അതിര്‍ത്തിയിലെ സംഘര്‍ഷം; സൈനികതല ചര്‍ച്ച നടന്നു
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളിലെ സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സൈനികതല ചര്‍ച്ചകള്‍ ആരംഭിച്ചു. ഇന്നലെ ലഡാക്കില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചയില്‍ ലെഫ്റ്റനന്റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. ഇത് ആദ്യഘട്ടമാണെന്നും ചര്‍ച്ചകള്‍ തുടരുമെന്നും അധികൃതര്‍ പിന്നീട് അറിയിച്ചു.
ഇന്നലെ രാവിലെ 8.30ന് നിശ്ചയിച്ചിരുന്ന ചര്‍ച്ച മൂന്നു മണിക്കൂര്‍ വൈകി 11.30നാണ് ആരംഭിച്ചത്. ഇന്ത്യയുടെ ഭാഗത്തുനിന്ന് ലെഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പങ്കെടുത്തത്.
എന്നാല്‍, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്നലെ പല റൗണ്ടുകളിലായി ചര്‍ച്ച നടന്നെങ്കിലും ആശാവഹമായ തീരുമാനമൊന്നും ഉണ്ടായില്ലെന്നാണ് വിവരം. രണ്ടാഴ്ചയോളമായി അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുകയാണ്. എന്താണ് അതിര്‍ത്തിയിലെ പ്രശ്നമെന്നു ജനങ്ങളോട് വിശദീകരിക്കണമെന്ന് പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം, ഇന്ത്യയുടെ 60 കിലോമീറ്ററോളം പ്രദേശം ചൈനീസ് സൈന്യം കൈയേറിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
നേരത്തെ, അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ഇതിനു പിന്നാലെ ഇരു രാജ്യങ്ങളും സൈനികബലവും ആയുധശേഷിയും വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ, സംഘര്‍ഷം ഒഴിവാക്കണമെന്ന് യു.എന്‍ അഭ്യര്‍ഥിച്ചു. മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം ഇരു രാജ്യങ്ങളും തള്ളുകയും നേരിട്ട് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൈനിതകതല ചര്‍ച്ച നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."