വിഷ്ണുവിന് കൈത്താങ്ങായി 'ശിഖ'യുടെ അവസാന യാത്ര
പളളുരുത്തി: പതിമൂന്നുകാരനായ വിഷ്ണുവിന് സഹായഹസ്തം ഉയര്‍ത്തി 'ശിഖ'യുടെ അവസാന യാത്ര. കുമ്പളങ്ങി, എറണാകുളം, മട്ടാഞ്ചേരി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ശിഖ ബസാണ് രക്താര്‍ബുദം ബാധിച്ച മുണ്ടംവേലി സ്വദേശി വിഷ്ണുവിന് വേണ്ടി ഇന്നലെ കാരുണ്യ യാത്ര നടത്തിയത്. സ്റ്റേജ് ഗ്യാര്യേജ് ബസ്സുകള്‍ 15 വര്‍ഷംപൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ സര്‍വീസ് അവസാനിപ്പിക്കണമെന്ന ചട്ടം നിലനില്‍ക്കുന്നതിനാല്‍ ബസ് നിരത്തുവിടേണ്ടതും ഇന്നലെയായിരുന്നു. വിഷ്ണുവിനായാണ് ശിഖ അവസാനമായി ഓടിയത്.
വാഹനത്തില്‍ കയറിയ ആളുകളില്‍ നിന്നും ടിക്കറ്റ് കീറി പണം വാങ്ങുന്നതിനു പകരം ബക്കറ്റില്‍ പണം ശേഖരിച്ചു.ശ്രീകരത്തിന്റെ ചെയര്‍മാന്‍ ആര്‍.പ്രകാശ് കാരുണ്യ യാത്ര ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ശ്യാമള എസ്. പ്രഭു, മുന്‍ മേയര്‍ കെ.ജെ സോഹന്‍, വത്സല ഗിരീഷ്, എഴുത്തുകാരന്‍ എം.വി ബെന്നി എന്നിവരും ശിഖയുടെ അവസാന ഓട്ടത്തില്‍ പങ്കാളികളായി.
കുമ്പളങ്ങി പഞ്ചായത്തിലെത്തിയ വാഹനത്തിന് പഞ്ചായത്ത് പ്രസിഡന്റ് മാര്‍ട്ടിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വാഹനം യാത്രയാക്കിയത്. ശ്രീകരത്തില്‍വെച്ചു നടക്കുന്ന ചടങ്ങില്‍ വിഷ്ണുവിന്റെ കുടുംബത്തിന് സഹായധനം കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."