നീലവസന്തമെത്തുമ്പോഴും യാഥാര്‍ഥ്യമാകാതെ കുറിഞ്ഞിമല സങ്കേതം
തൊടുപുഴ: പ്രകൃതിയുടെ വിസ്മയക്കാഴ്ചയായി വ്യാഴവട്ടത്തിലൊരിക്കല്‍ പൂത്തുലയുന്ന നീലവസന്തമെത്തുമ്പോഴും വ്യാഴവട്ടത്തിനുംമുന്‍പ് പ്രഖ്യാപിച്ച കുറിഞ്ഞിമല സങ്കേതം ഇനിയും യാഥാര്‍ഥ്യമായില്ല. പശ്ചിമഘട്ട മലനിരകളില്‍ നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശങ്ങളെ ഉള്‍പ്പെടുത്തി 12 വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച കുറിഞ്ഞിമല സാങ്ച്വറിയാണ് ഇപ്പോഴും കടലാസില്‍ ഒതുങ്ങുന്നത്.
നീലക്കുറിഞ്ഞിയുടെ സംരക്ഷണാര്‍ഥം 2006 ഒക്ടോബര്‍ ആറിന് മൂന്നാറില്‍ അന്നത്തെ ആഭ്യന്തര-ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനും വനം-വന്യ ജീവി മന്ത്രി ബിനോയ് വിശ്വവും സംയുക്തമായാണ് കുറിഞ്ഞിമല സാങ്ച്വറിയുടെ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ വര്‍ഷം 12 പിന്നിട്ടിട്ടും അതിര്‍ത്തി നിര്‍ണയം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ, കഴിഞ്ഞ മാസം ചേര്‍ന്ന മന്ത്രിസഭാ യോഗം കുറിഞ്ഞിമല സങ്കേതത്തിനു കുറഞ്ഞ വിസ്തൃതി 3,200 ഹെക്ടറായിരിക്കണമെന്നു തീരുമാനിച്ചിട്ടുണ്ട്.
സങ്കേതത്തിനകത്തു വരുന്ന പട്ടയപ്രശ്‌നങ്ങള്‍ പരിഹരിക്കാനും നിയമപരമായി വിസ്തൃതി നിജപ്പെടുത്താനും ഐ.എ.എസ് ഉദ്യോഗസ്ഥനെ സെറ്റില്‍മെന്റ് ഓഫിസറായി നിയമിക്കാനും തീരുമാനമായിരുന്നു. എന്നാല്‍, ദേവികുളം സബ് കലക്ടര്‍ നിലവില്‍ സെറ്റില്‍മെന്റ് ഓഫിസറായിരിക്കെ പുതിയൊരു ഓഫിസറുടെ ആവശ്യമില്ലെന്നാണു നിയമവിദഗ്ധര്‍ പറയുന്നത്.
കുറിഞ്ഞിമല സങ്കേത പ്രദേശത്ത് അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്റിസ് എന്നിവ നട്ടുവളര്‍ത്തുന്നതു നിരോധിക്കാന്‍ കേരള പ്രമോഷന്‍ ഓഫ് ട്രീ ഗ്രോത്ത് ഇന്‍ നോണ്‍ ഫോറസ്റ്റ് ഏരിയാസ് ആക്ട് ഭേദഗതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സങ്കേതത്തില്‍ വരുന്ന വനഭൂമിയും പട്ടയഭൂമിയും ഡ്രോണ്‍ സര്‍വേ സാങ്കേതികവിദ്യ ഉപയോഗിച്ചു തിട്ടപ്പെടുത്തുന്നത് ജൂണിനു മുന്‍പ് പൂര്‍ത്തിയാക്കാനും തിട്ടപ്പെടുത്തുന്ന ഭൂമി വനംവകുപ്പ് ജണ്ടയിട്ടു തിരിക്കുമെന്നും പ്രഖ്യാപനമുണ്ട്.
ദേശീയോദ്യാനങ്ങളായ പാമ്പാടുംചോല, ആനമുടിച്ചോല, ചിന്നാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി, തമിഴ്‌നാടിന്റെ ഇന്ദിരാഗാന്ധി ടൈഗര്‍ റിസര്‍വ്, കൊടൈക്കനാല്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി എന്നിവ നിര്‍ദിഷ്ട കുറിഞ്ഞിമല സങ്കേത പ്രദേശത്തു ചുറ്റപ്പെട്ടുകിടക്കുകയാണ്. അതിനാല്‍തന്നെ അതിര്‍ത്തിനിര്‍ണയവും അതീവ സങ്കീര്‍ണമാണ്. ജോയ്‌സ് ജോര്‍ജ് എം.പിയുടേതടക്കം വിവാദമായ കൈയേറ്റ ഭൂമിയും ഈ മേഖലയിലാണുള്ളത്.
വട്ടവട, കൊട്ടക്കാമ്പൂര്‍ വില്ലേജുകളിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ചോലവനങ്ങളും പുല്‍മേടുകളും സമൃദ്ധമായ ഈ മേഖല നീലക്കുറിഞ്ഞിയുടെ സ്വാഭാവിക ആവാസസ്ഥാനമാണ്. സാധാരണ സംസ്ഥാനത്ത് ആദ്യം നീലക്കുറിഞ്ഞി പൂക്കുന്നത് വട്ടവട മേഖലയിലാണ്.
വംശനാശ ഭീഷണി നേരിടുന്ന നീലക്കുറിഞ്ഞിക്കു വിനോദസഞ്ചാരികളില്‍നിന്നും ഇതര മാനുഷിക ഇടപെടലുകളില്‍നിന്നും വന്‍ തോതില്‍ നാശമുണ്ടാകുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ പ്രദേശം സാങ്ച്വറിയാക്കി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വംശനാശ ഭീഷണി നേരിടുന്ന വരയാട്, കാട്ടുപോത്ത്, ആന, കേഴ തുടങ്ങിയവയുടെ സംരക്ഷണവും ഇതിലൂടെ ലക്ഷ്യമിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."