പി.എച്ച്.ഡി അപേക്ഷിക്കാന്‍ സമയമായി
#ഡോ. ബി. ഇഫ്തികാര്‍ അഹമ്മദ്
കേരളമടക്കം ഇന്ത്യയിലെ ഒട്ടുമിക്ക സര്‍വകലാശാലകളും ഇതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പി.എച്ച്ഡി. ലഭ്യമാക്കുന്ന ഗവേഷണപഠനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു. ശാസ്ത്ര, സാങ്കേതിക, മാനവിക, ഭാഷാപഠനമേലകളില്‍ ഗവേഷണത്വരയുള്ളവര്‍ക്ക് ആഗോളാടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങള്‍ തന്നെയാണ് യു.ജി.സി, സി.എസ്.ഐ.ആര്‍ പോലുള്ള നിയന്ത്രണ ബോഡികള്‍ പി.എച്ച്.ഡി.ക്കായി നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചല്ലാതെ നേടുന്ന ഗവേഷണ ബിരുദത്തിന് അംഗീകാരമുണ്ടാവില്ല. കൂടാതെ ഇതിലൂടെ ലഭിക്കാവുന്ന നേട്ടങ്ങള്‍ അന്യമാക്കപ്പെടുകയും ചെയ്യും.
വിജ്ഞാപന സമയത്തെ തയാറെടുപ്പ്
55 ശതമാനത്തില്‍ കുറയാത്ത മാസ്റ്റര്‍ ബിരുദമാണ് കുറഞ്ഞ യോഗ്യത. നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ് (ജെ.ആര്‍.എഫ്) തുടങ്ങിയ യോഗ്യതാ പരീക്ഷകള്‍ വിജയിച്ചവര്‍ക്ക് പ്രവേശനപരീക്ഷയുടെ ആവശ്യമില്ല. വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ പ്രവേശനപരീക്ഷയുടെ തയാറെടുപ്പിനു വളരെ കുറച്ചുസമയം മാത്രമേ ലഭിക്കുകയുള്ളൂ. സ്വന്തം വിഷയത്തിലെ അടിസ്ഥാന മേഖലകളെക്കുറിച്ചും ഗവേഷണ രീതിശാസ്ത്രത്തെക്കുറിച്ചും നന്നായി മനസിലാക്കി വേണം പ്രവേശന പരീക്ഷാഹാളിലേക്കു പ്രവേശിക്കുന്നത്.
കോഴ്‌സ് വര്‍ക്ക്
2010 നു ശേഷം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പി.എച്ച്ഡി. ഗവേഷണങ്ങള്‍ക്ക് കോഴ്‌സ് വര്‍ക്ക് നിര്‍ബന്ധമാണ്. ഏതാണ്ട് ആറു മാസം നീണ്ടുനില്‍ക്കുന്ന, 75 ശതമാനം ഹാജര്‍ നിര്‍ബന്ധമുള്ള ഒരു ക്ലാസ്‌റൂം പദ്ധതിയാണ് ഇത്. ജോലിയുള്ളവരാണെങ്കില്‍ പോലും ഏതെങ്കിലും ലഭ്യമായ അവധികള്‍ നേടിക്കൊണ്ട് ഇതു പൂര്‍ത്തിയാക്കിയേ പറ്റൂ. ഒരാളുടെ വിഷയത്തിനകത്തും പരിസരങ്ങളിലുള്ള മേഖലകളിലും പ്രാവീണ്യം നേടാന്‍ പ്രാപ്തമാക്കുന്ന രീതിയിലാണ് കോഴ്‌സ് വര്‍ക്ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ച് ഇതിനൊടുവില്‍ നടത്തുന്ന പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നവര്‍ക്കാണ് പി.എച്ച്ഡി. രജിസ്‌ട്രേഷന്‍ ലഭിക്കുക.
