അഫ്ഗാനില്‍ ഇരട്ടസ്‌ഫോടനം; നാലു മരണം, ഗവര്‍ണര്‍ക്ക് പരുക്ക്
കാബൂള്‍: അഫ്ഗാനില്‍ കര്‍ഷകദിനാഘോഷ പരിപാടിക്കിടെ ഉണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. ഗവര്‍ണര്‍ ഉള്‍പ്പെടെ 31 പേര്‍ക്കു പരുക്കേറ്റു. ഹെല്‍മന്ത് പ്രവിശ്യയില്‍പെട്ട ലഷ്‌കാര്‍ ഗാഹിലെ സ്റ്റേഡിയത്തിലാണു സംഭവം. ആക്രമണം നടക്കുമ്പോള്‍ പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ് യാസീന്‍ ഖാന്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു.
ഗവര്‍ണറുടെ പരുക്ക് സാരമുള്ളതല്ലെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. സ്‌ഫോടനത്തിന്റെ മുന്‍പും ശേഷവും വെടിവയ്പുണ്ടായതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിമിതമായ ഗേറ്റുകള്‍ മാത്രമുള്ള സ്റ്റേഡിയത്തില്‍ സ്‌ഫോടനമുണ്ടായതോടെ ജനങ്ങള്‍ ചിതറിയോടിയത് പരിഭ്രാന്തി കൂട്ടി. നേരത്തെ സ്റ്റേഡിയത്തിനുള്ളില്‍ സ്ഥാപിച്ച ബോംബ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണു റിപ്പോര്‍ട്ട്.
ഇതേസ്ഥലത്ത് കഴിഞ്ഞവര്‍ഷം റെസ്ലിങ് മത്സരത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. കാബൂളില്‍ വ്യാഴാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും 23 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."