ഇന്ത്യയില്‍ നിന്ന് 'ഭാരത'ത്തിലേക്കുള്ള ദൂരം
കഴിഞ്ഞ ബുധനാഴ്ച സുപ്രിം കോടതി ഫയലില്‍ സ്വീകരിച്ച ഡല്‍ഹി സ്വദേശിയുടെ ഹരജി വലിയതോതില്‍ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 1 ഭേദഗതി ചെയ്ത് രാജ്യനാമ സ്ഥാനത്തുനിന്ന് ഇന്ത്യ എന്ന പേര് പൂര്‍ണമായി മാറ്റി ഭാരതമെന്നോ ഹിന്ദുസ്ഥാനെന്നോ ആക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. നിലവില്‍ ഭാരതം എന്ന് പലയിടത്തും ഉപയോഗിച്ചു പോരുന്നുണ്ടെങ്കിലും ഇന്ത്യ എന്ന പ്രയോഗം ഇല്ലാതാക്കണമെന്നാണ് ഹരജിയില്‍ പറയുന്നത്. ആംഗലേയ സംഭാവനയായ ഇന്ത്യയെ എടുഞ്ഞു കളയുന്നതിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാളികള്‍ കൂടുതല്‍ ബഹുമാനിതരാകുമെന്നും വാദമുണ്ട്. ഏതായാലും ചീഫ് ജസ്റ്റിസ് എസ്.എ ബോംബ്‌ഡെ, ജ. എ.എസ് ബൊപ്പണ്ണ, ജ. ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചു.
2014ല്‍ നരേന്ദ്രമോദി അധികാരത്തിലേറിയതു മുതല്‍ വര്‍ഗീയ ചുവയോടു കൂടിയ പേരുമാറ്റങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ചരിത്രത്തിലെ അന്യായങ്ങളോട് പകരം വീട്ടുകയെന്നത് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ പ്രധാനമാണ് എന്ന പ്രഖ്യാപനത്തോടെയാണ് യോഗി ആദിത്യനാഥ് യു.പിയില്‍ സത്യപ്രതിജ്ഞ ചെയ്തത്. പ്രധാന വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനും മതേതര മനസ്സുകളില്‍ പോലും ചാഞ്ചല്യമുണ്ടാക്കാനും ഉതകുന്ന വജ്രായുധമായാണ് സംഘ്പരിവാര്‍ ഇതിനെ ഉപയോഗിച്ചു പോരുന്നത്. പ്രാദേശിക മിത്തുകളെയും ആചാരങ്ങളെയും ഈ പ്രക്രിയയില്‍ അവര്‍ അതിനു വേണ്ടി ഉള്‍ച്ചേര്‍ക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ ശുപാര്‍ശകള്‍ അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പേരുമാറ്റത്തിന് അനുമതി നല്‍കുന്നത്. പോസ്റ്റല്‍, സര്‍വേ ഓഫ് ഇന്ത്യ, റെയില്‍വേ തുടങ്ങിയ മന്ത്രാലയങ്ങളുടെ അനുമതിപത്രം വ്യത്യസ്ത സാഹചര്യങ്ങള്‍ക്ക് വിധേയമായി ലഭ്യമാകേണ്ടതുണ്ട്.
മാറുന്ന പേരുകള്‍
കൊളോണിയല്‍ കാലഘട്ടത്തിന്റെ ഓര്‍മകളും പ്രയോഗങ്ങളും മായ്ച്ചുകളയുക എന്ന ദേശീയ ചിന്തയായിരുന്നു ഇന്ത്യയിലെ ആദ്യകാല പേരുമാറ്റലുകളെ നയിച്ചിരുന്ന വികാരം. ബോംബെയും, മദ്രാസും, കല്‍ക്കട്ടയും, ബാംഗ്ലൂരും, പൂനയും, കൊച്ചിനും, മൈസൂരും, ഹുബ്ലിയുമടക്കമുള്ള ഒരു പാട് നഗരങ്ങള്‍ അത്തരത്തിലുള്ള രൂപാന്തരങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. സാമുദായിക ധ്രുവീകരണവും രാഷ്ട്രീയ ലക്ഷ്യങ്ങളും കടന്നു വന്നത് പിന്നീടായിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് നൂറ്റാണ്ടുകള്‍ ഇന്ത്യ വൈദേശിക ആധിപത്യത്തിലായിരുന്നവെന്ന് മുഗളര്‍ക്കെതിരേ ഒളിയമ്പെയ്ത് ആദ്യ ഊഴമാരംഭിച്ച നരേന്ദ്രമോദി അതിന് തുടക്കം കുറിച്ചു. ന്യൂഡല്‍ഹിയിലെ ഔറംഗസീബ് മാര്‍ഗ്ഗിന് അബ്ദുല്‍ കലാമിന്റെ പേര് നല്‍കി ലാഘവത്തോടെ തുടങ്ങിയ പ്രക്രിയ ഇന്ന് സഗൗരവം പുരോഗമിക്കുകയാണ്.