രജിസ്‌ട്രേഷന്‍
ഗവേഷണത്തിന്റെ വിഷയത്തെക്കുറിച്ചും അതിനുപയോഗിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചും അവലംബിക്കുന്ന രീതിശാസ്ര്ത്രത്തെക്കുറിച്ചുമൊക്കെ വ്യക്തമാക്കുന്ന ഒരു സംഗ്രഹം. റിസര്‍ച്ച് ഗൈഡിന്റെ നിരീക്ഷണത്തില്‍ നേരത്തെ തയാറാക്കിവച്ചത് പുറത്തെടുക്കാന്‍ സമയമായിരിക്കുന്നു. അറിയിപ്പു ലഭിക്കുന്നതിനനുസരിച്ച് ഈ സംഗ്രഹം ഒരു കൂട്ടം ഗവേഷണ അക്കാദമിക്കുകളുടെ സമിതിക്കു മുമ്പായി അവതരിപ്പിക്കണം. ഡോക്ടറല്‍ കമ്മിറ്റി എന്നാണ് ഈ സമിതിയുടെ പേര്. നിങ്ങളുടെ സംഗ്രഹത്തില്‍ തെറ്റുതിരുത്തല്‍ വേണമെങ്കില്‍ അതും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അതും ഈ സമിതി നിര്‍ദ്ദേശിക്കും. സംഗ്രഹം അംഗീകരിച്ചാല്‍ അതാതു സര്‍വകലാശാലകള്‍ നിങ്ങളുടെ പി.എച്ച്ഡി. പഠനത്തിന് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കും.
പ്രിലിമിനറി തീസിസ്
രജിസ്‌ട്രേഷന്‍ നിലവില്‍ വരുന്ന തിയതി മുതല്‍ കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സമര്‍പ്പിക്കേണ്ട പ്രബന്ധമാണ് പ്രിലിമിനറി തീസിസ്. അറുപതു മുതല്‍ നൂറുവരെ പേജുകള്‍ ആണ് ഒരു ശരാശരി പ്രിലിമിന്റെ വലിപ്പം. ഒരു പേജില്‍ ഏതു ഫോണ്ടില്‍, എത്ര വരി തുടങ്ങിയ നിരവധി നിബന്ധന ഈ പ്രബന്ധത്തിന് അത്യാവശ്യമാണ്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോഡേണ്‍ ലാങ്ഗ്വിജ് അസോസിയേഷന്‍ തയാറാക്കിയിട്ടുള്ള എം.എല്‍.എ. ബുക്ക്, എ.പി.എല്‍ നിര്‍ദ്ദേശങ്ങള്‍, തുടങ്ങി നിരവധി രീതിശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇതിന്റെ ഭാഗമായി തയാറാക്കേണ്ടതുണ്ട്. ഗവേഷണത്തിനൊടുവില്‍ സമര്‍പ്പിക്കുന്ന തീസിസിന്റെ കെട്ടും മട്ടുമൊക്കെയുള്ള ഒരു മിനിയേച്ചര്‍ തീസിസ് തന്നെയാണ് പ്രിലിം.
ഗൈഡിന്റെ അംഗീകാരത്തോടെ പ്രിലിം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അത് എക്‌സ്‌റ്റേണല്‍ മൂല്യനിര്‍ണയത്തിനു വിധേയമാക്കപ്പെടും. ഒടുവില്‍ ഈ മൂല്യനിര്‍ണയം നടത്തിയ ആള്‍ ഉള്‍പെടുന്ന ഒരു സമിതിക്കു മുമ്പില്‍ പ്രിലിം വൈവ നടക്കും. വിദ്യാര്‍ഥിയുടെ കണ്ടെത്തലിനെ സാധൂകരിക്കാന്‍ നിര്‍ബന്ധിക്കുന്ന ഒരു സംവാദമാണ് ഇത്. നിങ്ങളുടെ കണ്ടെത്തലുകളുടെ ആദ്യപാദം ശരിയായ ദിശയിലൂടെയാണ് നീങ്ങുന്നത് എന്നു നിര്‍ണയ സമിതിക്കു ബോധ്യമായാല്‍ സര്‍വകലാശാലയോട് നിങ്ങളുടെ പഠനം തുടര്‍ന്നു നടത്താനും സ്ഥിരം രജിസ്‌ട്രേഷന്‍ നല്‍കാനും നിര്‍ദ്ദേശിക്കും. എം.ഫില്‍. യോഗ്യത നേടിയ ആളാണ് പഠിതാവെങ്കില്‍ പ്രിലിം ആവശ്യമില്ലാത്ത യൂനിവേഴ്‌സിറ്റികളും ഉണ്ട്.
