ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം: അന്‍സിയുടെ മയ്യിത്ത് നാട്ടിലെത്തി; അല്‍പ്പസമയത്തിനകം മറവുചെയ്യും
കൊടുങ്ങല്ലൂര്‍: ന്യൂസീലന്‍ഡിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സി അലിബാവയുടെ മയ്യിത്ത് നാട്ടിലെത്തിച്ചു. ദുബയ് വഴി എണിറേറ്റ്‌സ് വിമാനത്തിലാണ് മയ്യിത്ത് കൊച്ചിയിലെത്തിയത്. പുലര്‍ച്ചെ 3.30ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മയ്യിത്ത് വിമാനത്താവളത്തില്‍ വച്ച് ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇരിഞ്ഞാലക്കുട ആര്‍.ഡി.ഒ കാര്‍ത്തിയായനി ദേവി, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, ഇബ്രാഹിം കുഞ്ഞ്, റോജി ജോണ്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ എന്നിവരും ഈ സമയം വിമാനത്താവളത്തിലെത്തിയിരുന്നു. രാവിലെ ഒമ്പത് മണിക്ക് കൊടുങ്ങല്ലൂര്‍ കമ്മ്യൂണിറ്റി ഹാളിലെ പൊതുദര്‍ശനത്തിന് വച്ച ശേഷം മയ്യിത്ത് കൊടുങ്ങല്ലൂരിലെ വീട്ടിലേക്കു കൊണ്ടുപോയി. 11 മണിക്ക് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് മറവുചെയ്യും.
[caption id="attachment_710552" align="aligncenter" width="630"] അന്‍സിയും ഭര്‍ത്താവ് അബ്ദുല്‍ നാസറും[/caption]
ഭര്‍ത്താവ് അബ്ദുല്‍ നാസറിനൊപ്പം ന്യൂസിലന്‍ഡില്‍ കഴിഞ്ഞിരുന്ന അന്‍സി, ലിന്‍കോണ്‍ സര്‍വകലാശാലയില്‍ അഗ്രിബിസിനസ് വിദ്യാര്‍ഥിയായിരുന്നു. ന്യൂസിലന്‍ഡില്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് നാസര്‍. രണ്ടുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. പരേതനായ കരിപ്പാക്കുളം അലിബാവയുടെയും റസിയയുടെയും മകളാണ് അന്‍സി. സഹോദരന്‍: ആസിഫ്.
മാര്‍ച്ച് 15 വെള്ളിയാഴ്ചയാണ് ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ പള്ളികളില്‍ ഭീകരാക്രമണമുണ്ടായത്. വെടിവെപ്പില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവദിവസം പള്ളിയിലെത്തിയ അന്‍സി ആക്രമണം കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വെടിയേറ്റ് വീഴുകയായിരുന്നു. ഇതേസമയം പള്ളിയുടെ മറ്റൊരുഭാഗത്ത് പ്രാര്‍ഥനയിലായിരുന്നനാസര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."