പണ്ഡിറ്റ് നെഹ്‌റു ബാല്യ, കൗമാരങ്ങള്‍ പിന്നിട്ട നഗരമായ അലഹബാദിന്റെ പേര് പ്രയാഗ് രാജെന്നു മാറ്റി. തങ്ങള്‍ മുഗളരുടെ തെറ്റു തിരുത്തുന്നുവെന്നാണ് യോഗി ഭരണം നല്‍കിയ വിശദീകരണം. എന്നാല്‍ പതിനാറാം നൂറ്റാണ്ടില്‍ അക്ബര്‍ ചക്രവര്‍ത്തി പുതുതായി പണിതീര്‍ത്ത നഗരമായിരുന്നു അലഹബാദ്. സമാനമായി മുഗളര്‍ പുതുതായി തീര്‍ത്ത അഹമ്മദബാദ്, അദിലബാദ്, ഔറംഗബാദ്, അഹമ്മദ് നഗര്‍ എന്നിവയുടെ പേരു മാറ്റങ്ങളും പുരോഗമിക്കുന്നുണ്ട്. പ്രശസ്തമായ മുഗള്‍ സരായ് റെയില്‍വെ ജങ്ഷന്‍ 1968ല്‍ അവിടെ വെച്ച് ദുരൂഹമായി മരണപ്പെട്ട സംഘ് ആചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരിലേക്ക് മാറ്റപ്പെട്ടു. ഫൈസാബാദ് അയോധ്യയായി മാറി. കാണ്‍പൂര്‍, ബറേലി, ആഗ്ര വിമാനത്താവളങ്ങളും പുതിയ പേര് സ്വീകരിക്കാന്‍ സജ്ജമായി നില്‍ക്കുകയാണ്.
നിര്‍മിതികളോടും അസഹിഷ്ണുത
രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതിയും സ്ഥലപ്പേരുകള്‍ മായ്ച്ചുകളഞ്ഞുമൊക്കെ മുന്നേറുമ്പോഴും ചരിത്ര ശേഷിപ്പുകളും നിര്‍മിതികളും ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട്. അവയില്‍ മിക്കവയും ഉദാത്തമെന്ന് ലോകം വാഴ്ത്തുന്നവയാണെന്നതാണ് സവിശേഷകരം. താജ്മഹലും ചെങ്കോട്ടയും ജുമാ മസ്ജിദുമൊന്നും ഷാജഹാന്‍ നിര്‍മിച്ചതല്ലെന്നും പഴയ കാല ഹിന്ദു രാജാക്കന്‍മാരുടെ നിര്‍മിതിയാണെന്നും സംഘ്പരിവാര്‍ കൂടാരത്തില്‍നിന്ന് ചില വാദങ്ങളുയരുന്നത് ആ പശ്ചാത്തലത്തിലാണ്. യോഗി സര്‍ക്കാര്‍ യു.പിയുടെ ടൂറിസം ബ്രോഷറില്‍നിന്ന് താജ്മഹലിന്റെ ചിത്രം ഒഴിവാക്കിയാണ് അരിശം തീര്‍ത്തത്. പാര്‍ലമെന്റും അനുബന്ധ ഓഫിസ് കെട്ടിടങ്ങളുമെല്ലാം മാറ്റി സ്ഥാപിക്കാന്‍ നരേന്ദ്രമോദി മുന്നോട്ടു വെക്കുന്ന 20000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത റീഡവലപ്‌മെന്റ് പദ്ധതിയെ ഇതിന്റെ വെളിച്ചത്തില്‍ വേണം വിലയിരുത്തേണ്ടത്.
