മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി യോഗം നാളെ
കോഴിക്കോട്: രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി യോഗം നാളെ വൈകിട്ട് ആറിന് വീണ്ടും ചേരുന്നു. ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്റെ മലാപ്പറമ്പ് ഹൗസിങ് കോളനിയിലുള്ള മൈത്രി വസതിയിലാണ് യോഗം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കോഴിക്കോട് സിറ്റിയിലെ നോര്‍ത്ത്, സൗത്ത് നിയോജക മണ്ഡലങ്ങളിലെ യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികളെയും നേതാക്കളെയും പങ്കെടുപ്പിച്ച് ആക്ഷന്‍ കമ്മിറ്റി മുഖാമുഖം സംഘടിപ്പിച്ചിരുന്നു.
തങ്ങള്‍ ജയിച്ചാല്‍ റോഡ് നാലുവരിപ്പാതയാക്കുന്നതിനാവശ്യമായ ഫണ്ട് വകയിരുത്തുമെന്ന് അന്ന് സ്ഥാനാര്‍ഥികളും മുന്നണി നേതാക്കളും ഉറപ്പ് നല്‍കിയിരുന്നു. എം.എല്‍.എ ആയ ശേ ശേഷം എ. പ്രദീപ് കുമറുംഡോ. എം.കെ മുനീറും റോഡ് വികസനത്തിന് ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കാലിക്കറ്റ് പ്രസ് ക്ലബും മലബാര്‍ ചേംബറും സംഘടിപ്പിച്ച മുഖാമുഖത്തിലും പ്രസ്താവിച്ചിരുന്നു. എന്നാല്‍ ബജറ്റില്‍ ജില്ലയിലെ പല റോഡുകള്‍ക്കും പദ്ധതികള്‍ക്കും ഫണ്ട് അനുവദിച്ചപ്പോള്‍ നഗരത്തിലെ പ്രധാനപ്പെട്ട ഈ റോഡിന്റെ വികസനത്തിനു തുക അനുവദിച്ചില്ലെന്ന് മാത്രമല്ല, ബജറ്റില്‍ പരാമര്‍ശിക്കുകപോലും ചെയ്തിട്ടില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച 64 കോടി രൂപയില്‍ 60 കോടി രൂപയുടെ സ്ഥലമെടുപ്പും മലാപ്പറമ്പ് ജങ്ഷന്‍ വികസനവും പൂര്‍ത്തീകരിച്ചു വരുന്നുണ്ട്. സര്‍ക്കാര്‍ ഭൂമിക്ക് ചുറ്റുമതില്‍ കെട്ടാന്‍ നാലു കോടി അനുദിച്ചത് ആറു മാസത്തിനു ശേഷം സാങ്കേതിക അനുമതി കിട്ടിയില്ലെന്ന് പറഞ്ഞ് മാര്‍ച്ച് 31 ന് മടക്കി അയച്ചിരുന്നു.
മതില്‍ കെട്ടാന്‍ തെരഞ്ഞെടുപ്പിന് ശേഷം ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ട്. മതില്‍കെട്ടി 86 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി റോഡിനോട് ചേര്‍ത്തിയാല്‍ മാത്രമേ അവിടങ്ങളില്‍ വാഹനഗതാഗതം സുഗമമാകുകയുള്ളൂ. ഒരു പരിധിവരെ വാഹനാപകടങ്ങള്‍ കുറയുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി യോഗം ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."