സ്‌പെഷല്‍ സ്‌കൂള്‍ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കണം: യേശുദാസ്
തിരുവനന്തപുരം: സ്‌പെഷല്‍ സ്‌കൂള്‍ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കണമെന്നു സന്നദ്ധ സംഘടനയായ 'ജനപക്ഷം' മുഖ്യരക്ഷാധികാരി ഡോ. കെ.ജെ യേശുദാസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വിദ്യാഭ്യാസം, ക്ഷേമം, പുനരധിവാസം എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളും വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരും കടുത്ത അവഗണന നേരിടുകയാണ്. 294 സ്‌പെഷല്‍ സ്‌കൂളുകള്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ ഒരു സ്ഥാപനമൊഴികെ 293 സ്‌കൂളുകളും സന്നദ്ധ സംഘടനകളാണ് നടത്തുന്നത്. പൊതു വിദ്യാഭ്യാസമേഖലയില്‍ 40 ലക്ഷത്തോളം കുട്ടികള്‍ സൗജന്യ വിദ്യാഭ്യാസം നേടുമ്പോള്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഇന്നും അന്യമാണ്.
അധ്യാപകര്‍ക്ക് ഓണറേറിയമെന്ന നിലയില്‍ തുച്ഛമായ വേതനമാണു ലഭിക്കുന്നത്. ഇതിനു പരിഹാരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കു യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭ്യമായിട്ടുണ്ടോയെന്ന ചോദ്യവുമായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരേയും കുട്ടികളേയും മാതാപിതാക്കളേയും ഉള്‍പ്പെടുത്തി സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് എറണാകുളത്ത് കെ.ജെ യേശുദാസിന്റെ നേതൃത്വത്തില്‍ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് അസോസിയേഷന്‍ ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്‍സ് ചെയര്‍മാന്‍ ഫാ. റോയ് മാത്യൂ വടക്കേല്‍, ജനപക്ഷം സംസ്ഥാന കണ്‍വീനര്‍ ബെന്നി ജോസഫ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."