ടി.വിയില്ലാത്ത കുട്ടികള്‍ക്ക് അയല്‍പക്ക പഠനകേന്ദ്രം
തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ടി.വി ഇല്ലാത്ത വീടുകളിലെ കുട്ടികള്‍ക്ക് അയല്‍പക്ക പഠനകേന്ദ്രം ഒരുക്കാന്‍ തീരുമാനം. ഇതിനായുള്ള ചിലവിന്റെ 75 ശതമാനം കെ.എസ്.എഫ്.ഇ നല്‍കും. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിലൂടെയാണ് പണം കണ്ടെത്തുന്നത്. ശേഷിക്കുന്ന 25 ശതമാനം കേന്ദ്രം ഒരുക്കുന്ന ചിലവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ സ്‌പോണ്‍സര്‍മാര്‍ വഴിയോ കണ്ടെത്തും.
കുടുംബശ്രീ വഴി കുട്ടികള്‍ക്ക് ലാപ്‌ടോപ് വാങ്ങുന്നതിന് കെ.എസ്.എഫ്.ഇ പദ്ധതി രൂപീകരിക്കും. കെ.എസ്.എഫ്.ഇയുടെ മൈക്രോ ചിട്ടികളില്‍ ചേരുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് അര്‍ഹത. ഹൈടെക് പദ്ധതിയുടെ ഭാഗമായി തയാറാക്കിയ 1,20,000 ലാപ്‌ടോപ്പ്, 7,000 പ്രോജക്ടര്‍, 4,455 ടെലിവിഷനുകള്‍ തുടങ്ങിയവ സൗകര്യമില്ലാത്തിടത്ത് ഉപയോഗിക്കും. ഇന്നലെ ക്ലാസുകള്‍ നഷ്ടപ്പെട്ട രക്ഷിതാക്കളും വിദ്യാര്‍ഥികളും ആശങ്കപ്പെടേണ്ടെന്നും ആദ്യ ആഴ്ചയില്‍ ട്രയല്‍ സംവിധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 8ന് ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യും.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ട സാങ്കേതിക സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് ക്ലാസുകള്‍ ലഭ്യമാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ കോളജുകളിലോ അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലോ ഒരുക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."