ജെ.എന്‍.യുവില്‍ നിന്നൊരു ഡ്രൈവര്‍
ഒക്‌ടോബറിലെ ഇളംതണുപ്പുള്ള ദില്ലി പ്രഭാതം.
ജീവന്‍ മാഷും ചിന്തച്ചേച്ചിയും എവിടെയാണെങ്കിലും മുടക്കാത്ത പ്രഭാതസവാരിക്കിറങ്ങി.
കുട്ടികള്‍ എഴുന്നേറ്റ് വരുന്നതേ ഉണ്ടായിരുന്നുള്ളു.
ആഷ്‌ലിയും നദിയും അവരോടൊപ്പം നടക്കാനിറങ്ങി. നേരിയ മൂടല്‍മഞ്ഞുണ്ടായിരുന്നുവെങ്കിലും വഴിയില്‍ വെളിച്ചമുണ്ട്.
റോഡിനെ രണ്ടായി പകുക്കുന്ന വീതികുറഞ്ഞ ഡിവൈഡറില്‍ കിടക്കുന്ന ഒരാളെക്കണ്ട് കുട്ടികള്‍ നടപ്പുനിര്‍ത്തി. ''ഇങ്ങു പോരൂ, അയാളുറങ്ങുകയാണ്'' മാഷ് അവരെ വിളിച്ചു.
അല്‍പ്പംകൂടി മുന്നോട്ടുനീങ്ങിയപ്പോള്‍ അതാ ഡിവൈഡറില്‍തന്നെ നാലഞ്ച് പേര്‍ മൂടിപ്പുതച്ച് കിടക്കുന്നു.
''ഇത് ദില്ലിയുടെ മാത്രം ചിത്രമല്ല''. മാഷ് പറഞ്ഞു.
''എല്ലാ മഹാനഗരങ്ങളിലുമുണ്ട് ഇങ്ങനെ റോഡിലെ ഡിവൈഡറില്‍ കിടന്നുറങ്ങുന്നവര്‍. മുംബൈയിലും ജയ്പൂരിലുമൊക്കെ ഞാനിത് എത്രയോവട്ടം കണ്ടിരിക്കുന്നു''.
ആഷ്‌ലിക്കും നദിക്കും അത് പുതിയ അനുഭവമായിരുന്നു.
മാഷ് തുടര്‍ന്നു.
''തെരുവില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുണ്ട് നമ്മുടെ രാജ്യത്ത്. ഇടതു ഭാഗത്തുകൂടെയും വലതു ഭാഗത്തുകൂടെയും വാഹനങ്ങള്‍ പാഞ്ഞുപോവുമ്പോള്‍ കൊതുകിനോടും പ്രതികൂല കാലാവസ്ഥയോടും ഉറക്കംമുറിക്കുന്ന അസംഖ്യം ശബ്ദങ്ങളോടും പൊരുതി ഇങ്ങനെ ഉറങ്ങാന്‍ കിടക്കേണ്ടിവരുന്നതിനെപ്പറ്റി ഒന്നോര്‍ത്തുനോക്കൂ''.
''എന്തു കഷ്ടമാണത്''. മാഷ് തെല്ലിട നിര്‍ത്തി പിന്നെ തുടര്‍ന്നു.
''ഇത് മാത്രമല്ല, കടത്തിണ്ണകളില്‍, പാലത്തിനു ചോട്ടില്‍, വലിയപൈപ്പുകള്‍ക്കുള്ളില്‍ ഒക്കെ ഉറങ്ങുന്നവരുണ്ട്. തലയിണക്ക് ഉയരം പോരെന്നും മെത്തയ്ക്ക് മാര്‍ദവമില്ലെന്നും പരാതി പറയുന്നവരല്ലേ നാം? കേട്ടിട്ടില്ലേ, അതിശൈത്യത്തില്‍ ആളുകള്‍ മരിച്ച് പോയി എന്ന്? അതില്‍ നല്ലപങ്കും ഇങ്ങനെ തെരുവിലുറങ്ങുന്നവരാണ്. ഇത്തരത്തിലുള്ള പുതിയ പുതിയ അറിവുകളിലേക്കും അനുഭവങ്ങളിലേക്കും കൂടിയുള്ളതാണ് ഓരോ യാത്രകളും. ഉല്ലാസവും സന്തോഷവും മാത്രമല്ല നാം ഓരോ യാത്രയിലും സ്വന്തമാക്കുന്നത്.
