സ്വദേശിവല്‍ക്കരണം: നടപടി കടുപ്പിച്ച് സഊദി
റിയാദ്: വിവിധ മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന സ്വദേശിവല്‍ക്കരണത്തിന്റെ തോത് ശക്തിപ്പെടുത്താന്‍ കര്‍ശന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് സഊദി തൊഴില്‍ മന്ത്രാലയം. വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് നിരക്ക് ഇനിയും ഉയര്‍ത്തണമെന്നും വാരാന്ത്യ അവധികള്‍ വെട്ടിച്ചുരുക്കണമെന്നതുമടക്കമുള്ള നിര്‍ദേശങ്ങളാണ് മന്ത്രാലയം മുന്നോട്ടുവച്ചത്.
വിവിധ തൊഴില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ തൊഴില്‍ ഡെപ്യൂട്ടി മന്ത്രി അഹമദ് അല്‍ ഹുമൈദാനാണ് ഈ നിര്‍ദേശവുമായി രംഗത്തെത്തിയത്. വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് തുക ഉയര്‍ത്തുന്നതുമൂലം കമ്പനികള്‍ ഭാരിച്ച ഈ തുക ലാഭിക്കുന്നതിനായി വിദേശികളെ ഒഴിവാക്കുമെന്ന കണക്കുകൂട്ടലാണ് ഇതിനുപിന്നില്‍. മാത്രമല്ല, സ്വകാര്യമേഖലയിലയിലടക്കം ആഴ്ചയിലെ രണ്ട് ദിവസം ലീവ് വിദേശികള്‍ക്ക് മാത്രമായി ഒരു ദിവസമാക്കി ചുരുക്കുന്നതുമൂലം വിദേശ തൊഴിലാളികള്‍ ജോലിയില്‍ നിന്നു പിരിഞ്ഞുപോവുന്നതിനും സ്വദേശികളെ കൂടുതലായി ജോലിയിലേക്ക് ആകര്‍ഷിക്കുന്നതിനും സഹായകരമാവുമെന്നും കണക്കുകൂട്ടുന്നുണ്ട്. കൂടാതെ, രാജ്യത്തെ കടകളും മറ്റു സ്ഥാപനങ്ങളും രാത്രി ഒന്‍പതു മണിക്കു തന്നെ അടക്കണമെന്ന വ്യവസ്ഥ പ്രാബല്യത്തില്‍ വരുത്താനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."