കുറ്റിച്ചിറ ഒരു ദേശപ്പെരുമ
കുറ്റിച്ചിറയിലെ ഒരോ തറവാടിനും അനേകം കഥകള്‍ എണ്ണിപ്പറയാനുണ്ട്.
ഇന്ന് തറവാടുകള്‍ നാമമാത്രമായെങ്കിലും കുറ്റിച്ചിറയിലും പരിസരങ്ങളിലും ആ കാലഘട്ടത്തിന്റെ ഓര്‍മകള്‍ ഇന്നും ഘനീഭവിച്ചുകിടപ്പുണ്ട്.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് ഒരു കിലോമീറ്ററോളം പടിഞ്ഞാറുമാറിയാണ് അറബിക്കടലിനോട് ചേര്‍ന്ന് കുറ്റിച്ചിറയെന്ന ചെറുപ്രദേശം സ്ഥിതിചെയ്യുന്നത്.
തന്റേടികളായ ചുവന്നുതുടുത്ത തറവാട്ടുകാരണവര്‍മാര്‍...
ആജ്ഞാപിച്ചും അനുസരിപ്പിച്ചും മാത്രം ശീലിച്ചവര്‍...
തറവാടിന്റെ കോലായയിലും കുളത്തിന്റെ കരയിലുമെല്ലാം അവരില്‍ പലരും മഥിച്ചു നടന്നത് ഇന്ന് ചരിത്രത്തിന്റെ ഭാഗമായി രിക്കുന്നു.
കുറ്റിച്ചിറയിലെ പുതുതലമുറക്കുപോലും പഴയതലമുറയിലെ ജ്വലിച്ചുനിന്ന കാരണവന്മാരുടെ ചരിത്രമറിയാം. ഇവരില്‍ പലരുടെയും രൂപവും ഭാവവും മുതിര്‍ന്നതലമുറയുടെ ഹൃദയത്തില്‍ മങ്ങാതെ നില്‍പ്പുണ്ട്. ബ്രഹ്മണ-അറബ് വംശങ്ങളുടെ സങ്കരമാണ് കുറ്റിച്ചിറക്കാരുടെ പൂര്‍വികര്‍. എസ്.കെ പൊറ്റെക്കാട് ദേശത്തിന്റെ കഥയില്‍ പരാമര്‍ശിക്കുന്ന മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുള്ള സ്ത്രീകള്‍ ഇവിടുത്തുകാരാണ്. വെള്ളുത്ത് സുന്ദരികളായ ബീവിമാര്‍ക്കായിരുന്നു തറവാടുകളുടെ അകത്തളങ്ങളില്‍ ഭരണം. കൊലകൊമ്പന്മാരായ കാരണവന്മാരെപ്പോലും നേര്‍വഴിക്ക് നടത്താന്‍ പ്രാപ്തരായിരുന്നു അവര്‍.
വഖഫ് സ്വത്താക്കി ആധാരം തയ്യാറാക്കിയ നിരവധി തറവാടുകളും മുന്‍പ് ഇവിടെ ഉണ്ടായിരുന്നു. തറവാട്ടിലെ പെണ്‍തലമുറ അവസാനിക്കുന്ന കാലത്ത് വഖഫ് ബോര്‍ഡിന് സ്വന്തമാവുന്ന രീതിയിലായിരുന്നു ഇത്തരം തറവാടുകളുടെ ആധാരം. ഏതെങ്കിലും തലതിരിഞ്ഞ ആണ്‍പ്രജക്കോ, കാരണവര്‍ക്കോ തറവാട് വില്‍ക്കാന്‍ അരുതാത്ത ഒരു മോഹം ഉണ്ടായാല്‍ സ്ത്രീകള്‍ വഴിയാധാരമാവരുതെന്ന് കരുതിയിയായിരുന്നു ഈ രീതിയില്‍ വസ്തു രജിസ്റ്റര്‍ ചെയ്തത്.