''ജന്ദര്‍മന്ദിര്‍, പുരാണാഖ്വിലാ, കുത്ത ബ്മിനാര്‍, ഇന്ത്യാ ഗേറ്റ്, നാഷനല്‍ മ്യൂസിയം, ലോട്ടസ് ടെമ്പിള്‍, ജുമാ മസ്ജിദ്, കത്തീഡ്രല്‍ ചര്‍ച്ച്, രാജ്ഘട്ട്, ലോദി ഗാര്‍ഡന്‍... വീ ആര്‍ പ്ലാനിങ് ടു സീ ദീസ് പ്ലേസസ് ടുഡേ, റെസ്റ്റ് ഓഫ് ദ സ്‌പോട്‌സ് ടുമോറോ''.
ട്രാവലര്‍ വാനിലേക്ക് കയറാനൊരുങ്ങവേ ആഷ്‌വിന്‍ എല്ലാവരോടുമായി പറഞ്ഞു.
കുട്ടികള്‍ രാവിലെ ഒരുക്കങ്ങള്‍ തീര്‍ത്ത് തയാറെടുത്തപ്പോഴേക്കും പറഞ്ഞ സമയത്ത് തന്നെ കഴുകി വൃത്തിയാക്കിയ തിളങ്ങുന്ന വാഹനവുമായി ആഷ്‌വിന്‍ എത്തിയിരുന്നു.
''അപ്പോള്‍ ബ്രേക്ക് ഫാസ്റ്റോ മാഷേ''.
വിവേകാണ് ആ ആശങ്ക പങ്കുവച്ചത്. എല്ലാവരും ചിരിച്ചു.
ചായയും രണ്ട് തുണ്ട് ബിസ്‌ക്കറ്റും മാത്രമേ അവര്‍ കഴിച്ചിരുന്നുള്ളു. രാകേഷിനെ തിരക്കുകള്‍ക്കിടയില്‍ അക്കാര്യത്തില്‍ കൂടി ബുദ്ധിമുട്ടിക്കേണ്ടതില്ലാ എന്നവര്‍ തീരുമാനിച്ചിരുന്നു. മാത്രവുമല്ല രാകേഷിന് അന്നേദിവസം പകല്‍ ചില പരിപാടികളുമുണ്ട്.
''ബ്രേക്ക്ഫാസ്റ്റ് മാത്രമല്ലെടാ ലഞ്ചും സപ്പറുമൊക്കെ നമ്മള്‍ സമയത്ത് തന്നെ കഴിക്കും''.
വിവേകിനെ സമാധാനിപ്പിച്ചുകൊണ്ട് ജീവന്‍ മാഷ് വാനിലേക്ക് കയറി.
''അപ്പോള്‍ ആഷ്‌വിന്‍ പറഞ്ഞത് നിങ്ങള്‍ കേട്ടുവല്ലോ. ആ സ്ഥലങ്ങളിലൊക്കെ നമുക്ക് ഒന്നൊന്നായി പോവാനുണ്ട്. അപ്പോള്‍ കാര്യങ്ങള്‍ സ്പീഡില്‍ വേണമെന്ന്''.
ഓടിത്തുടങ്ങിയ വണ്ടിയില്‍ നിന്ന് എഴുന്നേറ്റ് പിന്നോട്ടുനോക്കി ജീവന്‍ മാഷ് പറഞ്ഞു.
''ടീകെ സര്‍'' ആരവ് പറഞ്ഞപ്പോള്‍ വണ്ടിയില്‍ കൂട്ടച്ചിരി മുഴങ്ങി.