ഡോക്ടറേറ്റിലേക്ക്
മുഴുവന്‍ സമയ വിദ്യാര്‍ഥികള്‍ക്ക് പ്രിലിം കഴിഞ്ഞ് രണ്ടര വര്‍ഷം കൊണ്ടും പാര്‍ട് ടൈമുകാര്‍ക്ക് (സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് മാത്രമേ പാര്‍ട് ടൈം രജിസ്‌ട്രേഷന്‍ നല്‍കാറുള്ളൂ) മൂന്നര വര്‍ഷം കൊണ്ടുമാണ് തീസിസ് സമര്‍പ്പിക്കാനുള്ള മിനിമം കാലയളവ്. സാഹചര്യമനുസരിച്ച് രണ്ടു വര്‍ഷം വരെ നീട്ടിക്കിട്ടാറുണ്ട്. സംഗ്രഹത്തില്‍ പറഞ്ഞ കാര്യങ്ങളെ സാധൂകരിക്കുന്ന രീതിയില്‍ ഗവേഷണത്തിലൂടെ കണ്ടെത്തിയ വസ്തുതകള്‍, രീതിശാസ്ത്രമനുസരിച്ച് ഗൈഡിന്റെ അംഗീകാരത്തോടു കൂടി 250 ല്‍പരം പേജുകളിലായി അവതരിപ്പിക്കുന്ന തീസിസ് ആവശ്യമായ രേഖകളോടുകൂടി സമര്‍പ്പിച്ചാല്‍ പി.എച്ച്ഡി. വര്‍ക്ക് ഏതാണ്ട് തീര്‍ന്നു.
മൂന്നോ അതിലധികമോ എക്‌സ്‌റ്റേണല്‍ എക്‌സാമിനര്‍മാര്‍ പരിശോധിച്ച് അംഗീകാരം ലഭിക്കുന്ന റിപ്പോര്‍ട്ട് അവതരിപ്പിക്കലാണ് അടുത്ത ഘട്ടം. സര്‍വകലാശാല ഉദ്യോഗാര്‍ഥിക്ക് തന്റെ കണ്ടെത്തലിനെക്കുറിച്ച് പൊതുസമക്ഷം വിശദീകരിക്കാനും സംശയനിവാരണം നടത്താനും അവസരം നല്‍കും. എക്‌സ്‌റ്റേണല്‍ എക്‌സാമിനര്‍മാരില്‍നിന്ന് ഒരാളും ഗൈഡും അക്കാദമിക് സമൂഹവും ഒക്കെ ചേര്‍ന്ന പൊതുസദസില്‍വച്ചു നടക്കുന്ന ഈ പരിപാടിക്ക് തുറന്ന സംവാദം എന്നാണു പേര്. ഇതില്‍ വിജയിക്കുന്ന വിദ്യാര്‍ഥിക്ക് ഡോക്ടറേറ്റ് (ഡോക്ടര്‍ ഓഫ് ഫിലോസഫി അഥവാ പി.എച്ച്ഡി.) നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്യുന്നു.
നിലവാരമുള്ള സര്‍വകലാശാലകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. സ്ഥാപനങ്ങള്‍ നിങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട് ഗവേഷണ സെന്ററുകള്‍ നടത്തുന്നുണ്ടോ എന്ന് ആദ്യമേ മനസിലാക്കണം. ഗവേഷണത്തിന് ഇഷ്ടമുള്ള മേഖലയില്‍ സാധ്യതയുള്ള ഇടങ്ങള്‍ ഏതൊക്കെയാണ് എന്നു മനസിലാക്കിവയ്ക്കണം.
