വയനാടന്‍ കാടുകളില്‍ ആനകളുടെ എണ്ണത്തില്‍ വര്‍ധനവ്
പനമരം: വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടില്‍ കാട്ടാനകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി കണക്കുകള്‍. 2012 വരെയുള്ള കേന്ദ്ര പരിസ്ഥിതി മാന്ത്രാലയത്തിന്റെ കണക്കെടുപ്പില്‍ നീലഗിരി ജൈവ മേഖലയില്‍ ഉള്‍പ്പെട്ട വയനാട് വന്യജീവി സങ്കേതത്തില്‍ ലഭ്യമായ കണക്കുകളിലാണ് ആനകളുടെ എണ്ണത്തിലെ വര്‍ധനവ് സൂചിപ്പിക്കുന്നത്.
2012ന് ശേഷം ജില്ലയില്‍ കണക്കെടുപ്പ് നടന്നിട്ടില്ല. 2006ലെ കണക്കെടുപ്പില്‍ കേരളത്തിലെ വനങ്ങളില്‍ 3543 ആനകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2012ല്‍ ഇത് 6922 ആയി ഉയര്‍ന്നിരുന്നു. 2012ല്‍ 2229 കൊമ്പനാനകളും 3920 പിടിയാനകളും 773 മേഴയാനകളും ഉള്ളതായി സര്‍വേയില്‍ കണ്ടെത്തിയതായി വനപാലകര്‍ പറഞ്ഞു. ഒരു ചതുരശ്ര കിലോമീറ്റര്‍ വനത്തില്‍ ഒന്നില്‍ കുറയാത്ത ആനകളുണ്ട്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുമായി വയനാടന്‍ വനങ്ങള്‍ അതിര്‍ത്തി പങ്കിടുമെന്നതിനാല്‍ ആനകള്‍ നിരന്തരം അന്യസംസ്ഥാനങ്ങളിലേക്ക് കടക്കുകയും അവിടെ നിന്നും ഇങ്ങോട്ടു വരികയും ചെയ്യുന്നുണ്ട്. മഴക്കാലം ആരംഭിച്ചതോടെ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ നിന്ന് ആനകള്‍ കൂട്ടത്തോടെ വയനാടന്‍ കാടുകളില്‍ എത്തുന്നത് പതിവാണ്. എന്നാല്‍ വര്‍ഷംതോറും കാട്ടാനകളുടെയും വന്യജീവികളുടെയും ശല്യം കൂടുതലാണ്. നിലവില്‍ 2012ലെ കണക്കെടുപ്പില്‍ കണ്ടത്തിയതിനേക്കാള്‍ കൂടുതല്‍ കാട്ടാനകള്‍ വയനാടന്‍ വനത്തിലുണ്ടെന്നാണ് വനംവകുപ്പ് നല്‍കുന്ന വിവരങ്ങള്‍.
ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴാണ് ഇതിന്റെ കണക്കെടുപ്പ് നടക്കുന്നത്. ഇപ്പോഴത്തെ സംവിധാനത്തില്‍ വന്യമൃഗങ്ങളുടെ കണക്കെടുപ്പ് പ്രായോഗികമല്ലെന്നതിനാല്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കാട്ടാനകള്‍, കടുവ മറ്റു മൃഗങ്ങളുടെ കണക്കെടുപ്പ് നടപ്പിലാക്കുമെന്ന് വയനാട് ജില്ല ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി പറഞ്ഞു. അതിനിടെ വന്യമൃഗശല്യം തടയാനായി ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഈയടുത്തായി വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നഷ്ടപരിഹരമായി ഒരു കോടിയോളം രൂപയാണ് വനംവകുപ്പ് നല്‍കിയത്. 344 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള വയനാട് വന്യജീവി സങ്കേതത്തില്‍ 254 കിലോമീറ്റര്‍ കിടങ്ങുകളും 300 കീലോമീറ്റര്‍ വൈദ്യുതി കമ്പിവേലിയും രണ്ടര കിലോമീറ്റര്‍ കല്‍മതിലും നിര്‍മിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാല്‍ ഇതൊന്നും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നതിനെ തടയുന്നില്ല. വന്യമൃഗങ്ങള്‍ രൂക്ഷമായ വനത്തില്‍ നേരത്തെ 107 കുടുംബങ്ങള്‍ താമസിച്ചിരുന്നു. ഇതില്‍ ചിലരെ വനത്തിന് പുറത്തേക്ക് മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. 43 കുടുംബങ്ങള്‍ ഇപ്പോഴും നിബിഢവനത്തിലാണ് താമസിക്കുന്നത്. ഇവരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നിരന്തരമുള്ള വന്യമൃഗ ശല്യം ജില്ലയിലെ കാര്‍ഷിക മേഖലയേയും കാര്യമായി ബാധിച്ചിട്ടുണ്ട്. കാട്ടാന ശല്യം തടയുന്നതിന് നൂതന സംവിധാനം ആവിഷ്‌കരിച്ച് വരുന്നതായും ഡി.എഫ്.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."