86 ഏക്കറിലെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ നിലവിലെ പാര്‍ലമെന്റ് കെട്ടിടവും നോര്‍ത്ത് സൗത്ത് ബ്ലോക്കുകളും മ്യൂസിയമാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ശാസ്ത്രി ഭവന്‍, നിര്‍മാണ്‍ ഭവന്‍, ഉദ്യോഗ ഭവന്‍, കൃഷി ഭവന്‍, വായു ഭവന്‍ തുടങ്ങിയ കേന്ദ്ര ഭരണ സിരാ കേന്ദ്രങ്ങള്‍ പഴങ്കഥയാവും. ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സും നാഷണല്‍ ആര്‍ക്കൈവ്‌സുമെല്ലാം ഈ പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്യപ്പെടുകയാണ്. സംഘ്പരിവാര്‍ പേരുകളില്‍ പുതിയ ബ്ലോക്കുകളും പ്രധാനമന്ത്രിയുടെ വസതിയുമെല്ലാം ഉയരും. രാജ്യത്തിന്റെ മഹത്തായ ഭൂതകാലത്തെയും സ്മരണകളെയും അതിന്റെ മെറിറ്റില്‍ എതിരിടാന്‍ തങ്ങള്‍ അശക്തരാണെന്ന ബോധം തീര്‍ക്കുന്ന അപകര്‍ഷതയാണ് ഇല്ലം ചുട്ടു മുന്നേറുന്ന തീരുമാനങ്ങളിലേക്ക് ഇവരെ നയിക്കുന്നത്. ഭയത്തിന്റെ ഫണം വിടര്‍ത്തി എതിര്‍ശബ്ദങ്ങളെ ആഭ്യന്തരമായി അടിച്ചമര്‍ത്തുമ്പോഴും ആഗോളതലത്തില്‍ ഇന്ത്യയുടെ സങ്കുചിതത്വം ചൂടുള്ള ചര്‍ച്ചയായി മാറുകയാണ്.
തിരുത്തിയെഴുതുന്ന ചരിത്രം
ദേശത്തിന്റെ പൈതൃകത്തിലേക്ക് കടന്നു കയറുന്നത് വഴി മാത്രമേ രാഷ്ട്രീയാധികാരം സാധ്യമാവുകയുള്ളൂവെന്ന നാസി പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിന്റെ ആരാധകരായിരുന്നു ആര്‍.എസ്.എസിന്റെ സ്ഥാപക നേതാക്കള്‍. 1998ലെ വാജ്പയ് ഭരണകാലത്തു തന്നെ ചരിത്രത്തിലും പാഠ്യപദ്ധതികളിലും കൈവയ്ക്കാന്‍ സംഘ്പരിവാര്‍ ശ്രമങ്ങളാരംഭിച്ചിരുന്നു. മുന്നണി രാഷ്ട്രീയത്തിന്റെ പരിമിതികള്‍ പലപ്പോഴും വിഘ്‌നങ്ങള്‍ തീര്‍ത്തു.
