പരിഷ്കരണത്തിന് വിധേയമാകണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി
ന്യൂഡല്‍ഹി: സുപ്രിംകോടതിയുള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും സ്വയം പരിഷ്കരണത്തിന് വിധേയമാകേണ്ടതാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രിംകോടതി. 50 ശതമാനം വിവിപാറ്റുകളെങ്കിലും എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.
നിങ്ങള്‍ക്ക് ഇത്രയും ആത്മവിശ്വാസമുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് വിവിപാറ്റ് ഏര്‍പ്പെടുത്താന്‍ സുപ്രിംകോടതി ഉത്തരവ് വരെ കാത്തിരുന്നതെന്നും സ്വയം ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഒരു മണ്ഡലത്തിലെ ഒരു ബൂത്തിലുള്ള വിവിപാറ്റുകള്‍ മാത്രം എണ്ണിയാല്‍ മതിയെന്നും അത് ശാസ്ത്രീയമാണെന്നും കോടതി നിര്‍ദേശ പ്രകാരം ഹാജരായ ഉപതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുധീപ് ജയിന് ബെഞ്ച് മുമ്പാകെ പറഞ്ഞു.
എന്നാല്‍ ഇക്കാര്യം വ്യാഴാഴ്ച നാലുമണിക്ക് മുമ്പായി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണേണ്ടതുണ്ടെന്ന സൂചനയാണ് കേസ് പരിഗണിക്കവെ ഇന്നലെ കോടതി നല്‍കിയത്.
എന്തുകൊണ്ട് നിങ്ങള്‍ക്ക് കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണിക്കൂടായെന്ന് സുപ്രിംകോടതി ചോദിച്ചു. അതിന്റെ ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു സുധീപ് ജയിനിന്റെ മറുപടി. ഒരു ബൂത്ത് എണ്ണിയാല്‍ തന്നെ സുതാര്യത ഉറപ്പാക്കാം എന്നും ജയിന് പറഞ്ഞു.
വിവിപാറ്റ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ കേസ് പരിഗണിക്കുന്നതിനിടെ കോടതിയ്ക്ക് എത്രത്തോളം എതിര്‍പ്പാണ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും നേരിടേണ്ടി വന്നതെന്ന് അറിയാമോയെന്നും കോടതി ചോദിച്ചു. 21 പ്രതിപക്ഷപ്പാര്‍ട്ടികളാണ് ഈ ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചത്. നിലവില്‍ 0.44 ശതമാനം വിവിപാറ്റുകള്‍ മാത്രമാണ് എണ്ണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."