ബജറ്റും കനിഞ്ഞില്ല; പേപ്പാറയുടെ വികസനം പെരുവഴിയില്‍
പേപ്പാറ: ബജറ്റും കൈവിട്ടു. തലസ്ഥാനത്തിന് കുടിവെള്ളം എത്തിക്കുന്ന പേപ്പാറയുടെ വികസനം പെരുവഴിയില്‍.സംസ്ഥാനത്തെ രണ്ടാമത്തെ കോണ്‍ക്രീറ്റ് ഡാമെന്ന ഖ്യാതിയുള്ള പേപ്പാറ ഡാം ഇന്ന് അവഗണിക്കപെടുകയാണ്. വിനോദസഞ്ചാരത്തിലും വൈദ്യുതോല്‍പാദനത്തിലും അനന്ത സാധ്യതകളുണ്ടായിട്ടും വനം, ജലവിഭവ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും അധികൃതരുടെ അലംഭാവവും കാരണം അത് പ്രയോജനപ്പെടുത്താനായിട്ടില്ല.
1983 ലാണ് അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ വരുന്ന പേപ്പാറയില്‍ വാട്ടര്‍ അതോറിറ്റിയുടെ അണക്കെട്ട് വരുന്നത്. ആ വര്‍ഷം തന്നെ ഇതൊരു വന്യജീവി സങ്കേതമായും പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ വനം , ജലവിഭവ വകുപ്പുകള്‍ ഇവിടേക്കെത്തി. അന്നു മുതല്‍ തന്നെ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും തുടങ്ങിയതായി ഉദ്യോഗസ്ഥരില്‍ ചിലര്‍ പറയുന്നു. വകുപ്പുകളുടെ തമ്മിലടി പേപ്പാറയുടെ വികസനത്തെ പ്രതികൂലമായി ബാധിച്ചു.
ഡാം ഗേറ്റ് വരെ ഒന്നാന്തരം റോഡുണ്ട്. എന്നാല്‍ ഗേറ്റ് കടന്നതിനു ശേഷമുള്ള കാഴ്ചകള്‍ നിരാശപ്പെടുത്തുന്നതാണ്. തകര്‍ന്നടിഞ്ഞ റോഡ്, അടച്ചുപൂട്ടിയ ക്യാന്റീന്‍, ചോര്‍ന്നൊലിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍, സ്മാരകം പോലെ അവശേഷിക്കുന്ന കുട്ടികളുടെ പാര്‍ക്കും പൂന്തോട്ടവും, ഡാമിനടുത്തേയ്‌ക്കെത്താന്‍ പൊട്ടിപ്പൊളിഞ്ഞ പടിക്കെട്ടുകള്‍, കാടുമൂടിയ അന്തരീക്ഷം, പൊട്ടിപ്പൊളിഞ്ഞ ഡാം സംരക്ഷണ ഭിത്തി...സഞ്ചാരികള്‍ക്കായി എന്തെങ്കിലും ചെയ്യുന്നത് വനംവകുപ്പ് മാത്രമാണെന്നു പറയാം.
ഇരുനില ഏറുമാടം, നാടുകാണിപ്പാറയിലേക്കു ട്രക്കിങ്, വന യാത്ര തുടങ്ങി പദ്ധതികള്‍ വനം വകുപ്പ് നടപ്പിലാക്കി വരുന്നുണ്ട്. ജലവിഭവ വകുപ്പിന് പ്രത്യേകം പദ്ധതികളൊന്നുമില്ല. ഡാമില്‍ നിന്നും വരുന്ന വെള്ളം ഉപയോഗിച്ച് ഇവിടെ വൈദ്യുതി ഉല്‍പാദനം നടക്കുന്നുണ്ടെങ്കിലും സാങ്കേതിക തകരാറുകള്‍ കാരണം ഉല്‍പാദനം തടസപ്പെടുന്നത് പതിവാണ്. തകരാറുകള്‍ പരിഹരിക്കാന്‍ അധികൃതര്‍ ശ്രമിക്കാറുമില്ല. അതിനാല്‍ തന്നെ വര്‍ഷത്തില്‍ അധികം സമയവും പേപ്പാറയില്‍ വൈദ്യുതി ഉല്‍പാദനം നടക്കാറില്ല. ടൂറിസം വകുപ്പിനെ ഇവിടെ കൊണ്ടു വരാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.
വനം വകുപ്പും വനം വകുപ്പും ജല വിഭവ വകുപ്പും സഹകരിച്ച് പദ്ധതികള്‍ക്കു രൂപം നല്‍കിയാല്‍ മാത്രമേ പേപ്പാറയുടെ വികസ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാവുകയുള്ളൂ. ബോണക്കാടന്‍ മലയും ഭംഗിയേറിയ വെള്ളചാട്ടവും കാനന സൗന്ദര്യവുമൊക്കെയായി അനുഗ്രഹിക്കപ്പെട്ട ഇടമാണ് പേപ്പാറ.
കൃത്യമായ ആസൂത്രണവും നിര്‍വഹണ ക്ഷമതയുമുണ്ടെങ്കില്‍ പേപ്പാറ ജില്ലയിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാകും. അതിനായി കാത്തിരിക്കുകയാണ് നാട്ടുകാരും സഞ്ചാരികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."