2014ല്‍ പാഠ്യപദ്ധതികള്‍ തിരുത്തിയെഴുതാന്‍ ഭാരതീയ ശിക്ഷ നീതി ആയോഗ് എന്ന സമിതിയെ ആര്‍.എസ്.എസ് നിയോഗിച്ചു. ദീനാനാഥ് ബത്രയായിരുന്നു സമിതി അധ്യക്ഷന്‍. 2001 ല്‍ രചിച്ച തന്റെ പുസ്തകമായ ദ എനിമീസ് ഓഫ് ഇന്ത്യനൈസേഷന്‍: ദ ചില്‍ഡ്രന്‍ ഓഫ് മാര്‍ക്‌സ്, മെക്കാളെ ആന്റ് മദ്രസ എന്ന പുസ്തകത്തില്‍ നാല് ഗുരുതരമായ പിഴവുകള്‍ സ്‌കൂള്‍ സിലബസിലുള്ളതായി അദ്ദേഹം ആരോപിച്ചിരുന്നു. ആര്യന്മാര്‍ അന്യദേശത്തുനിന്ന് കുടിയേറിയവരാണ് എന്ന വാദം, പുരാണേതിഹാസങ്ങളെ ഐതീഹ്യങ്ങളാക്കി അവതരിപ്പിച്ചത്, നളന്ദയുടെ തകര്‍ച്ച തൊട്ട് മുഗളരുടെ അവസാനം വരെയുള്ള കാലത്തെ ഇരുണ്ട യുഗമായി അവതരിപ്പിക്കാതിരിക്കുന്നത്, സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഗാന്ധിക്കും നെഹ്‌റുവിനും പ്രാധാന്യം നല്‍കുന്നത് എന്നിവയായിരുന്നവത്. 2014 മുതല്‍ 18 വരെ മാത്രം 182 എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങളില്‍ 1334 തിരുത്തിക്കുറിക്കലുകള്‍ ബത്രയും സംഘവും ഇതിനോടകം നടത്തിക്കഴിഞ്ഞു. ബത്രയുടെ വലിയ ആരാധകനായ മുന്‍ രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി എട്ടു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളില്‍ ഗ്രേറ്റ് സവര്‍ക്കര്‍ എന്ന പേരില്‍ വീരകഥകള്‍ കുത്തിനിറച്ച് പ്രഖ്യാപിച്ചത് രാജസ്ഥാനില്‍ ഒരു കനയ്യ പിറക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു. അക്ബറും റാണാ പ്രതാപ് സിങ്ങുമായുള്ള യുദ്ധങ്ങളില്‍ അക്ബര്‍ തോറ്റതായും എഴുതി ചേര്‍ത്തു. അശോക് ഗഹലോട്ട് മന്ത്രിസഭ പിന്നീട് ആവശ്യമായ തിരുത്തലുകള്‍ വരുത്തി.
2014ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ ചെയര്‍മാനായി ആര്‍.എസ്.എസ് താത്വികനായ വൈ.സുദര്‍ശന്‍ റാവുവാണ് നിയമിക്കപ്പെട്ടത്. മിത്തോളജിയും ചരിത്രവും രണ്ടല്ല അവ ഒന്നാണ് എന്ന വാദത്തിന്റെ വലിയ പ്രചാരകനായ റാവു ചരിത്ര നിര്‍മിതിയിലെ ശാസ്ത്രീയ സങ്കേതങ്ങള്‍ കാറ്റില്‍പ്പറത്തി വേദോപനിഷത്തുകളും പുരാണേതിഹാസങ്ങളുമാണ് ലോകത്തിന്റെ ശാസ്ത്രാവലംബം എന്ന വാദം സമര്‍ഥിക്കാന്‍ ഇപ്പോഴും ഗ്യാലന്‍ കണക്കിന് മഷിയും ആളും അര്‍ഥവും ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രവും ശേഷിപ്പുകളും അവ പുതുതലമുറക്ക് പകരേണ്ട പാഠ്യപദ്ധതികളും തങ്ങളുടെ ഇംഗിതത്തിന് തിരുത്തിയെഴുതുമ്പോള്‍ സ്ഥലങ്ങളുടെ പേരു മാറ്റവും ഫാസിസത്തിന് അനിവാര്യമാവുകയാണ്. പരിഗണനാര്‍ഹമായ വിഷയങ്ങളുടെ ആധിക്യമായിരിക്കാം, എതിര്‍പ്പുകളുടെ മുന്‍ഗണനാക്രമത്തില്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പിറകിലാവാന്‍ കാരണം. അവജ്ഞയോടെ തള്ളിക്കളയേണ്ടതു പോലും ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രസക്തമാവുന്ന കാലത്തിന് മറുകാലം തീര്‍ക്കാന്‍ പുണ്യപുരാതന ഭാരത ഗേഹം അതിവിദൂരമല്ലാതെ ഉണരുമെന്ന് പ്രത്യാശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."