കുടുംബവഴക്ക് മുതല്‍ വൈദ്യസഹായം വരെ; തുണയായി പിങ്ക് പൊലിസ് രംഗത്തുണ്ട്
കോഴിക്കോട്: 1515 നമ്പറില്‍ ഒരു ഫോണ്‍ കോളെത്തി. പ്രശ്‌നം കുടുംബവഴക്കാണ്. കുടുംബകാര്യത്തില്‍ പൊലിസിന് എന്തുകാര്യം എന്ന് ചിന്തിക്കാന്‍ വരട്ടെ. പൊലിസ് വാഹനം പരാതിക്കാരിയുടെ വീട്ടിലേക്ക് കുതിച്ചു.
തിരിച്ചുപോരുമ്പോള്‍ വീട്ടുകാര്‍ക്കും പൊലിസുകാര്‍ക്കും സന്തോഷം. ഇത് പിങ്ക് പോലിസാണ്.
കോഴിക്കോട് നഗരത്തില്‍ ഈ പിങ്ക് വാഹനം റോന്ത് ചുറ്റുന്നുണ്ടാകും. സ്ത്രീകള്‍ക്ക് ആശ്വാസമായി. ഒരു മാസത്തിലേറെയായി കോഴിക്കോട് നഗരത്തില്‍ പിങ്ക് പൊലിസ് സേവനം തുടങ്ങിയിട്ട്. ഇതിനിടയ്ക്ക് സ്ത്രീകളുടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പിങ്ക് പൊലിസിന് കഴിഞ്ഞു. എന്ത് പരാതിയുണ്ടെങ്കിലും സ്ത്രീകള്‍ വിളിക്കും. ചിലര്‍ക്ക് സന്ധ്യയായിട്ടും കോളജില്‍പോയ മകന്‍ തിരിച്ചുവന്നില്ല എന്നായിരിക്കും പരാതി, ചിലര്‍ വിളിച്ചു പറയും റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് സഹായം അഭ്യര്‍ഥിച്ച് ഒരു യുവതി നില്‍ക്കുന്നതായി കണ്ടു, ഒന്ന് ശ്രദ്ധിക്കണം. പരാതിയെന്താണെങ്കിലും പിങ്ക് പൊലിസ് ഉടന്‍ സ്ഥലത്തെത്തും. പരാതിക്ക് തീര്‍പ്പുണ്ടാക്കിയിട്ടേ മടങ്ങൂ.
കോഴിക്കോട് നഗരത്തില്‍ നിലവില്‍ രണ്ട് പിങ്ക് പൊലിസ് വാഹനങ്ങളിലാണ് പട്രോളിങ്ങ് നടക്കുന്നത്. ഒരു മാസത്തെ പ്രവര്‍ത്തനത്തിലെ സന്തോഷം ഒരുപാടാണെന്ന് പിങ്ക് പൊലിസ് അംഗങ്ങള്‍ പങ്കുവയ്ക്കുന്നു.
പലരും കൂട്ടുകാരോട് സമീപിക്കുന്ന പോലെയാണ് തങ്ങളെ സമീപിക്കുന്നത്. സെല്‍ഫിക്കായി സമീപിക്കുന്നവരുമുണ്ട്. പൊലിസ് സ്റ്റേഷനുകളില്‍ പോകാന്‍ മടിയുള്ള പലരും ഇവരെ പൊതുനിരത്തുകളില്‍ കാണുമ്പോള്‍ സമീപിക്കാറുണ്ട്. ഒരു മാസമായി ലഭിച്ച കോളുകളില്‍ മിക്കതും കുടുംബവഴക്കുകളാണ് എല്ലാ പരാതികളും പിങ്ക് പൊലിസ് നേരിട്ട് പരിഹരിക്കുന്നുണ്ട്. വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ പരാതികളും ലഭിക്കുന്നുണ്ട്.
പൊലിസ് സ്റ്റേഷന്‍ കയറാന്‍ മടിച്ച പെണ്‍കുട്ടി തനിക്ക് നേരിട്ട മാനസിക പീഡനം പിങ്ക് പൊലിസിനെ അറിയിച്ചത് ബീച്ചില്‍ പട്രോളിങ്ങ് നടത്തുന്നതിനിടെയാണ്. അന്നുതന്നെ അവരുടെ പരാതി പരിഹരിക്കുകയും ചെയ്തു. തെരുവുകളിലും റോഡുകളിലും ബീച്ച് പരിസരങ്ങളിലും പിങ്ക് പൊലിസിനെ കാണുമ്പോള്‍ കൈവീശി അഭിവാദ്യം അര്‍പ്പിക്കുന്ന തിരക്കിലാണ് വിദ്യാര്‍ഥിനികളും മറ്റും.
രാത്രിസമയങ്ങളില്‍ ഒറ്റപെടുന്ന അവസരങ്ങളിലും മറ്റും തങ്ങളെ തേടി കോളുകള്‍ വരാറുണ്ട്. രാത്രികളില്‍ ഒറ്റപെട്ടു കാണുന്ന മാനസിക വൈകല്യമുള്ള സ്ത്രീകളെ അഭയ കേന്ദ്രങ്ങളില്‍ എത്തിക്കലും ഏറ്റെടുത്തു ചെയ്യാറുണ്ട്. മറ്റു ഡ്യൂട്ടികളെക്കാള്‍ ഒരുപാട് സന്തോഷം പകരുന്ന പ്രവര്‍ത്തനമാണ് പിങ്ക് പൊലിസ് ജോലിയില്‍ ലഭിക്കുന്നതെന്ന് പിങ്ക് പൊലിസ് ഉദ്യോഗസ്ഥ ലളിത പറയുന്നു.
സ്ത്രീകള്‍ക്ക് തുറന്ന് സംസാരിക്കാന്‍ കഴിയുന്ന പിങ്ക് പൊലിസ് പദ്ധതികള്‍ നഗരത്തിനു പുറത്തേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
അടിയന്തര സഹായം ലഭ്യമാക്കാന്‍ പരിശീലനം നേടിയ ഉദ്യോഗസ്ഥരാണ് രണ്ടു വാഹനങ്ങളില്‍ നഗരം ചുറ്റുന്നത്. പ്രത്യേക ജി.പി.എസ് സംവിധാനം വാഹനത്തില്‍ സജ്ജീകരിച്ചതിനാല്‍ വിളിക്കുന്നയാളുടെ നമ്പര്‍ വഴി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി മിനിറ്റുകള്‍ക്കകം പിങ്ക് പൊലിസ് അരികെ എത്തും.
നിലവില്‍ പിങ്ക് പൊലിസിന്റെ സമയ പരിധി എട്ട് മുതല്‍ എട്ടു വരെയാണ് രാത്രി സമയങ്ങളില്‍ സഹായം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."