ഷൈക്ക് അഹമ്മദ് ഹാജി സ്മാരക വിദ്യാര്‍ഥി പ്രതിഭാ പുരസ്‌കാരം ജില്‍ന ജന്നത്തിന്
മണ്ണാര്‍ക്കാട്: മൗലാന ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകന്‍ എന്‍.ഷൈക്ക് അഹമ്മദ് ഹാജിയുടെ സ്മരണാര്‍ത്ഥം പാഠ്യപാഠ്യേതര മേഖലയിലെ മികവിന് ഏര്‍പ്പെടുത്തിയ വിദ്യാര്‍ഥി പ്രതിഭാ പുരസ്‌കാരത്തിന് കെ.വി.ജില്‍ന ജന്നത്തിനെ തെരഞ്ഞെടുത്തു.
മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് ബി.എ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ജില്‍ന. സംസ്ഥാന സ്‌കൂള്‍ കലോത്സവം, യൂനിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ മത്സരം തുടങ്ങിയവയിലെ വിജയിയും മികച്ച പ്രഭാഷകയുമാണ്. 2014 ലെ ശാന്തകുമാരന്‍ തമ്പി യുവസാഹിത്യ പുരസ്‌കാര ജേതാവാണ്. കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ദേശീയ തലത്തില്‍ നടത്തിയ പ്രബന്ധ രചന മത്സരം, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന തല പ്രബന്ധ രചനാ മത്സരം എന്നിവയിലും ഒന്നാം സ്ഥാനം നേടി.
'പനിനീര്‍ശലഭം' എന്ന പേരില്‍ കവിത സമാഹാരവും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ ലൈനിലും സമകാലികങ്ങളിലും വിവിധ രചനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു പത്രം നടത്തിയ പ്രസംഗ മത്‌സരത്തില്‍ സംസ്ഥാനത്തെ ടോപ് ടെന്‍ സ്പീക്കര്‍മാരിലൊരാളായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എം.എസ്.എഫ് ഹരിതാ വിംഗ് ജില്ലാ പ്രസിഡണ്ടായ ജില്‍ന ജന്നത്ത് പ്രാദേശിക ചാനലുകളില്‍ വാര്‍ത്താ അവതാരകയായും എം.ഇ.എസ് കല്ലടി കോളജ് യൂണിയന്‍ സ്റ്റുഡന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ കെ.വി.മുജീബ് റഹ്മാന്റെയും നസീമയുടെയും പുത്രിയാണ്. അയ്യായിരം രൂപയും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. ഷൈക്ക് അഹമ്മദ് ഹാജിയുടെ രണ്ടാം ചരമവാര്‍ഷിക ദിനമായ 29 ന് വടശ്ശേരിപ്പുറം ഗവ.ഹൈസ്‌കൂളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അവാര്‍ഡ് സമ്മാനിക്കും. സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."