ഉയിഗൂറുകളെ അടിച്ചമര്‍ത്തുന്നത് ന്യായീകരിച്ച് ചൈന
ബെയ്ജിങ്: ഷിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗൂര്‍ മുസ്‌ലിംകളുടെ തടങ്കല്‍ ക്യംപുകളെ ന്യായീകരിച്ച് ചൈന. മതതീവ്രവാദം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണെന്ന് ചൈനീസ് പോളിറ്റ് ബ്യൂറോ സ്റ്റാന്റിങ് കമ്മിറ്റി അംഗം വാങ് യാങ് പറഞ്ഞു.
തീവ്ര ചിന്താഗതിക്കാരെയും ആക്രമണങ്ങളെയും തടയാന്‍ ഇത്തരം കേന്ദ്രങ്ങള്‍ അനിവാര്യമാണ്.
മാര്‍ച്ച് 20നും 25നും ഇടയിലായി ഉയിഗൂറുകള്‍ ഭൂരിപക്ഷമുള്ള കഷ്ഗര്‍, തുംസാക് ഉള്‍പ്പെടെയുള്ള ഷിന്‍ജിയാങ് പ്രവിശ്യ സന്ദര്‍ശിച്ചിരുന്നു.
ഇവിടങ്ങളിലെ 'വികസനം' മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചെന്ന് അദ്ദേഹം ഷിന്‍ജിയാങ് ഡെയ്‌ലിയോട് പറഞ്ഞു. തീവ്രവാദം, വിഭജനം, ഭീകരവാദം എന്നിവ കര്‍ശനമായി നിയന്ത്രിക്കേണ്ടതുണ്ട്.
ന്യൂനപക്ഷങ്ങളോടുള്ള പാര്‍ട്ടി നിലപാട് കര്‍ശനമായി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷിന്‍ജിയാങ്ങിലെ ഉയിഗൂര്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ക്കെതിരേ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലക്ഷക്കണക്കിന് മുസ്‌ലിംകളെയാണ് ഇവിടങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു.
15 ലക്ഷത്തോളം മുസ്‌ലിംകള്‍ തടങ്കല്‍ കേന്ദ്രങ്ങളിലുണ്ടെന്ന് ചൈനീസ് ന്യൂനപക്ഷ നയത്തിലെ ഗവേഷകനായ അഡ്രിയാന്‍ സെന്‍സ് പറഞ്ഞു.
അതിനിടെ ഷിന്‍ജിയാങ് സന്ദര്‍ശിക്കാനുള്ള ചൈനീസ് സര്‍ക്കാരിന്റെ ക്ഷണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും തടങ്കലുകള്‍ക്കെതിരേ ഉയര്‍ന്ന വിമര്‍ശനം തണുപ്പിക്കാനുള്ള ശ്രമമാണിതെന്നും യു.എസ് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു.
ഇ.യു പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ചൈന സന്ദര്‍ശനത്തിനായി ക്ഷണിച്ചത്.
എന്നാല്‍ ഇത് ഷിന്‍ജിയാങ്ങിന്റെ രാഷ്ട്രീയ തന്ത്രം മാത്രമാണെന്നും അന്താരാഷ്ട്ര ശ്രമം വഴിതിരിച്ചുവിടാനുള്ളതാണെന്നും വോള്‍ഡ് ഉയിഗൂര്‍ കോണ്‍ഗ്രസ് വക്താവ് ദില്‍ക്‌സാത് റാക്‌സിറ്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."