ഇന്നു മുതല്‍ അവര്‍ പൊലിസുകാരാണ്!
നിലമ്പൂര്‍: സ്പെഷല്‍ റിക്രൂട്ട്മെന്റ് മുഖേന പൊലിസില്‍ ജോലി ലഭിച്ചതിന്റെ നിയമന ഉത്തരവ് മുഖ്യമന്ത്രിയില്‍നിന്നു കൈപ്പറ്റാന്‍ ആദിവാസികള്‍ കുടുംബസമേതം തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്നാണ് സ്പെഷല്‍ റിക്രൂട്ട്മെന്റ് മുഖേന ആദിവാസികളെ പൊലിസ് കോണ്‍സ്റ്റബിള്‍മാരായി നിയമിച്ചിരിക്കുന്നത്.
നാലു പുരുഷന്മാരും നാലു സ്ത്രീകളും ഉള്‍പ്പെടെ ജില്ലയില്‍നിന്ന് എട്ടു പേരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പൊലിസ് കോണ്‍സ്റ്റബിള്‍മാരായി ജോലി ലഭിച്ച എട്ടു പേരും മലപ്പുറം എം.എസ്.പി കമാന്‍ഡിങ് ഓഫിസര്‍ പി.എ കുഞ്ഞുമോനൊപ്പമാണ് തലസ്ഥാനത്തെത്തുന്നത്. ഇന്നലെ രാവിലെ നിലമ്പൂര്‍ എം.എസ്.പി ക്യാംപില്‍ ഇവര്‍ക്കു യാത്രയയപ്പ് നല്കി.
മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് കാടിനെ അറിയുന്ന ആദിവാസികളെതന്നെ പൊലിസിലേക്കു റിക്രൂട്ട് ചെയ്തത്. ജില്ലയില്‍നിന്നു പാട്ടക്കരിമ്പ് കോളനിയിലെ സുരേഷ്, ബാബു, നെടുങ്കയം കോളനിയിലെ സജി രാജന്, പോത്തുകല്‍ അപ്പന്‍കാപ്പ് കോളനിയിലെ സുധീഷ്, ശാന്തിനി, കരുളായി ഭൂമികുത്ത് കോളനിയിലെ സന്ധ്യ, പോത്തുകല്‍ ഭൂദാനം കോളനിയിലെ അജില, ചെമ്പന്‍കൊല്ലി കോളനിയിലെ സുനു എന്നിവര്‍ക്കാണ് പി.എസ്.സി പരീക്ഷ എഴുതാതെ തന്നെ നേരിട്ടു നിയമനം ലഭിച്ചത്.
ഇന്നു വൈകിട്ട് നാലിനു തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവ് കൈമാറും.
നാളെ രാവിലെ കോവളം ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംഘം മടങ്ങിയെത്തും. ജില്ലയില്‍തന്നെയാണ് ഇവര്‍ക്കു നിയമനം ലഭിക്കുക. ഉത്തരവ് കൈപ്പറ്റാന്‍ കുടുംബസമേതമാണ് ഇവര്‍ തിരുവനന്തപുരത്തേക്കു പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."