സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്
കൊവിഡിനാല്‍ വിദേശത്ത് മരണപ്പെടുന്ന പ്രവാസി മലയാളികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏതു വിധേനയും നാട്ടിലെത്താനുള്ള പ്രവാസികളുടെ മുറവിളി കൂടുതല്‍ ശക്തമാവുകയാണ്. എന്നാല്‍, നാളിതുവരെയായിട്ടും ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് ഇരുസര്‍ക്കാരുകളില്‍നിന്നും ഉണ്ടായിട്ടുള്ളത്. ഏറ്റവുമൊടുവിലായി വിവിധ സന്നദ്ധ സംഘടനകളുടെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് പോലും സാങ്കേതിക തടസ്സമുണ്ടാക്കുന്ന സമീപനം കേരളാ സര്‍ക്കാരില്‍നിന്നുണ്ടായിരിക്കുന്നു. പ്രത്യക്ഷത്തില്‍ നോക്കിയാല്‍ അമിത നിരക്കില്‍നിന്ന് പ്രവാസി യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്ന് വാദിക്കാമെങ്കിലും പരോക്ഷമായി ഈ നീക്കം പ്രവാസികളനുഭവിക്കുന്ന യാത്രാക്ലേശം കൂട്ടുകയാണ് ചെയ്യുന്നത്. ഇപ്പോഴത്തെ ചാര്‍ട്ടര്‍ വിമാന നിരക്കിനേക്കാള്‍ എത്രയോ കൂടിയ നിരക്ക് ഈടാക്കി മുന്‍കാലങ്ങളില്‍ സീസണ്‍ നോക്കി വിമാനക്കമ്പനികള്‍ പ്രവാസികളെ പിഴിഞ്ഞിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. അന്നൊന്നും ഇപ്പോള്‍ കാണിക്കുന്ന അനവസരത്തിലുള്ള 'കരുതലിന്റെ' ഒരംശം പോലും മാറി വന്ന സര്‍ക്കാരുകളില്‍ നിന്നുമുണ്ടായിട്ടില്ല എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെയാണ് ഈ സ്‌നേഹ പ്രകടനത്തെ ന്യായമായും സംശയിക്കേണ്ടി വരുന്നത്. ഈ കരുതല്‍ പ്രവാസ ലോകത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിലെങ്കിലും കാണിച്ചിരുന്നെങ്കില്‍ എന്നാശിച്ചു പോവുകയാണ്.
ഇടയ്ക്കിടെ പ്രവാസികളെ ഞങ്ങള്‍ കൈവിടില്ല, നിങ്ങള്‍ക്ക് വേണ്ടിയുള്ള രക്ഷാ ദൗത്യമിതാ തയാറായി കൊണ്ടിരിക്കുന്നു എന്നൊക്കെയുള്ള പ്രഖ്യാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു. വിദേശത്തേക്ക് പുറപ്പെട്ട യുദ്ധക്കപ്പലുകളുടെ വര്‍ണ്ണനകളുമായി വിവിധ വാര്‍ത്താ മാധ്യങ്ങള്‍ ആഘോഷിച്ചു. ഒടുവില്‍ ചിത്രം തെളിഞ്ഞപ്പോള്‍ പ്രവാസികളുടെ കൈയില്‍നിന്ന് അമിത നിരക്ക് ഈടാക്കി നാട്ടിലേക്ക് കൊണ്ടുപോവുന്ന പരിപാടിയാണ് ഇതുവരെയും ആഘോഷിച്ച രക്ഷാ ദൗത്യമെന്ന് ഏവര്‍ക്കും മനസ്സിലായി. പ്രവാസികളില്‍നിന്ന് ടിക്കറ്റ് ഈടാക്കി യുദ്ധക്കപ്പല്‍ ഓടിച്ച രാജ്യമെന്ന അപഖ്യാതിയും ഇതോടെ നമുക്ക് സ്വന്തമാവുകയുണ്ടായി. ഈ ദൗത്യത്തിന് നല്‍കിയ പേരാണ് ഏറെ വിചിത്രമായത്! പ്രവാസികള്‍ സ്വന്തം പോക്കറ്റില്‍നിന്ന് കാശ് മുടക്കി ടിക്കറ്റെടുത്ത് നാട്ടില്‍ പോവുന്ന ഏര്‍പ്പാടാണ് വന്ദേ ഭാരത് മിഷനെന്ന് പേരിട്ട് ആഘോഷിക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് രാക്ഷാപ്രവര്‍ത്തനമല്ല, വിമാന സര്‍വിസുകള്‍ പുനരാരംഭിച്ചപ്പോള്‍ പ്രവാസികള്‍ സ്വന്തം ചെലവില്‍ യാത്ര ചെയ്യുന്നുവെന്ന് മാത്രം. പേരിനോട് നീതി പുലര്‍ത്തി ഒരു സൗജന്യ രക്ഷാ ദൗത്യമാക്കി മാറ്റിയിരുന്നെങ്കില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെടുമായിരുന്ന രക്ഷാ ദൗത്യമായി വന്ദേ ഭാരത് മാറിയേനെ. ആദ്യ വിമാനത്തില്‍ തന്നെ അനര്‍ഹരെ കുത്തിത്തിരുകി കയറ്റി യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയും പ്രവാസികളെ ചതിച്ചു. അത്യാവശ്യക്കാരായ ഒട്ടനവധി പേര്‍ അവസരം കാത്ത് ദിനങ്ങളെണ്ണി വിളിയും കാത്തിരിക്കുമ്പോഴാണ് ഈ നെറികേട് കാണിച്ചത്.