സംസ്‌കാരത്തനിമയുടെ വ്യതിരിക്തതയാല്‍ നാട്ടിലും വിദേശത്തുമെല്ലാം എറെ ശ്രദ്ധിക്കപ്പെട്ട ഒരു ദേശമാണ് തെക്കേപ്പുറമെന്നു കൂടി അറിയപ്പെടുന്ന കോയമാരുടെ ആവാസ ഭൂമിയായ കുറ്റിച്ചിറയും പരിസരപ്രദേശങ്ങളും. ചെറിയ കുട്ടികളെപ്പോലും ബഹുമാനപൂര്‍വം നിങ്ങള്‍ എന്ന് അഭിസംബോധന ചെയ്യുന്ന രീതി കേരളത്തില്‍ വേറെങ്ങും കേള്‍ക്കാനാവില്ല.
ഹല്‍വബസാര്‍, കുറ്റിച്ചിറ, ഇടിയങ്ങര, പരപ്പില്‍, ഫ്രന്‍സിസ് റോഡ്, ചെമ്മങ്ങാട് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് കോഴിക്കോടിന്റെ കാഥികനായ എസ്.കെ വിവരിക്കുന്ന അലുവാണിത്തെരുവ്. 19-ാം നൂറ്റാണ്ടിന്റെ അവസാന പാതിയില്‍ കുറ്റിച്ചിറയിലെ മിസ്‌കാല്‍ പള്ളിയെയും ജുമാഅത്ത് പള്ളിയെയും കേന്ദ്രീകരിച്ച് ഇവിടുത്തെ ജനത രണ്ടു വിഭാഗങ്ങളായി വഴിപിരിഞ്ഞത് ഇന്നും ചര്‍ച്ചചെയ്യപ്പെടുന്ന ഒരു അധ്യായമാണ്. ഇതിനെക്കുറിച്ച് കോഴിക്കോട് മുസ്‌ലിംകളുടെ ചരിത്രമെന്ന പുസ്തകത്തിന്‍ വലിയ ഭാഗവും ചെറിയ ഭാഗവും എന്ന പേരില്‍ ഗ്രന്ഥകാരനായ പി.പി മമ്മദ് കോയ പരപ്പില്‍ എഴുതിയിട്ടുണ്ട്.
'ഒരു ദേശത്തിന്നു മാത്രം അവകാശപ്പെട്ട കഥ. അവിടുത്തെ ജനങ്ങള്‍ മാത്രം അറിയാവുന്നതും മനസിലാവുന്നതും അവരുടെതായ സംസ്‌കാരവും ഭാഷയും അവകാശപ്പെട്ടതുമായ കഥ.' കൂരിരുട്ടില്‍നിന്നു വെളിച്ചത്തിലേക്ക് മനുഷ്യനെ നയിച്ച ഇസ്്‌ലാമിന്റെ വിശ്വസപ്രമാണങ്ങള്‍ അടിയുറച്ച് വിശ്വസിച്ച ഒരു ചിറയുടെ ഇരുവശവും ഉയര്‍ന്നുനില്‍ക്കുന്ന രണ്ട് കൂറ്റന്‍ പള്ളികളെ കേന്ദ്രമാക്കി നടത്തിയ വിചിത്രമായമായ വാശിയുടെയും ആവേശത്തിന്റെയും അതുളവാക്കിയ കെടുതികളുടേയും കഥ. മതാധിപന്മാരുടെ നേതൃത്വത്തില്‍ പ്രമാണിമാരുടെ ഒത്താശയോടെ നടത്തിയ സാഹസികമായ ചോരിതിരിവിന്റെയും അതില്‍ നിന്നുണ്ടായ തീരാത്തപകയുടെയും ദുഖകഥയാണ് ഭാഗങ്ങള്‍ക്ക് പറയാന്നുള്ളത്...'
ഭാഗം ഇന്നും ഈ പ്രദേശത്തെ നിത്യജീവിതത്തില്‍ അറിഞ്ഞോ, അറിയാതെയോ ഒളിഞ്ഞും തെളിഞ്ഞും നിലനില്‍ക്കുന്നതായും പി.പി മമ്മദ്‌കോയ പറയുന്നു.