''ആ പിന്നെ ഒരു കാര്യം നമ്മുടെ സാരഥി, ഈ ആഷ്‌വിന്‍ ചില്ലറക്കാരനല്ല കേട്ടോ'' ഡ്രൈവിങ് സീറ്റില്‍ മുന്നോട്ട് മാത്രം ശ്രദ്ധിച്ച് ഇരുന്നിരുന്ന ആഷ്‌വിനെ നോക്കി ജീവന്‍ മാഷ് പറഞ്ഞു.
''ഇദ്ദേഹം ഒരു ഡ്രൈവറല്ല, മറിച്ച് നിങ്ങളെപ്പോലൊരു വിദ്യാര്‍ഥിയാണ്. അതും എവിടുത്തെ വിദ്യാര്‍ഥി?'' മാഷ് നാടകീയമായി ഒന്നു നിര്‍ത്തി എന്നിട്ട് പറഞ്ഞു.
''ജെ.എന്‍.യു(ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി)വിലെ വിദ്യാര്‍ഥി!''
''നമ്മളൊക്കെ പഠിക്കാന്‍ മോഹിക്കുന്ന ഒരു സ്ഥാപനത്തിലെ മിടുക്കനായ വിദ്യാര്‍ഥി. പഠനത്തിന് വേണ്ട പണം കണ്ടെത്താന്‍ ഇടവേളകളില്‍ ഗൈഡും ഡ്രൈവറുമായി ജോലിചെയ്യുന്നു ഈ മിടുക്കന്‍''.
''രാകേഷ് ആണ് ഇയാളെക്കുറിച്ച് എന്നോട് പറഞ്ഞത്. ആളെക്കുറിച്ച് വേറൊരു സര്‍പ്രൈസ് കൂടിയുണ്ട്.'
മാഷ് എല്ലാവരെയും മാറി മാറി നോക്കി... പിന്നെ പറഞ്ഞു.
'ആഷ്‌വിന്‍ മലയാളിയാണ്‍.'
'ഹേ..! ആണോ?' എന്നിങ്ങനെയുള്ള അത്ഭുതശബ്ദങ്ങള്‍ കുട്ടികളില്‍ നിന്ന് ഉണ്ടായി.
'അപ്പോള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം നമ്മളോട് സംസാരിച്ചതെന്തിനാ?.'
അക്ഷരയ്ക്ക് സംശയം.
'അത് ഒരു പക്ഷേ മലയാളിയാണെന്നും ജെ.എന്‍.യു വിദ്യാര്‍ഥി ആണെന്നും അറിഞ്ഞാല്‍ നിങ്ങള്‍ടെ ഭാഗത്തുനിന്നുണ്ടാവുന്ന ആരാധനാ ശല്യം ഒഴിവാക്കാനാവും അല്ലെ ആഷ്‌വിന്‍?.'
'ഹേ അങ്ങനെയൊന്നും ഇല്ല സര്‍,.'
തിരിഞ്ഞുനോക്കാതെ, ശുദ്ധമലയാളത്തില്‍ ആഷ്‌വിന്‍ മറുപടി പറഞ്ഞു.
'ഞാന്‍ മലയാളിയാണെന്ന് അവസാനം പറയാമെന്ന് ഞാന്‍ കരുതിയിരുന്നു. അത് വരെ നിങ്ങളുടെ തമാശകളൊക്കെ മിണ്ടാതിരുന്ന് കേള്‍ക്കാമെന്നും വിചാരിച്ചു.' ആഷ്‌വിന്‍ ചിരിച്ചു.