രണ്ടര ലക്ഷം പേര്‍ക്ക് സൗജന്യ ക്വാറന്റൈന്‍ സൗകര്യം തയാറാണെന്ന് പ്രഖ്യാപിച്ച കേരള സര്‍ക്കാരാവട്ടെ വെറും പതിനൊന്നായിരം ആളുകള്‍ നാട്ടിലെത്തിയപ്പോഴേക്ക് ചുവടു മാറ്റി, ക്വാറന്റൈന്‍ ചെലവ് പ്രവാസികള്‍ സ്വയം വഹിക്കണമെന്ന നിലപാട് സ്വീകരിച്ചു. എന്നു മാത്രമല്ല, പാവപ്പെട്ട പ്രവാസികളും ചെലവ് സ്വയം അടക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേകം ഊന്നിപ്പറഞ്ഞത് പ്രവാസികള്‍ക്ക് വലിയ നിരാശയാണുണ്ടാക്കിയത്. നാട്ടിലെത്തുന്നവരില്‍ മിക്കവരും ഗള്‍ഫില്‍ തുടരാന്‍ ഒരു നിവൃത്തിയുമില്ലാത്തവരാണ്. ഒരു വിധം പിടിച്ചു നില്‍ക്കാന്‍ കഴിയുന്നവരൊക്കെ ഗള്‍ഫില്‍ പിടിച്ചു നില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് നാട്ടില്‍നിന്ന് ഉടനെയൊന്നും തിരിച്ചു പറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൈയിലുള്ള ജോലി നഷ്ടപ്പെടുത്തുന്ന ബുദ്ധി മോശം ആരും കാണിക്കില്ല. അതിനാല്‍ തന്നെ നാട്ടിലേക്ക് പോരാന്‍ തയാറായി നില്‍ക്കുന്നവര്‍ വിദേശത്ത് തുടരാന്‍ കഴിയാത്തവരാണ് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. സന്നദ്ധ സംഘടനകളും വ്യക്തികളും നല്‍കിയ ടിക്കറ്റുകള്‍ സ്വീകരിച്ചു വരുന്നവരും കൈയിലുള്ള ആഭരണങ്ങള്‍ വിറ്റു ടിക്കറ്റെടുത്തവരും കൂട്ടത്തിലുണ്ട് എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. ഭക്ഷണത്തിന് വരെ വകയില്ലാത്തവരുടെ പക്കല്‍ ടിക്കറ്റിന് പുറമേ ക്വാറന്റൈനും പണം കാണുമോ? പ്രതിഷേധം കടുത്തപ്പോള്‍ പാവപ്പെട്ടവര്‍ നല്‍കേണ്ടതില്ല എന്ന തീരുമാനം വന്നു. നാട്ടിലിറങ്ങുന്നവരില്‍ പാവപ്പെട്ടവര്‍ ആരൊക്കെയാണെന്ന് എങ്ങനെ തീരുമാനിക്കാന്‍ കഴിയുമെന്ന ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്.