കാരണര്‍ക്ക് കീഴില്‍ കല്യാണത്തിന്റെ നടത്തിപ്പും നിയന്ത്രണവുമെല്ലാം ഭാഗത്തിലെ മൂപ്പനാവും കൈയാളുക. കല്യണാലോചനപോലും ഭാഗത്തെ മൂപ്പനില്‍ നിന്നാണ് തുടങ്ങുക.
നിങ്ങളെ മോന്ക്ക് ഒരു പെണ്ണ് വന്നിട്ടുണ്ട് ആലോയിച്ചൂടെ...'' മൂപ്പന്‍ ചെക്കന്റെ ബാപ്പയോട് പറയും. ബാപ്പ ആലോചിക്കും പിന്നെ വരന്റെ വീട്ടില്‍ പെണ്ണിന്റെ കാരണവന്മാര്‍ എത്തുന്നതോടെ കല്യാണനിശ്ചയം പുരോഗമിക്കും.
നിശ്ചയവും ശാപ്പടും കഴിഞ്ഞ് അവര്‍ പോകും. കാനയ്ത്ത് (നിക്കാഹ്) ഖാസിയുടെ വീട്ടില്‍വച്ചാവും നടക്കുക. ഒട്ടുമിക്ക നിക്കാഹും തിങ്കാള്ച രാവിനോ, വെളളിയാഴ്ച രാവിനോ മഗ്‌രിബ് നിസ്‌കാരത്തിനും ഇശാക്കുമിടയിലാവും നടക്കുക.
കാരണവന്മാരും കുടുബക്കാരും സ്‌നേഹിതന്മാരുമെല്ലാം നിക്കാഹിനെത്തും.
ചെക്കനെ പെണ്ണിന്റെ ബാപ്പ നിക്കാഹ് സ്ഥലത്തുവച്ച് കാണുന്നത് ചേപ്ര (അപമാനം)യായാണ് പണ്ട് കാലത്ത് കണക്കാക്കിയിരുന്നത്. വരനും വധുവിന്റെ പിതാവും ഒരുമിച്ചിരുന്ന് നടത്തുന്ന നിക്കാഹ് പണ്ട് അത്യപൂര്‍വമായിരുന്നു. വധുവിന്റെ പിതാവ് നിക്കാഹുമായി ബന്ധപ്പെട്ട തന്റെ ഉത്തരവാദിത്വം നിര്‍വഹിച്ച് വരനും പാര്‍ട്ടിയും വരുന്നതിനു മുന്‍പ് സ്ഥലംവിടുകയായിരുന്നു ആദ്യകാലത്തെ നാട്ടുനടപ്പ്.
പുത്തന്‍ വെള്ളവസ്ത്രവും കണ്ണൂരില്‍ ഉണ്ടാക്കുന്ന വെള്ള മാപ്പിളത്തൊപ്പിയുമാണ് പുതിയാപ്പിളമാര്‍ അന്ന് നിക്കാഹിന് ധരിക്കുക. സ്വന്തം ഭാഗത്ത് കല്യാണം വന്നാല്‍ മന:പ്രയാസം മുഴുവന്‍ ഭാഗത്തെ മൂപ്പനാവും. കല്യാണത്തിന് രണ്ടു മൂന്ന് ആഴ്ച്ച മുന്‍പ്
തന്നെ മൂപ്പനെ വിളിപ്പിക്കും ക്ഷണിക്കേണ്ട ലിസ്റ്റ് തയറാക്കല്‍, സുപ്ര വിരിക്കാന്‍ കോലയയോട് ചേര്‍ന്ന് അതേ ഉയരത്തില്‍ സ്‌റ്റേജ് കെട്ടല്‍, ഭക്ഷണക്കാര്യങ്ങള്‍ എന്നുവേണ്ട എന്തിനും ഏതിനുമുള്ള രാജാധികാരം മൂപ്പനാവും.
