സഹാറാ ഗ്രൂപ്പിന്റെ 39,000 കോടിയുടെ വസ്തു ലേലം ചെയ്യാന്‍ സുപ്രിം കോടതി നിര്‍ദേശം
ന്യൂഡല്‍ഹി: സഹാറാ ഇന്ത്യയുടെ പൂനെയിലുള്ള ആംബി വാലി സിറ്റി ലേലംചെയ്യാന്‍ സുപ്രിംകോടതി നിര്‍ദേശം. 39,000 കോടി രൂപ വിലമതിക്കുന്ന പൂനെയിലെ ലൊനവാലയിലുള്ള 8,900 ഏക്കര്‍ ഭൂമി ലേലം ചെയ്യാനാണ് മുംബൈ ഹൈക്കോടതിയോട് സുപ്രിം കോടതി നിര്‍ദേശിച്ചത്.
നിക്ഷേപകര്‍ക്കു തിരിച്ചുനല്‍കാനുള്ള 5,092 കോടി രൂപ നിശ്ചിത ദിവസത്തിനകം സെക്യൂരിറ്റിസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)ക്ക് കൈമാറാന്‍ സഹാറാ ഗ്രൂപ്പ് മേധാവി സുബ്രതാ റോയിക്ക് കഴിയാത്തതിനെ തുടര്‍ന്നാണ് നടപടി.
ഈ മാസം 27ന് കോടതിയില്‍ ഹാജരാകണമെന്ന് കോടതി റോയിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തുക തിരിച്ചടക്കാനുള്ള കാലാവധി നീട്ടിത്തരണമെന്ന് സഹാറാ ഗ്രൂപ്പ് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളുകയായിരുന്നു. കൂടുതല്‍ ഇളവ് നല്‍കാനാകില്ലെന്നും തുക അടക്കാനിയില്ലെങ്കില്‍ ജയിലില്‍ പോകാമെന്നും കോടതി വ്യക്തമാക്കി.
17നു മുന്‍പ് നിശ്ചിത തുക സെബിക്ക് കൈമാറിയില്ലെങ്കില്‍ ഇനി തിയതി നീട്ടില്ലെന്ന് ഈ മാസമാദ്യത്തില്‍ സുപ്രിം കോടതി കമ്പനി അധികൃതര്‍ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു.
സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് 2014ലാണ് സുബ്രതാ റോയി അറസ്റ്റിലാകുന്നത്. നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കാനുള്ള 24,000 കോടി രൂപ കൈമാറണമെന്ന കോടതി നിര്‍ദേശം പാലിക്കാനാകാത്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മറ്റു രണ്ട് സഹാറാ ഡയരക്ടര്‍മാരും റോയിക്കൊപ്പം ജയിലിലായിരുന്നു.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ മാതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി സുബ്രതാ റോയിക്ക് നാലു മാസത്തെ പരോള്‍ അനുവദിക്കുകയും പിന്നീടത് ദീര്‍ഘകാലത്തേക്ക് നീട്ടിനല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."