പുറത്തു വരുന്ന വാര്‍ത്തകള്‍ വേദനാജനകം: മഅ്ദനി
കഠിനംകളം: കഴിഞ്ഞ ഏതാനം ദിവസങ്ങളായി പത്രമാധ്യമങ്ങളിലൂടെ പുറത്തു വരുന്ന വാര്‍ത്തകള്‍ വേദനാജനകമാണെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി.
സുഖമില്ലാതെ കിടക്കുന്ന മാതാവിനെ കാണാന്‍ സുപ്രിം കോടതി അനുവദിച്ച പന്ത്രണ്ട് ദിവസത്തിന് ശേഷം ബംഗ്‌ളുരുവിലേക്ക് മടങ്ങവേ കഴക്കൂട്ടം അല്‍സാജ് ഹോട്ടലില്‍ ഒരുക്കിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും അപ്രത്യക്ഷരായവര്‍ ഐ .എസ്സില്‍ ചേര്‍ന്നു എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. അത്തരത്തില്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നതായി കണ്ടാല്‍ അവരെ പൂര്‍ണമായി ഒറ്റപ്പെടുത്തണം. മുസ്ലിം സമൂഹവും, പണ്ഡിതരും. സംഘടനകളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിലൂടെ മതവികാരം ഇളക്കിവിട്ടു എന്ന് ആരോപിക്കുന്ന സാക്കിര്‍ നായികിന്റെ പ്രസംഗം താന്‍ കൂടുതലായി കേട്ടിട്ടില്ലന്നും ഇതില്‍ തനിക്ക് ഒരു അഭിപ്രായവുമില്ലന്നും ചോദ്യത്തിന് മറുപടിയായി മഅ്ദനി പറഞ്ഞു.
ഒന്നര പതിറ്റാണ്ടിന് ശേഷം ലഭിച്ച ഏറ്റവും സുന്ദരമായ നിമിഷങ്ങളായിരുന്നു ഈ പന്ത്രണ്ടു ദിവസങ്ങളിലേതെന്നും നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് ഏഴ് മണിയോടെ കഴക്കൂട്ടം അല്‍സാജിലെത്തിയ മഅ്ദനി മഗ്‌രിബ് , ഇഷാ നിസ്‌കാരം കഴിഞ്ഞു ഭക്ഷണവും കഴിച്ച ശേഷമാണ് വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്. രാത്രി 11.45ന് പുറപ്പെട്ട ഇന്‍ഡിഗോ എയര്‍ലെന്‍സില്‍ ബംഗ്‌ളൂരുവിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."