'ഓകെ.....ശരി.. ഇനി സംഗതി വെളിച്ചത്തായ സ്ഥിതിയ്ക്ക് ഇവര്‍ നിങ്ങളെ വെറുതെ വിടുമെന്ന് തോന്നുന്നില്ല.' ജീവന്‍ മാഷ് പറഞ്ഞു. 'കനയ്യകുമാറിന്റെ ചങ്ങാതിയാണോ, പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹസിന്റെ ക്ലാസ്‌മേറ്റാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഇനി വരും. ഏതായാലും മിനിമം കാര്യങ്ങള്‍ പറയൂ ആഷ്‌വിന്‍'
പക്ഷേ വഴിയില്‍ നല്ല തിരക്കായതിനാല്‍ അയാള്‍ ഒന്നും സംസാരിച്ചില്ല. ഡ്രൈവിങില്‍ മാത്രം ശ്രദ്ധിച്ചിരുന്നു. പിന്നെ പാര്‍ക്കിങ്ങിനും കൂടി സ്ഥലമുള്ള ഒരു ഹോട്ടലിന് മുന്നില്‍ വണ്ടിയൊതുക്കി.
'ജെ.എന്‍.യുവിനെപ്പറ്റി നിങ്ങളൊക്കെ നിറയെ കേട്ടിട്ടുണ്ടാവുമല്ലോ ഇപ്പോള്‍. വിശേഷിച്ച് പോയ വര്‍ഷങ്ങളിലുണ്ടായ സംഭവങ്ങള്‍ക്കുശേഷം?' .
ആഷ്‌വിന്‍ സംസാരിക്കാന്‍ തുടങ്ങി.
കുട്ടികള്‍ തലകുലുക്കി.
'ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സര്‍വകലാശാലയായ ജെ.എന്‍.യുവിനെപ്പറ്റി പറയേണ്ടതില്ല.
1969 ലാണ് നമ്മുടെ മുന്‍ പ്രധാനമന്ത്രിയുടെ സ്മരണാര്‍ഥമുള്ള ഈ സ്ഥാപനം സ്ഥാപിതമായത്. ജവഹര്‍ലാല്‍ നെഹ്‌റു ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളുടെ, സ്വപ്‌നങ്ങളുടെ പൂര്‍ത്തീകരണത്തിനായാണ് ജെ.എന്‍.യു നിലകൊള്ളുന്നത്. മികച്ച അധ്യാപകരുള്ള ജെ.എന്‍.യുവിനെ ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍വകലാശാലയായിട്ടാണ് കണക്കാക്കുന്നത്. നമ്മുടെ നാഷനല്‍ ഡിഫന്‍സ് അക്കാദമി, മസ്സൂരിയിലെ ഐ.എ.എസ് അക്കാദമി, കേരളത്തിലെ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട പല പഠന-ഗവേഷണ സ്ഥാപനങ്ങള്‍ക്കും അക്രഡിറ്റേഷന്‍ നല്‍കുന്നത് ജെ.എന്‍.യു ആണ്. 13 സ്‌കൂളുകളാണ് ജെ.എന്‍.യുവില്‍ ഉള്ളത്.
അത്രയും പറഞ്ഞ് ആഷ്‌വിന്‍ കുട്ടികളെ ആകെ ഒന്ന് നോക്കി.
''നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് മനസിലാവുന്നുണ്ടോ? സര്‍വകലാശാലയില്‍ സ്‌കൂളോ എന്നാണോ സംശയം?! ഈ സ്‌കൂള്‍ എന്ന് പറഞ്ഞാല്‍ പഠന വിഭാഗം-ശാഖ എന്നൊക്കെയാണ് അര്‍ഥം കേട്ടോ. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് പരിസ്ഥിതി പഠന വിഭാഗം എന്നിങ്ങനെ 13 ഓളം പഠനവിഭാഗങ്ങള്‍''.
ഇതില്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡിസിലാണ് ഞാന്‍ പഠിക്കുന്നത്. എം.എ വിദ്യാര്‍ഥി. നാട്ടില്‍ ബി.എയ്ക്ക് ചരിത്രം പഠിച്ച ശേഷമാണ് ഞാന്‍ ഇങ്ങോട്ട് വരുന്നത്. അതിനായി എന്‍ട്രന്‍സ് എഴുതി. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ജെ.എന്‍.യു പ്രവേശനത്തിനായി മെയ് മാസത്തില്‍ എന്‍ട്രന്‍സ് പരീക്ഷ നടത്തും. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് അഡ്മിഷന്‍ കിട്ടുക.
