പാകിസ്താനിലേക്ക് പോവാനാവശ്യപ്പെട്ട് ഹരിയാനയില്‍ മുസ്ലിം കുടുബത്തിനു നേരെ ആക്രമണം -VIDEO
ഗുരുഗ്രാം(ഹരിയാന): പാകിസ്താനിലേക്ക് പോവാനാവശ്യപ്പെട്ട് ഹോളി ദിനത്തില്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്ലിം കുടുബത്തിനു നേരെ ക്രൂരമര്‍ദനം. ഹോക്കി സ്റ്റിക്സ്, ഇരുമ്പു ദണ്ഡ് എന്നിവ കൊണ്ടാണ് മര്‍ദിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15ഓളം പേര്‍ക്ക് മര്‍ദനമേറ്റു.
ആക്രമണത്തിന് ഇരയായ കുടുംബത്തിലെ കുട്ടികള്‍ വീടിനു വെളിയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ കളി അവസാനിപ്പിക്കാനും പാകിസ്താനില്‍ പോയി ക്രിക്കറ്റ് കളിക്കാനും ആവശ്യപ്പെട്ടു. ഇവര്‍ മദ്യലഹരിയിലായിരുന്നു. എന്നാല്‍ കുട്ടികള്‍ കളി തുടര്‍ന്നതോടെ കൂടുതല്‍ ആളുകളുമായിവന്ന സംഘം അവരെ അക്രമിക്കുകയായിരുന്നു. കുട്ടികള്‍ വീടിനുള്ളിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമി സംഘം പിന്തുടര്ന്ന് വീട്ടിനുള്ളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും മുതിര്‍ന്നവരെയും ഉള്‍പ്പെടെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
കൂടുംബത്തിലെ സാജിദ് എന്നയാളെ ബോധം മറയുന്നതുവരെ അക്രമിച്ചു.
' ഞങ്ങള്‍ വീട്ടില്‍ വന്ന അഥിതികള്‍ക്കായി ഭക്ഷണം പാകം ചെയ്യുകയായിരുന്നു. പെട്ടെന്ന് ആക്രമികള്‍ വീട്ടിലേക്കു കയറുകയും സ്റ്റിക്കു കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഞാന്‍ അവരെ തടയാന്‍ ശ്രമിക്കുകയും എന്താണു പ്രശ്നമെന്നു ചോദിക്കുകയും ചെയ്തു. അവര്‍ മുകളിലെ നിലയില്‍ പോയി ജനലുകളും വാതിലുകളും തകര്‍ക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു' ആക്രമണത്തിനിരയായ ഒരു സ്ത്രീ പറഞ്ഞു.
അതേ സമയം പൊലിസ് വിവരമറിയിച്ച് 40 മിനുട്ട് കഴിഞ്ഞാണെത്തിയതെന്ന് കുടുംബം ആരോപിച്ചു.
സംഭവത്തില്‍ ആറുപേരെ പൊലിസ് അറസ്റ്റു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."