ഒഴിപ്പിക്കല്‍ ഒരു മാസം പിന്നിടുമ്പോഴും രജിസ്റ്റര്‍ ചെയ്തവരില്‍ പത്ത് ശതമാനം പേര്‍ക്ക് പോലും നാട്ടിലെത്താന്‍ കഴിയാത്ത അവസ്ഥ പ്രവാസികള്‍ക്കിടയില്‍ വലിയ അനിശ്ചിതാവസ്ഥയുണ്ടാക്കി. ഈ തോതില്‍ പോയാല്‍ അത്യാവശ്യക്കാര്‍ക്ക് പോലും നാട്ടിലെത്താന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കാമെന്ന അവസ്ഥ വന്നപ്പോഴാണ് കെ.എം.സി.സി പോലുള്ള സന്നദ്ധ സംഘടനകള്‍ ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ ചെയ്യാന്‍ തീരുമാനിച്ചതും അനുമതിക്കായി കേന്ദ്രത്തെ സമീപിക്കുന്നതും. അനിശ്ചിതങ്ങള്‍ക്കിടയില്‍ ഒടുവില്‍ അനുമതി വന്നപ്പോള്‍ കുറഞ്ഞ നിരക്കില്‍ ടെണ്ടര്‍ നല്‍കിയ വിമാനക്കമ്പനിക്ക് പകരം കേന്ദ്രം നിര്‍ദേശിച്ചത് കൂടിയ നിരക്കില്‍ ടെണ്ടര്‍ നല്‍കിയ കമ്പനിയെ. ഔദ്യോഗികമായി ലഭിച്ച സ്ഥിരീകരണമനുസരിച്ച് ദുബൈയില്‍നിന്ന് നാട്ടിലേക്കുള്ള ഫ്‌ളൈറ്റ് ചാര്‍ട്ടറിങ് ചാര്‍ജ് മാത്രം 170000 ദിര്‍ഹംസാണ്. നികുതിയും എയര്‍പോര്‍ട്ട് ഹാന്‍ഡ്‌ലിങ് ചാര്‍ജും ഇതിന്റെ പുറമെ അടയ്‌ക്കേണ്ടി വരുന്നു. പരമാവധി 160 യാത്രക്കാരെ കയറ്റാവുന്ന വിമാനത്തില്‍ ഒരു യാത്രക്കാരനുള്ള ടിക്കറ്റ് ശരാശരി 1250 ദിര്‍ഹം നിരക്കിലെങ്കിലും നല്‍കാനുള്ള ശ്രമം ഏറെ ദുഷ്‌കരമാണ്. അതിന്റെ കൂടെ ഒരു തരത്തിലും ടിക്കറ്റെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഏതാനും സീറ്റുകള്‍ നീക്കിവയ്ക്കുക വഴി അതിന്റെ ഭാരവും ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ ചെയ്യുന്നവര്‍ക്ക് വഹിക്കേണ്ടി വരുന്നു.
നാട്ടിലേക്ക് ഏതുവിധേനയും പോവാന്‍ തീരുമാനിച്ച പ്രവാസിക്ക് സര്‍ക്കാര്‍ നിരക്കിനേക്കാള്‍ അല്‍പം കൂടിയ നിരക്കിലാണെങ്കിലും ടിക്കറ്റ് ലഭിക്കുന്നത് വലിയ അനുഗ്രഹമാണ്. കാരണം എംബസിയുടെ വിളിയും കാത്ത് അനിശ്ചിതമായി കാത്തിരിക്കേണ്ടി വരുമ്പോള്‍ താമസത്തിനും ഭക്ഷണത്തിനും മറ്റു ചെലവുകള്‍ക്കുമായി നല്‍കുന്ന തുക ചാര്‍ട്ടര്‍ ഫ്‌ളൈറ്റിന് അധികം മുടക്കേണ്ടി വരുന്ന തുകയേക്കാള്‍ എത്രയോ മടങ്ങാണ്. അതിനാല്‍ ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തി നാട്ടിലേക്കു വരാനാണ് ഒരു ശരാശരി പ്രവാസി ശ്രമിക്കുന്നത്. അതോടൊപ്പം സാധിക്കുന്നവര്‍ ചാര്‍ട്ടര്‍ഡ് ഫ്‌ളൈറ്റുകള്‍ ഉപയോഗപ്പെടുത്തിയാല്‍ എംബസിയിലെ തിരയ്ക്കിന് അല്‍പം ശമനമുണ്ടാവും. അതോടെ പാവപ്പെട്ടവര്‍ക്ക് എംബസിയുടെ നിരക്കില്‍ നാട്ടിലേക്ക് എത്രയും പെട്ടെന്ന് പോവാനുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്. മാത്രമല്ല, ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ നോര്‍ക്ക പോലുള്ള സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുമായിരുന്നെങ്കില്‍ സന്നദ്ധ സംഘടനകളുടെ വിമാനങ്ങള്‍ക്ക് പിന്നാലെ ആരെങ്കിലും