യൂത്ത് കോണ്‍ഗ്രസ് യൂത്ത് മാര്‍ച്ച് മെയ് ഒന്നിന് തുടങ്ങും
കാസര്‍കോട്: വര്‍ഗീയതക്കെതിരേ നാടുണര്‍ത്തുക, ഭരണ തകര്‍ച്ചക്കെതിരേ മനസ്സുണര്‍ത്തുക എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യൂത്ത് മാര്‍ച്ച് മെയ് ഒന്നിന് കാസര്‍കോട് നിന്നും തുടങ്ങുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇടതു സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന മെയ് 25ന് സെക്രട്ടറിയേറ്റ് ഉപരോധിച്ചു കൊണ്ട് യൂത്ത് മാര്‍ച്ച് സമാപിക്കും. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നു കാട്ടുന്നതിനായാണ് വാഹന പ്രചാരണ ജാഥ നടത്തുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
മെയ് ഒന്നിന് ബദിയഡുക്കയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുത്ത് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. യുത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് അമരീന്ദര്‍ സിംങ് രാജാ ബ്രാര്‍ മുഖ്യാതിഥിയായിരിക്കും. സംസ്ഥാനത്തെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തുന്ന യുത്ത് മാര്‍ച്ചിന്റെ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും.
സമാപനത്തിന്റെ ഭാഗമായി നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പങ്കെടുക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉമ്മന്‍ചാണ്ടി. എം.എം ഹസ്സന്, വി.എം സുധീരന്, കെ മുരളീധരന്, മുകുള്‍ വാസ്നിക്, ദീപക് ബാബറിയ, എം.എന്‍ സൂരജ്, രവീന്ദ്രദാസ് സംസാരിക്കും. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിമാരായ എട്ടു പേര് ജാഥയില്‍ സ്ഥിരാംഗങ്ങളായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡീന്‍ കുര്യാക്കോസ്, യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് പ്രസിഡന്റ് സാജിദ് മൗവ്വല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."