കെ.പി.എന്‍ നമ്പീശന്‍ അനുസ്മരണം 16ന് ഓര്‍മദിനമായി ആചരിക്കും
വടക്കാഞ്ചേരി: കെ.പി.എന്‍ നമ്പീശന്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കുമ്പളങ്ങാട് ഗ്രാമീണ വായനശാല ജൂലൈ 16 ഒരുമയുടെ ഓര്‍മദിനമായി ആചരിക്കും. ഉച്ചതിരിഞ്ഞ് രണ്ടിന് വായനശാലാ ഹാളില്‍ വച്ച് നടക്കുന്ന കെ.പി.എന്‍ അനുസ്മരണ സമ്മേളനം വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര ഉദ്ഘാടനം ചെയ്യും. വായനശാലാ പ്രസിഡന്റ് കെ.സേതുമാധവന്‍ അധ്യക്ഷനാകും.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. നാടിന്റെ സമസ്ത മേഖലയിലും സജീവ സാന്നിധ്യമായിരുന്ന കെ.പി.എന്‍ നമ്പീശന്‍ തുടര്‍ച്ചയായി രണ്ട് പതിറ്റാണ്ടുകാലം വടക്കാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ നാലുപതിറ്റാണ്ടുകാലം കുമ്പളങ്ങാട് ഗ്രാമീണ വായനശാലയുടെ പ്രസിഡന്റ് എന്നീ നിലകളില്‍ സുസ്ത്യര്‍ഹമായ സേവനം നടത്തി നമ്പീശന്‍.
നാടിന് അക്ഷര വെളിച്ചം പകര്‍ന്ന് നല്‍കുന്നതില്‍ നമ്പീശന്‍ വഹിച്ച പങ്ക് നിസ്തുലമാണ്. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുമ്പോഴും ഗ്രന്ഥശാലാ രംഗം മുഖ്യപ്രവര്‍ത്തന മേഖലയായി തെരഞ്ഞെടുത്തു അദ്ദേഹം.
ഗ്രസ്ഥശാലാ സംഘം ജില്ലാ സെക്രട്ടറി, താലൂക്ക് പ്രസിഡന്റ് എന്നീ നിലകളില്‍ സേവന മനുഷ്ഠിച്ച നമ്പീശന്‍ മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള സംസ്ഥാന തല അവാര്‍ഡുകള്‍ നിരവധി തവണ നേടിയിരുന്നു. ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍ ഹരി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ജനപ്രതിനിധികളും, രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നിരവധി പ്രമുഖരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."