ചുമട്ടു തൊഴിലാളി പദ്ധതി കൂടുതല്‍ മേഖലയിലേക്ക്
തിരുവനന്തപുരം: ചുമട്ടു തൊഴിലാളി പദ്ധതി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചുമട്ടു തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഹരിക്കപ്പെടേണ്ട ഏതു പ്രശ്‌നങ്ങളും സമയബന്ധിതമായി തീര്‍പ്പാക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയം.
ഇടുക്കി, വയനാട് , കാസര്‍കോട് ജില്ലകളിലൊഴികെ സംസ്ഥാനത്ത് മറ്റെല്ലായിടങ്ങളിലും കൂലി ഏകീകരണം നടപ്പാക്കിക്കഴിഞ്ഞു. മൂന്നു ജില്ലകളിലും വേഗത്തില്‍ കൂലി ഏകീകരണം നടത്തേണ്ടതുണ്ട്. ഓഗസ്റ്റ് 15ന് മുന്‍പ് ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍, ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും യോജിച്ച അഭിപ്രായം സ്വരൂപിക്കണം. ഇതില്‍ പരിഹാരമായില്ലെങ്കില്‍ റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍മാര്‍ തുടര്‍നടപടി കൈക്കൊള്ളണം. അവിടെയും ധാരണയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ കൂലി ഏകീകരണം വിജ്ഞാപനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ചുമട്ടു തൊഴിലാളി നിയമം കാലാനുസൃതമായി പരിഷ്‌ക്കരിക്കേണ്ടതുണ്ട്. തൊഴിലാളി സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ ഭേദഗതി നിര്‍ദേശമുണ്ടെങ്കില്‍ ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
സ്‌കീം ഏരിയകളില്‍ അംഗീകൃത തൊഴിലാളികളെ കൊണ്ടു തന്നെ ജോലി ചെയ്യിക്കുന്നതാണ് ഉചിതം. ഇവര്‍ക്ക് ചെയ്യുന്നതിന് അസാധ്യമായ കാര്യങ്ങളില്‍ യന്ത്രവല്‍കൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എതിരല്ല. എന്നാല്‍ അംഗീകൃത തൊഴിലാളികള്‍ നിലവിലുള്ളപ്പോള്‍ സാധ്യമായ കാര്യങ്ങളില്‍ അവരെ ഒഴിവാക്കി മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉടമകള്‍ തയാറാകുന്നുവെന്ന പരാതി ഉയരുന്നുണ്ട്.
അത്തരം പ്രവണതകളുടെ പശ്ചാത്തലത്തില്‍ ആവശ്യമെങ്കില്‍ നിയമ ഭേദഗതിയെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.അനര്‍ഹര്‍ക്ക് തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍, കാര്‍ഡ് എന്നിവ ലഭ്യമായിട്ടുണ്ടെന്ന പരാതികളണ്ട്.
ഇതു സംബന്ധിച്ച് പരിശോധന നടത്തുമെന്ന് മന്ത്രി തൊഴിലാളി യൂനിയനുകളോട് പറഞ്ഞു. നിലവില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാരാണ് അപേക്ഷകള്‍ സ്വീകരിച്ച് കാര്‍ഡ് നല്‍കുന്നത്. ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് ഇതു സംബന്ധിച്ച ആക്ഷേപങ്ങള്‍ സ്വീകരിച്ച് പരാതി പരിഹാരം നടത്താം. ഇതിലും ആക്ഷേപമുണ്ടെങ്കില്‍ അപ്പീലിനും നിയമത്തില്‍ അവസരമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലാളികള്‍ അംഗത്വത്തിന് അപേക്ഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ പരിശോധനകളും ട്രേഡ് യൂണിയനുകള്‍, ഉടമകള്‍ എന്നിവരുമായുള്ള ചര്‍ച്ചകളും പൂര്‍ത്തീകരിക്കുകയും തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ കാര്‍ഡ് ലഭ്യമാക്കുകയും വേണം.
അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ തലത്തില്‍ അംഗത്വം, കാര്‍ഡ് എന്നിവ സംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ ഒരു മാസത്തിനുളളില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ തൊഴിലാളി യൂനിയനുകള്‍ അവരുടെ അഭിപ്രായം സര്‍ക്കാരിന് രേഖാമൂലം സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
വര്‍ക്കല കഹാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി ഇക്കാര്യത്തില്‍ തൊഴിലാളി യൂനിയനുകള്‍, ഉടമകള്‍ എന്നിവരുടെ അഭിപ്രായസ്വരൂപണം നടത്തുമെന്ന് വ്യക്തമാക്കി. വകുപ്പുതല പരിശോധനകള്‍,നിയമ വകുപ്പുമായുള്ള ചര്‍ച്ച മുതലായവ നടത്തേണ്ടതുണ്ടെന്നും ഇതിനു ശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ലേബര്‍ കമ്മിഷനര്‍ കെ. ബിജു, കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കാട്ടാക്കട ശശി, അഡീഷനല്‍ ലേബര്‍ കമ്മിഷണര്‍മാരായ എസ്. തുളസീധരന്‍, ബിച്ചു ബാലന്‍, ചുമട്ടുതൊഴിലാളി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."