കിണറില്‍ വെള്ളമുയര്‍ന്നത് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതു മൂലം
തൊടുപുഴ: നഗരത്തിനു സമീപം ഒളമറ്റത്ത് കിണറ്റില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നത് വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടിയതു മൂലമെന്നു ഭൂഗര്‍ഭ ജലവിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തി.
കിണറിന് ഏതാനും വാരയകലെ കടന്നുപോകുന്ന ജലഅതോറിറ്റിയുടെ ഹൗസ് കണക്ഷന്‍ പൈപ്പ് ലൈന്‍ പൊട്ടിയിരുന്നു. ഇതാണ് ഭൂമിയിലേയ്ക്ക് വലിഞ്ഞ് കിണറ്റില്‍ എത്തിയതെന്നും മറ്റ് അസ്വാഭാവികതകളില്ലെന്നും പരിശോധനയില്‍ വ്യക്തമായി. തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയ്ക്ക് സമീപം കണ്ടോത്ത് തോമസിന്റെ വീട്ടിലെ കിണറ്റിലാണ് ജലനിരപ്പ് ഉയരുന്നതായി തിങ്കളാഴ്ച ശ്രദ്ധയില്‍പ്പെട്ടത്. വറ്റിയതിനെ തുടര്‍ന്ന് കിണര്‍ വൃത്തിയാക്കാനൊരുങ്ങുമ്പോഴാണ് 17 അടിയോളം ജലനിരപ്പുയര്‍ന്നതായി കണ്ടെത്തിയത്. 30 അടി ആഴമുള്ള കിണറ്റില്‍ പൊടുന്നനെ ഇത്രയും വെള്ളം ഉയര്‍ന്നതാണ് അസ്വാഭാവികത ജനിപ്പിച്ചത്.
ഇതോടെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിഭാസമായിരിക്കാമെന്നു സംശയം ഉയര്‍ന്നു. തുടര്‍ന്നാണ് ഭൂഗര്‍ഭ ജലവകുപ്പ് അധികൃതരെത്തി പരിശോധന നടത്തിയത്.
ഏതാനും മീറ്റര്‍ മാറി കടന്നു പോകുന്ന പൈപ്പ് പൊട്ടിയൊഴുകിയ വെള്ളം ഭൂമിക്കടിയില്‍ ചെങ്കല്ലുകള്‍ക്കിടയിലൂടെ കിണറിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നെന്ന് ഭൂജല വകുപ്പിലെ ജിയോളജിസ്റ്റ് ഡോ. വി.ബി. വിനയന്‍ പറഞ്ഞു. മുമ്പും സമാന രീതിയിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."