ഉര്‍ദുഗാന് 'യെസ് 'പറഞ്ഞ് വിദേശത്തെ തുര്‍ക്കികളും
അങ്കാറ: പാര്‍ലെന്ററി സംവിധാനത്തില്‍ നിന്ന് പ്രസിഡന്റ് ഭരണത്തിലേക്ക് മാറാനുള്ള തുര്‍ക്കിയുടെ സുപ്രധാന ജനഹിതത്തിന് അനുകൂലമായി വിദേശത്തെ തുര്‍ക്കി പൗരന്മാരും. യൂറോപ്പിലും വിവിധ രാഷ്ട്രങ്ങളിലുമുള്ള തുര്‍ക്കി പൗരന്മാര്‍ക്കിടയില്‍ നടത്തിയ ഹിതപരിശോധനയിലും 'യെസ് ' പക്ഷത്തിനാണ് ഭൂരിപക്ഷം ലഭിച്ചത്.
ബെല്‍ജിയം, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, സ്വീഡന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഹിതപരിശോധനയില്‍ അന്താരാഷ്ട്രതലത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. തുര്‍ക്കിയില്‍ ഭരണകക്ഷികളുടെ ആഹ്ലാദപ്രകടനങ്ങളും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങളും അരങ്ങേറി.
ബെല്‍ജിയത്തില്‍ 53 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയതില്‍ 75 ശതമാനം പേരും 'യെസി'ന് അനുകൂലമായി വോട്ട് ചെയ്തു. 30 ലക്ഷത്തിലേറെ തുര്‍ക്കി പൗരന്മാരുള്ള ജര്‍മനിയില്‍ 46 ശതമാനമാണ് പോളിങ് നടന്നത്. 6,60,000 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതില്‍ 63 ശതമാനം പേരും 'യെസി'ന് അനുകൂലമായിരുന്നു.
47 ശതമാനമാണ് നെതര്‍ലന്‍ഡ്‌സിലെ പോളിങ്. 1,18,000 വോട്ടര്‍മാരില്‍ 71 ശതമാനവും 'യെസി'ന് അനുകൂലമായിരുന്നു. ഓസ്ട്രിയയില്‍ 48 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ 73 ശതമാനം പേരും 'യെസി'ന് അനുകൂലമായിരുന്നു.
ഫ്രാന്‍സില്‍ 44 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 1,42,000 വോട്ടര്‍മാരില്‍ 65 ശതമാനം പേരും 'യെസി'ന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. 33 ശതമാനം(11,000) വോട്ട് രേഖപ്പെടുത്തിയ ഡെന്മാര്‍ക്കില്‍ 60 ശതമാനം പേര്‍ 'യെസി'നെ പിന്തുണച്ചു.
അതേസമയം, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ തുര്‍ക്കി പൗരന്മാര്‍ 'നോ'ക്കാണ് വോട്ട് ചെയ്തത്. യഥാക്രമം 62,53,80 എന്നിങ്ങനെയാണ് ഈ രാജ്യങ്ങളിലെ പോളിങ് ശതമാനം.
പുതിയ ഭരണഘടനാ പരിഷ്‌കരണത്തോടെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി(എ.കെ പാര്‍ട്ടി)യില്‍ തിരിച്ചെത്തും. സുപ്രിം ഇലക്ഷന്‍ ബോര്‍ഡ് ഹിതപരിശോധനയുടെ ഔദ്യോഗിക ഫലം പുറത്തുവിടുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഈമാസം 28നുശേഷം അദ്ദേഹം പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്ന് എ.കെ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ മുസ്തഫ എലിറ്റാസ് അറിയിച്ചു.
കക്ഷി അനുഭാവങ്ങളുണ്ടാകരുതെന്ന ഭരണഘടനാ നിയമം അനുസരിച്ച് 2014ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉര്‍ദുഗാന്‍ എ.കെ പാര്‍ട്ടിയിലെ അംഗത്വം രാജിവച്ചിരുന്നു.
പൂര്‍ണമായ ഫലം പുറത്തുവന്നതില്‍ 51.41 ശതമാനം(2,51,56,860) പേരാണ് 'യെസ് ' പക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തത്. 48.59 ശതമാനം(2,37,77,014) പേര്‍ 'നോ'ക്കും വോട്ട് ചെയ്തു. അതേസമയം, തുര്‍ക്കിയിലെ പ്രധാന നഗരങ്ങളായ ഇസ്താംബൂള്‍, അങ്കാറ, ഇസ്മിര്‍, അന്താലിയ എന്നിവിടങ്ങളിലെല്ലാം ഭൂരിപക്ഷം പേരും 'നോ'യെയാണ് പിന്തുണച്ചത്.
തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടിയായ ദ റിപ്പബ്ലിക് പീപ്പിള്‍സ് പാര്‍ട്ടി(സി.എച്ച്.പി) രംഗത്തെത്തിയിട്ടുണ്ട്. രാജ്യവ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും നടന്നു. തുര്‍ക്കിയിലെ ഹിതപരിശോധന തുര്‍ക്കിയുടെ സ്വന്തം കാര്യമാണെന്നും അതിനെ മാനിക്കുന്നുവെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു.
തുര്‍ക്കി ജനത ആഴത്തില്‍ വിഭജിക്കപ്പെട്ടതായാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗെലാ മെര്‍ക്കല്‍ പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഫ്രാന്‍സെ ഹൊലാന്ദെ, യൂറോപ്യന്‍ യൂനിയന്‍, ദ കൗണ്‍സില്‍ ഓഫ് യൂറോപ്പ് എന്നിവയും ആശങ്ക രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."