷ എം. ശോഭന, ഉപാധ്യക്ഷന്‍ ആര്‍. രവീന്ദ്രന്‍പിള്ള, ജോയിന്റ് ആര്‍.ടി.ഒ അജിത്കുമാര്‍, വില്ലേജ് ഓഫിസര്‍ എ.ആര്‍ അനീഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ട്രയല്‍ റണ്‍്. ദേശീയപാതയുടെ ഇരുവശങ്ങളിലേക്കും പണിക്കര്‍കടവ് ഭാഗത്തേക്കും പഴയ ദേശീയപാതയിലേക്കും കടക്കുന്നതിനു നാലുഭാഗത്തേക്കും സിഗ്‌നല്‍ സ്ഥാപിച്ചിട്ടുണ്ട്.
70 സെക്കന്‍ഡാണ് കൗണ്ടിങ് സമയം. ഡിസ്‌പ്ലേ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. അപാകതകള്‍ പരിശോധിച്ച് തിങ്കളാഴ്ച സിഗ്‌നല്‍ ഉദ്ഘാടനം ചെയ്യാനാണു നീക്കം. ജൂലൈ 15ഓടു കൂടി പുതിയകാവിലും ഓച്ചിറയിലും സിഗ്നലുകള്‍ സ്ഥാപിക്കും. നിലവില്‍ സിവില്‍ സ്റ്റേഷനു മുന്നില്‍ പ്രവര്‍ത്തിക്കുന്ന സിഗ്‌നല്‍ ലൈറ്റിന്റെ അപാകത സംബന്ധിച്ച് കെല്‍ട്രോണ്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."