റെന്റ് എ കാര്‍ സഊദിവല്‍കരണം; ഒരുക്കങ്ങള്‍ക്ക് തുടക്കം
ജിദ്ദ: റെന്റ് എ കാര്‍ ഓഫിസുകളിലും കമ്പനികളിലും സമ്പൂര്‍ണ സഊദിവല്‍കരണം നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം തുടക്കംകുറിച്ചു. ഇതിന്റെ ഭാഗമായുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിന് റിയാദില്‍ കഴിഞ്ഞ ദിവസം ശില്‍പശാല സംഘടിപ്പിച്ചു.
തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്രാഹിം അല്‍ശാഫിയും തൊഴില്‍, മുനിസിപ്പല്‍ മന്ത്രാലയങ്ങളുടെയും ഗതാഗത അതോറിറ്റിയുടെയും പ്രതിനിധികളും റെന്റ് എ കാര്‍ മേഖലയിലെ നിക്ഷേപകരും ശില്‍പശാലയില്‍ പങ്കെടുത്തു.
റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ സഊദികളെ നിയമിച്ച് അവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനെയും ഈ മേഖലയിലെ തൊഴില്‍ സമയത്തെയും തൊഴില്‍ കരാറുകളെയും കുറിച്ചും ശില്‍പശാല ചര്‍ച്ച ചെയ്തു. പാര്‍ട്‌ടൈം അടിസ്ഥാനത്തില്‍ റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ നിയമിക്കുന്നതിനും ആലോചനയുണ്ട്. പ്രത്യേക സമയക്രമം പാലിച്ച് വിവിധ പ്രവിശ്യകളില്‍ ഘട്ടംഘട്ടമായി റെന്റ് എ കാര്‍ മേഖലയില്‍ സമ്പൂര്‍ണ സഊദിവല്‍കരണം നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ ശില്‍പശാല ആരാഞ്ഞു.
സൗദിവല്‍കരണം നടപ്പാക്കുന്നതിന് അനുയോജ്യമായ തന്ത്രപ്രധാന മേഖലയാണ് റെന്റ് എ കാര്‍ മേഖല. തൊഴില്‍ സുരക്ഷയും ഉയര്‍ന്ന വേതനവും സഊദിവല്‍കരണത്തിന് അനുകൂലമായ ഘടകങ്ങളാണ്. നിയമ ലംഘകരായ വിദേശികള്‍ നിലവില്‍ ചില റെന്റ് എ കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. കൂടാതെ ഈ മേഖലയില്‍ വിദേശികള്‍ ബിനാമി സ്ഥാപനങ്ങളും നടത്തുന്നുണ്ട്. ഇത്തരം നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ശില്‍പശാല എടുത്തുപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."