ഗള്‍ഫില്‍ നാലു മലയാളികള്‍കൂടി മരിച്ചു
ജിദ്ദ ദോഹ: കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ നാലുമലയാളികള്‍കൂടി മരിച്ചു. സഊദി അറേബ്യയില്‍ രണ്ടുപേരും യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളില്‍ ഓരോ ആളുകളുമാണ് മരിച്ചത്. ആലുവ, കണ്ണൂര്‍, പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലുള്ളവരാണ് മരണപ്പെട്ടത്. ആലുവ നഗരത്തിലെ വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖനായ കൊടികുത്ത്മലയില്‍ താമസിക്കുന്ന ആലുവ ഹസ്സന്‍ മിയ (51)യാണ് ദുബൈയില്‍ മരിച്ചത്.
രോഗബാധയെ തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ദുബൈയില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ശങ്കരന്‍കുഴി പരേതനായ അലിയുടേയും ജമീലയുടേയും മകനാണ്. സുലൈഖയാണ് ഭാര്യ. ഡോ.ആമിന, ഡോ.ഹലീമ, മുഹമ്മദ് അലി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: മുഹാസിഫ് (മസ്‌കറ്റ്), ഫര്‍ഹാന്‍ (ഖത്തര്‍). ആലുവയിലെ പ്രമുഖ വസ്ത്ര വ്യാപാരികളായ എസ്.എ. ബഷീര്‍, എസ്.എ. ശുക്കൂര്‍, എസ്.എ രാജന്‍ ( റിപ്പോര്‍ട്ടര്‍, മംഗളം ആലുവ) എന്നിവര്‍ സഹോദരങ്ങളാണ്. 'ദുബൈക്കാരന്‍' എന്ന സിനിമ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പി.എ താജുദീന്‍ സഊദി അറേബ്യയിലെ ജിദ്ദയിലാണ് മരിച്ചത്. 50 വയസായിരുന്നു. ചെങ്ങന്നൂര്‍ ഇലന്തൂര്‍ ഈസ്റ്റ് മടുക്കോലില്‍ സിജുവിന്റെ ഭാര്യ ജൂലി മേരി സിജു ദമാമിലാണ് മരിച്ചത്. ലാബ് ടെക്‌നീഷ്യനായിരുന്നു. ചെങ്ങന്നൂര്‍ കല്ലിശ്ശേരി മാപ്പോട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ഏയ്ഞ്ചലിന്‍, ഇവാന്‍.
കണ്ണൂര്‍ കണ്ണാടിപ്പറമ്പ് കാര്യപ്പ് സ്വദേശി ചാലിന്റവിട പി.കെ സിദ്ദീഖ്(45) ആണ് ഖത്തറില്‍ മരിച്ചത്. ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നേരത്തെ തന്നെയുണ്ടായിരുന്ന ജീവിതശൈലീരോഗങ്ങള്‍ കൂടി ഗുരുതരമായതോടെ ആരോഗ്യനില വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 1.30ഓടെ മരണം സംഭവിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പതിനാറ് വര്‍ഷമായി ലിമോസിന്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: സൈനബ. ഭാര്യ: സമീറ(കാട്ടാമ്പള്ളി). മക്കള്‍: സിദ്‌റ, സിയാദ്, സല്‍മാനുല്‍ ഫാരിസ്.
ഇതോടെ യു.എ.ഇയില്‍ 92 ഉം സഊദിയില്‍ 58 ഉം ഖത്തറില്‍ ആറും മലയാളികളാണ് മരിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലാകെ 201 മലയാളികള്‍ മരിച്ചു. ഏപ്രില്‍ ഒന്നിന് യു.എ.ഇയിലാണ് ഗള്‍ഫില്‍ ആദ്യമായി കൊവിഡ് ബാധിച്ച് മലയാളി മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."