പോരടിച്ചത് പേരിനായി ചിഹ്നം മാറ്റി കമ്മിഷന്‍
#എ.കെ ഫസലുറഹ്മാന്‍
മലപ്പുറം: സി.പി.എം അരിവാള്‍ ചുറ്റിക നക്ഷത്രം തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കാന്‍ തുടങ്ങിയതിനുപിന്നില്‍ ഒരു കൗതുക ചരിത്രമുണ്ട്. 1962ല്‍ ഉണ്ടായ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ ഭിന്നിച്ചെങ്കിലും പേരുപോലും മാറ്റാതെ പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റുകളെ ഒടുവില്‍ പേരിലും ചിഹ്നത്തിലും രണ്ടാക്കിയത് തെരഞ്ഞെടുപ്പു കമ്മിഷനാണ്. അതും കേരളത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്.
1962 പൊതുതെരഞ്ഞെടുപ്പുവരെ സി.പി.ഐ എന്ന ഒറ്റപ്പേരില്‍ മത്സരിച്ചിരുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ 1964ലാണ് രണ്ടുവഴിക്കായത്. അവിഭക്ത പാര്‍ട്ടിയുടെ അനന്തരവകാശത്തെ ചൊല്ലി തര്‍ക്കത്തിലായതില്‍ പണി കിട്ടിയതാവട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്കും. ഇരുവിഭാഗവും ഞങ്ങള്‍തന്നെയാണ് യഥാര്‍ഥ കമ്മ്യൂണിസ്റ്റുളെന്ന് വാദിച്ച് സി.പി.ഐ എന്ന പേരില്‍ ഉറച്ചുനിന്നപ്പോള്‍ പേരിനൊപ്പം ഇവരെ തിരിച്ചറിയാന്‍ 'ഇടത് ','വലത് 'എന്നിങ്ങനെ ചേര്‍ത്താണ് വാര്‍ത്തകള്‍ നല്‍കിയിരുന്നത്.
വലതുപക്ഷ കക്ഷികളുമായി ബന്ധമുള്ളവര്‍ എന്ന നിലയില്‍ ഇന്നത്തെ സി.പി.ഐയെ വലത് വിഭാഗം എന്നും ഇന്നത്തെ സി.പി.ഐ (എം)നെ ഇടത് വിഭാഗം എന്നും വിളിച്ചു. ബന്ധമുള്ള രാജ്യവുമായി ബന്ധപ്പെടുത്തി 'ചൈന പക്ഷപാതി' എന്നും 'റഷ്യ പക്ഷപാതി' എന്നും നേതാക്കളുടെ പേരുചേര്‍ത്ത് 'ഡാങ്കെ പാര്‍ട്ടി' എന്നും 'സുന്ദരയ്യ പാര്‍ട്ടി' എന്നും വിളിച്ചവരുമുണ്ട്്. പേരുതര്‍ക്കത്തില്‍ പോരിലായ കമ്മ്യൂണിസ്റ്റുകളുടെ കാര്യത്തില്‍ തീരുമാനമാക്കാന്‍ ഒടുവില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇടപെടേണ്ടിവന്നു.
ഇരുവിഭാഗത്തിന്റെയും 1964ലെ പാര്‍ട്ടി കോണ്‍ഗ്രസിനു പിന്നാലെ കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ (1965ലെ നിയമസഭാ തെരഞ്ഞെടുപ്പ്) അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നവും പേരും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഇരുവരും വാദിച്ചു. വാദം കേട്ട തെരഞ്ഞെടുപ്പു കമ്മിഷനാവട്ടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരും ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതലുള്ള അരിവാള്‍ നെല്‍ക്കതിര്‍ ചിഹ്നവും വലതു കമ്മ്യൂണിസ്റ്റുകള്‍ക്ക് (ഇന്നത്തെ സി.പി.ഐ) നല്‍കി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേര് ചെറിയ ഭേദഗതിയിലൂടെ മറുവിഭാഗത്തിന് ഉപയോഗിക്കാമെന്നും മറ്റൊരു ചിഹ്നം കണ്ടെത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് സി.പി.ഐ അഥവാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരിനൊപ്പം ബ്രാക്കറ്റില്‍ മാര്‍ക്‌സിസ്റ്റ് എന്ന് രേഖപ്പെടുത്താന്‍ തീരുമാനിച്ചത്്. കൂടെ പുതിയ ചിഹ്നമായി അരിവാള്‍ ചുറ്റിക നക്ഷത്രവും അംഗീകരിക്കപ്പെടുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നില്‍ നടന്ന 'ചിഹ്നം വിളിയില്‍' വിജയം സി.പി.ഐക്കായിരുന്നെങ്കിലും മറ്റൊരു തരത്തില്‍ വിജയം തങ്ങള്‍ക്കാണെന്ന് ഇ.എം.എസ് നമ്പൂതിരിപ്പാടിനെ പോലുള്ളവര്‍ അവകാശപ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ലോകതലത്തില്‍ ഉപയോഗിക്കുന്ന കൊടിയടയാളമായ അരിവാളും ചുറ്റികയും തെരഞ്ഞെടുപ്പു ചിഹ്നമായി കിട്ടാന്‍ 1952ലെ ഒന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നതായാണ് അവകാശവാദം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ അപേക്ഷ പക്ഷേ അന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. പാര്‍ട്ടിയുടെ കൊടിയടയാളം തെരഞ്ഞെടുപ്പ് ചിഹ്നമായി അംഗീകരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പകരം കൊടിയടയാളത്തില്‍ ചെറിയൊരു മാറ്റത്തോടെ അരിവാള്‍ നെല്‍കതിര്‍ തെരഞ്ഞെടുക്കുന്നത്്.
1952ല്‍ അവിഭക്ത പാര്‍ട്ടിക്ക് ശ്രമിച്ചിട്ടും കിട്ടാത്തത്് കിട്ടിയത് നേട്ടമായി കാണാന്‍ ഇതിലപ്പുറം എന്തുവേണം. 1967ലെ പൊതുതെരഞ്ഞെടുപ്പോടെയാണ് രാജ്യവ്യാപകമായി സി.പി.ഐ അരിവാളും നെല്‍കക്കതിരും സി.പി.ഐ (എം) അരിവാള്‍ ചുറ്റിക നക്ഷത്രവും ചിഹ്നമായി ഉപയോഗിക്കുന്നത്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."