പോവുമോ? നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികളുടെ വിവരങ്ങള്‍ നോര്‍ക്കയുടെ പക്കലുണ്ടായിരിക്കെ അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അതിന് ശ്രമങ്ങള്‍ ഉണ്ടായില്ല എന്ന് മാത്രമല്ല, വിവിധ കോണ്‍സുലേറ്റുകളില്‍ കാലങ്ങളായി വെറുതെ കിടക്കുന്ന പ്രവാസി റിസേര്‍വ് ഫണ്ട് ഉപയോഗപ്പെടുത്തി ആശ്വാസം പകരാന്‍ പോലും ശ്രമം ഉണ്ടായില്ല. പ്രവാസികള്‍ ഇത്രമേല്‍ പ്രതിസന്ധിയിലായ മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല എന്നിരിക്കെ, ഇപ്പോഴല്ലാതെ ഇനിയെന്നാണ് കോടികള്‍ വരുന്ന ഈ ഫണ്ട് പ്രവാസികള്‍ക്ക് വേണ്ടി ഉപയോഗിക്കപ്പെടുക. ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ആറു മാസത്തെ ശമ്പളം സംസ്ഥാനം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ദുബൈ പ്രഖ്യാപനം കരഘോഷത്തോടെ ഏറ്റെടുത്ത പ്രവാസികള്‍ക്ക് അതു നല്‍കിയില്ലെങ്കിലും അവരെ നാട്ടിലേക്ക് എത്തിക്കാനുള്ള ആശ്വാസ പദ്ധതി വല്ലതും ആസൂത്രണം ചെയ്യേണ്ടതായിരുന്നു. അതുമുണ്ടായില്ല.
ചുരുക്കത്തില്‍ സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് വിമാനങ്ങള്‍ സൗജന്യമാക്കുവാനോ ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകളുടെ നിരക്ക് കുറയ്ക്കുവാനോ യാതൊരു ഇടപെടലും ഉണ്ടായില്ല. അതിന് പുറമെ സന്നദ്ധ സംഘടനകളുടെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ സര്‍ക്കാര്‍ നിരക്കിനേക്കാള്‍ കൂടുതല്‍ ടിക്കറ്റ് നിരക്ക് ചാര്‍ജ് ചെയ്യരുതെന്ന് കൂടി സംസ്ഥാനം മുന്നോട്ട് വെച്ചതോടെ ആ വഴിക്കുള്ള പ്രതീക്ഷയും അവസാനിച്ചു. സത്യത്തില്‍ ഈ നിബന്ധന സംസ്ഥാന സര്‍ക്കാര്‍ ഒരാവശ്യമായി കേന്ദ്ര സര്‍ക്കാരിന് മുന്‍പാകെ ഉന്നയിച്ച് വിമാനക്കമ്പനികളില്‍നിന്ന് തന്നെ നിരക്ക് ഇളവ് നേടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നില്ലേ വേണ്ടത്. അതിനു പകരം എംബസിയില്‍ മുഖ്യമന്ത്രി വിളിച്ച് തടസം സൃഷ്ടിക്കുകയായിരുന്നോ വേണ്ടിയിരുന്നത്? പ്രവാസികള്‍ക്ക് പിന്നില്‍നിന്നേറ്റ മാരകമായ കുത്തായിരുന്നു ഈ നീക്കമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. വ്യക്തികളില്‍നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും കഴിയും വിധം സംഭാവന സ്വീകരിച്ച് സര്‍ക്കാര്‍ നിബന്ധനയ്ക്കനുസൃതമായി വന്ദേ ഭാരത് നിരക്കില്‍ ടിക്കറ്റ് ചെയ്യാനുള്ള ശ്രമം നടത്തുകയാണ് ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ ചെയ്യുന്ന സംഘടനകള്‍. പ്രവാസികളുടെ വേദന നേരിട്ടറിയുന്നവര്‍ക്ക് സര്‍ക്കാരുകളെ പോലെ വഴിയില്‍ ഉപേക്ഷിക്കാവുന്ന ഒന്നല്ല ഈ ദൗത്യം. എന്നിരുന്നാലും സംഭാവന സ്വീകരിച്ച് എത്രത്തോളം ഇപ്രകാരം മുന്നോട്ടു പോകുവാന്‍ കഴിയുമെന്ന കാര്യത്തിലും ആശങ്കയുണ്ട്.