ശരിക്കും നമ്മളെ മാറ്റിമറിക്കുന്ന വല്ലാത്ത ഒരു ലോകമാണ് ജെ.എന്‍.യു കാംപസ്. ഉയര്‍ന്ന ആലോചനയും ചിന്തയും ക്രിയാശേഷിയുമുള്ള ആളുകളുടെ ഒരു ലോകം. മഹത്‌വ്യക്തിത്വങ്ങളായ അധ്യാപകര്‍. അതിശയിപ്പിക്കുന്ന ലൈബ്രറി മറ്റു സൗകര്യങ്ങള്‍.
ജെ.എന്‍.യുവില്‍ പഠിച്ചിറങ്ങിയ ഒരുപാട് മഹാന്മാരുണ്ട്. മുന്‍ കേന്ദ്രമന്ത്രി ദിഗ്‌വിജയ് സിങ്,ഇപ്പോഴത്തെ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍, എഴുത്തുകാരനായ സണ്ണി സിങ്, സി.പി.എം നേതാക്കളായ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി തുടങ്ങി അസംഖ്യം പേര്‍.
പഠനച്ചെലവുകളും മറ്റും മീറ്റ് ചെയ്യാനാണ് ഇടവേളകളില്‍ ഞാന്‍ ഡ്രൈവിങും ഗൈഡിങും ജോലിയായി എടുക്കുന്നത്. ജെ.എന്‍.യുവില്‍ ഒരു പരിപാടിക്കു വന്ന രാകേഷ് ഭായിയാണ് ഇങ്ങനെ ഒരു നിര്‍ദേശം വച്ചത്. എന്നെപ്പോലെ പഠനത്തിനുള്ള വരുമാനം കണ്ടെത്താന്‍ ഇടവേളകളില്‍ ജോലിചെയ്യുന്ന വേറെയും വിദ്യാര്‍ഥികളുണ്ട് കേട്ടോ. അല്ലെങ്കിലും ജോലിയുടെ മഹത്വം ജെ.എന്‍.യു എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നു.
പിന്നെ ഫ്രണ്ട്‌സ്, പ്ലസ്ടുവും ഗ്രാജ്വേഷനും ഒക്കെ കഴിഞ്ഞ് നിങ്ങള്‍ക്കും ചിലര്‍ക്കൊക്കെ താല്‍പ്പര്യമുള്ള പക്ഷം ഇവിടെ വന്ന് ചേരാം കേട്ടോ. കുറച്ച്‌പേരുടെ സ്വപ്‌നം അതാവട്ടെ''.
ആഷ്‌വിന്‍ പറഞ്ഞവസാനിപ്പിച്ചു എന്ന മട്ടില്‍ തീന്‍ മേശക്കരികില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ഭാവിച്ചു.
''അപ്പോള്‍ ഭായി അഡ്മിഷനെപ്പറ്റിയും മറ്റും ഉള്ള വിവരങ്ങള്‍ നമ്മളെങ്ങനെയാണ് അറിയുക?''
ഫിദലാണ് ആ സംശയം ഉന്നയിച്ചത്.
''അഡ്മിഷന്‍, ഫീസ്, സംവരണം, ഇതരകാര്യങ്ങള്‍.. എല്ലാത്തിനെപ്പറ്റിയും ഒരുപാട് വിവരങ്ങളുണ്ട് പറയാന്‍. പക്ഷേ അതേപ്പറ്റിയൊക്കെ നിങ്ങള്‍ക്ക് വേഗം മനസിലാക്കാനുള്ള വഴി ജെ.എന്‍.യുവിന്റെ വെബ്‌സൈറ്റ് നോക്കുക എന്നാതാണ്. ംംം.ഷിൗ.മര.ശി ആണ് . എല്ലാം
അതിലുണ്ട്. ഓ.കെ...''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."