ഇതിനായി പരിചയസമ്പന്നരുടെ ഉപദേശം തേടുക നിര്‍ബന്ധമാണ്. എല്ലാ പി.എച്ച്ഡി. ഗവേഷണ പ്രബന്ധങ്ങളും സമര്‍പ്പിക്കപ്പെടുന്നത് ഒരു റിസര്‍ച്ച് ഗൈഡിന്റെ സഹായത്തോടുകൂടി മാത്രമാണ്. നിങ്ങളുടെ മേഖലയില്‍ നിങ്ങള്‍ക്ക് അനുയോജ്യരായ ഒരാളെ അവരുടെ ലഭ്യത മനസിലാക്കി നേരത്തെ കണ്ടെത്തണം. (ഒരു ഗൈഡിന് പരമാവധി എട്ട് സ്‌കോളര്‍മാര്‍ മാത്രമേ ഒരു സമയത്തു പാടുള്ളൂ എന്നു വ്യവസ്ഥയുണ്ട്)
നാലുവര്‍ഷത്തോളം നീളുന്ന ഒരു സമര്‍പ്പണ സപര്യയാണ് ഒരാള്‍ക്ക് പി.എച്ച്ഡി. നേടിക്കൊടുക്കുന്നത്. ബിരുദാനന്തര ബിരുദപഠനം തുടങ്ങുമ്പോള്‍ തന്നെ പി.എച്ച്.ഡി. തയാറെടുപ്പ് നടത്തുന്നത് ഗുണകരമാണെന്ന് ചുരുക്കം.
കാര്‍ഷിക രംഗത്ത്
ചുവടുവയ്ക്കാം
കാര്‍ഷിക രംഗം നമ്മുടെ രാജ്യത്തിന്റെ പ്രാഥമിക തൊഴില്‍ മേഖലയാണ്.
കാര്‍ഷിക മേഖലയിലെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അനേകം പദ്ധതികള്‍ ആവിഷ്‌കരിക്കാറുണ്ട്. അനുദിനം വര്‍ധിച്ചു വരുന്ന ജനസംഖ്യയും ഭക്ഷ്യോല്‍പാദനവും കാര്‍ഷിക രംഗത്ത് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുന്നു.
പ്ലസ്ടുവിന് ശേഷം കാര്‍ഷിക രംഗത്തേക്ക് ചുവടുവയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകള്‍ ചെയ്യാവുന്നതാണ്. സര്‍ക്കാര്‍ മേഖലയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നവയാണ് പല കാര്‍ഷിക കോഴ്‌സുകളും.
കാര്‍ഷിക സര്‍വകലാശാലയുടെ ബി.എസ്.സി അഗ്രികള്‍ച്ചര്‍ കോഴ്‌സിന് നീറ്റ് എക്‌സാമിലൂടെ പ്രവേശനം നേടാവുന്നതാണ്. സയന്‍സ് ഗ്രൂപ്പെടുത്ത് പ്ല്‌സ്ടു പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം.
ഫിസിക്‌സ്, കെമിസ്ട്രി,ബയോളജി വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്ക് വേണം. തിരുവനന്തപുരം (വെള്ളായണി), തൃശ്ശൂര്‍ (വെള്ളാനിക്കര), കാസര്‍കോട് (നീലേശ്വരം-പടന്നക്കാട്) എന്നിവിടങ്ങളിലാണ് കേരളത്തിലെ മുഖ്യ കാര്‍ഷിക കോളജുകള്‍.
കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ (മണ്ണുത്തി), വയനാട് (പൂക്കോട്) വെറ്ററിനറി കോളജുകളിലേക്കുള്ള പ്രവേശനം നീറ്റ് വഴി നേടി വെറ്ററിനറി സയന്‍സില്‍ ബി.വി എസ്.സി ആന്‍ഡ് എ.എച്ച് കോഴ്‌സിന് ചേരാവുന്നതാണ്. വെറ്ററിനറി സര്‍വകലാശാല നടത്തുന്ന ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സുകള്‍ തൃശ്ശൂര്‍, വയനാട്, തിരുവനന്തപുരം ജില്ലകളില്‍ പഠിക്കാവുന്നതാണ്.
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലും വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയും നിരവധി കാര്‍ഷിക അനുബന്ധ കോഴ്‌സുകള്‍ നടത്തുന്നുണ്ട്.
ബി.എസ്.സി അഗ്രികള്‍ച്ചര്‍, ഹോള്‍ട്ടികള്‍ച്ചര്‍, ബയോ ടെക്‌നോളജി, ബി.ടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ്, സോയില്‍ സയന്‍സ് തുടങ്ങിയവ ഈ വിഭാഗത്തില്‍പെടുന്നവയാണ്.
പ്രവേശന പരീക്ഷ വഴിയാണ് എല്ലാ കോഴ്‌സുകളിലേക്കുമുള്ള പ്രവേശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."