മേശയും കസേരയും പ്രചാരത്തിലില്ലാത്തതിനാല്‍ സുപ്രയ്ക്കാണ് കണക്ക്. ഒരു സുപ്രയില്‍ ചുറ്റുമിരുന്ന് അഞ്ചും ഏഴും ആള്‍ക്കാര്‍ ഭക്ഷണം കഴിക്കുമായിരുന്നു. ക്ഷണിക്കേണ്ടവരുടെ ലിസ്റ്റുണ്ടാക്കുന്ന അന്നു തന്നെ കല്യാണ ദിവസം പാചകംചെയ്യാന്‍ ഉദേശിക്കുന്ന അരികൊണ്ട് നെയ്‌ച്ചോറും തയാറാക്കും. മൂപ്പന്‍ നെയ്‌ച്ചോര്‍ തിന്നുകയും അരിയെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്യും. സര്‍ട്ടിഫൈ ചെയ്താല്‍ ആ അരിയാവും കല്യാണത്തിന് ഉപയോഗിക്കുക.
മൂപ്പന്‍ തന്നെ ആദ്യ സുപ്ര (ഭക്ഷണം വിളമ്പാനുള്ള വീതിയേറിയ പ്ലാസ്റ്റിക് ഷീറ്റ്) വിരിക്കും. പിന്നെ ഭാഗത്തെ ചെറുപ്പക്കാര്‍ മൂപ്പന്റെ നിര്‍ദേശത്തിനനുസരിച്ച് ഭക്ഷണസാധനം സുപ്രയില്‍ നിരത്തും. കല്യാണച്ചെക്കനെ പെണ്‍വീട്ടിലേക്ക് കൈപിടിച്ച് കൂട്ടികൊണ്ടുപോകാനുള്ള അധികാരവും മൂപ്പനുള്ളതാണ്. പുതിയാപ്പിള്ള പെണ്ണിന്റെ വീട്ടില്‍ എത്തിയാല്‍ ഭക്ഷണത്തിനായി കൈകഴുകിക്കാനുള്ള
( കിണ്ടിയില്‍ വെള്ളം കൊണ്ടുവന്ന് പുതിയാപ്പിളയുടെ ഇരിപ്പിടത്തിലെത്തി താഴേ കോളമ്പിവെച്ച്് കൈകഴുകിക്കലാണ് പതിവ്) അവകാശം പെണ്‍വീട്ടുകാരുടെ മൂപ്പനാണ്. പുതിയാപ്പിള പെണ്‍വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ അവിടുത്തെ മൂപ്പന്റെ നേതൃത്വത്തില്‍ പാട്ടു പാടിയാണ് എതിരേല്‍ക്കുക.
മൂപ്പന്‍ ലിസ്റ്റ് തയ്യാറാക്കിയാല്‍ കല്യാണം ക്ഷണിക്കാനായി ഒരാളെ ഏര്‍പ്പാടാക്കും ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കുമായി പ്രത്യേകം പ്രത്യേകം വിളിക്കാരത്തി(ക്ഷണിക്കാന്‍ ഏര്‍പ്പാടാക്കുന്ന സ്ത്രീ)കളും ഈ അടുത്ത കാലം വരെ നിലനിന്നിരുന്നു. ഒരോ തറവാട്ടിലും പോയി ഒരോ അംഗത്തെയും നേരിട്ട് കണ്ട് വിളിക്കും. കുട്ടികളെപ്പോലും വിട്ടുപോകാതെയാണ് ഈ ക്ഷണിക്കല്‍. ആളില്ലെങ്കില്‍ ആളെ കാണുന്നതു വരെ വിളിക്കാരനോ വിളിക്കാരത്തിയോ ആ വീട്ടില്‍ കയറി ഇറങ്ങും . വഴിയില്‍ വെച്ച് ക്ഷണിക്കല്‍ അപമാനിക്കലായാണ് ആളുകള്‍ കരുതിയിരുന്നത് . തറവാട്ടുകാരാന്നും ആരെയും വഴിയില്‍ വെച്ച് കല്യാണം ക്ഷണിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."