ഇതുവരെയുള്ള കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ സാമാന്യ ബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണ് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇരു സര്‍ക്കാരുകള്‍ക്കും വേണ്ടത്ര താല്‍പര്യമില്ല എന്നത്. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനമെന്ന നിലയ്ക്ക് കേരളത്തിന് ഈ വിഷയത്തില്‍ കുറച്ചു കൂടി നല്ല രീതിയില്‍ ഇടപെട്ട് കേന്ദ്രത്തില്‍ സമ്മര്‍ദം ചൊലുത്തി നേരത്തെയുള്ള ഒഴിപ്പിക്കല്‍ സാധ്യമാക്കാന്‍ കഴിയേണ്ടതായിരുന്നു. എന്നാല്‍ പ്രവാസികള്‍ വന്നാല്‍ നാളിതുവരെ സംസ്ഥാനത്ത് നിയന്ത്രിച്ച കൊവിഡ് വ്യാപനം കൈവിട്ടു പോകുമോ എന്ന ഭയം സര്‍ക്കാരിനുണ്ടായി. ഭരണത്തിന്റെ അവസാനഘട്ടത്തില്‍ അന്താരാഷ്ട്രതലത്തില്‍തന്നെ നേടിയെടുക്കാനായ ഖ്യാതി അത്രയെളുപ്പം കൈവിട്ടു കളയാനെന്തായാലും ഇടതുസര്‍ക്കാര്‍ ഒരുക്കമല്ല. പ്രവാസികളുടെ വരവില്‍ സാവകാശം ലഭിച്ചാല്‍ ഒരു പരിധിവരെയെങ്കിലും ഇതേ രൂപത്തില്‍ മുന്നോട്ടു പോകാമായിരുന്നു എന്നാണ് കണക്കുക്കൂട്ടല്‍. അതിനു വേണ്ടി ദുരിതം അനുഭവിക്കുന്ന പ്രവാസികളുടെ കാര്യം വൈകിപ്പിക്കാന്‍ ശ്രമിച്ചതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രവാസികളെ കുറച്ചു മുന്‍പേ നാട്ടിലെത്തിച്ചിരുന്നുവെങ്കില്‍ നാട്ടിലെ ലോക്ക്ഡൗണിനൊപ്പം തന്നെ അവരുടെ ക്വാറന്റൈനും ഇതിനകം പൂര്‍ത്തിയായി സ്ഥിതിഗതികള്‍ മെച്ചപ്പെടുമായിരുന്നു. ആര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ അനുവാദമില്ലാതിരുന്നതിനാല്‍ ഹോം ക്വാറന്റൈന്‍ പോലും ഏറെ ഫലപ്രദമാവുമായിരുന്നു. അതുവഴി സംസ്ഥാന സര്‍ക്കാരിന് അധിക ബാധ്യതയെന്ന് പറയുന്ന പ്രവാസി ക്വാറന്റൈന്‍ ചെലവും ലാഭിക്കാമായിരുന്നു. ഇപ്പോഴും നാട്ടിലെത്തുന്ന പ്രവാസികളില്‍ സ്ത്രീകളുള്‍പ്പെടെയുള്ള പകുതിയോളം പേര്‍ ഹോം ക്വാറന്റൈനിലാണ്. മുന്‍പും ഇത് സാധ്യമാവുമായിരുന്നു.
കേരളത്തിന്റെ നട്ടെല്ലാണ് പ്രവാസികള്‍. പ്രവാസികളുടെ വിയര്‍പ്പിന്റെ ഉപ്പുരസം കലരാത്ത ഒരു നേട്ടവും നമ്മുടെ നാട്ടിലില്ല. എന്നിട്ടും വോട്ടവകാശം പോലുമില്ലാത്തവനായി ഇന്നും മാറി വരുന്ന പ്രഖ്യാപനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചു ജീവിക്കുന്ന ഹതഭാഗ്യനാണവന്‍. ജോലി നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് വേണ്ടി പുനരധിവാസ പദ്ധതിയുടെ ആലോചന പോലും എവിടെയും നടക്കുന്നില്ല. കേരളത്തിന്റെ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുന്ന ഈ പ്രവാസികള്‍ കൂടി നാടണഞ്ഞാല്‍ അതിവേഗം നമ്മുടെ നാട് പതിറ്റാണ്ടുകള്‍ പിന്നിലേക്ക് സഞ്ചരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. നാട് നേരിട്ട രണ്ട് മഹാ പ്രളയങ്ങളുള്‍പ്പെടെയുള്ള ഘട്ടങ്ങളിലും വാരിക്കോരി സഹായിച്ച പ്രവാസിയെ ഈ ആപത്ഘട്ടത്തില്‍ സഹായിച്ചില്ലെങ്കിലും പിന്നില്‍നിന്ന് കുത്തരുതേ എന്നൊരപേക്ഷ മാത്രമേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."