കുരുന്നുകള്‍ക്ക് നീന്തലില്‍ ആദ്യാക്ഷരം പകര്‍ന്ന് മഷിക്കുളം
മാള: കുരുന്നുകള്‍ക്ക് പോലുംനീന്തലില് ആദ്യാക്ഷരം പകരുന്ന മഷിക്കുളത്തില്‍ നീന്തല്‍ പഠനത്തിന് പങ്കാളിത്തമേറുന്നു. കുഴിക്കാട്ടുശേരിയിലെ ഒരേക്കര്‍ വിസ്താരമുള്ള മഷിക്കുളത്തിലാണ് രാവിലെ മുതല്‍ സന്ധ്യമയങ്ങും വരെ നൂറുകണക്കിന് ആളുകള്‍ കുളിക്കുന്നതിനും നീന്തല്‍ പരിശീലനം നടത്തുന്നതിനുമായി എത്തുന്നത്.
കുട്ടികള്‍ക്ക് പുറമേ വീട്ടമ്മമാരും കുടുംബാംഗങ്ങളും ഇവിടെയെത്തുന്നുണ്ട്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ നീന്തലിനും കുളിക്കാനുമായി ഇവിടെ എത്തുന്നുണ്ട്. രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള മഷിക്കുളം സ്വകാര്യ സ്വത്തായിരുന്നെങ്കിലും പിന്നീട് പൂര്വികര്തന്നെ ഇത് പൊതുസ്വത്തായി ഏതാനും വര്‍ഷം മുന്‍പ് നാടിന് സമര്‍പ്പിക്കുകയായിരുന്നു. തെളിഞ്ഞ്
അടിഭാഗം കാണാന്‍ പാകത്തിലായിരുന്നു ഈ കുളം. ഇതിനാലാണ് മഷിക്കുളം എന്ന പേര് ലഭിച്ചതെന്ന് മൂത്തേടത്തെ ഇപ്പോഴത്തെ അവകാശികളൊരാളായ എം.എസ് ഹരിലാല്‍ പറയുന്നു. ഇദ്ദേഹം തന്നെയാണ് കുളത്തിന്റെ മേല്‍നോട്ടവും നീന്തല്‍ പരിശീലകനും.രാവിലെ ആറോടെ എത്തുന്ന കുട്ടിക്കൂട്ടം നീരാട്ടും നീന്തല്‍ പരിശീലനവും കഴിഞ്ഞ് കരയ്ക്ക് കയറുമ്പോള്‍ മണി പത്ത് ആകും. പിന്നീട് വൈകിട്ട് നാല് മുതല്‍ വീട്ടമ്മമാരുടെയും കുടുംബാംഗങ്ങളുടെയും ഊഴമാണ്.
വാഹനങ്ങളുടെ ടൂബില്‍ കാറ്റ് നിറച്ചാണ് പരിശീലനങ്ങള്‍ നല്‍കുന്നത്. മതിയായ സുരക്ഷകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. ദിവസേന നൂറുകണക്കിന് ആളുകളാണ് പരിശീലനത്തിന് എത്തുന്നത്. വേനല്‍ കടുത്തെങ്കിലും ഇപ്പോഴും ഈ കുളത്തില്‍ അഞ്ചടിയോളം വെള്ളമുണ്ട്.
സമീപമുള്ള കനാലിലൂടെ വെള്ളമെത്തിയാല്‍ ഇത് 12അടിയില്‍ കൂടുതലാവുകയും ചെയ്യുമെന്ന് ഹരിലാല്‍ പറയുന്നു. 2013 മുതലുള്ള കണക്കനുസരിച്ച് പതിനായിരക്കണക്കിന് ആളുകളാണ് ഇവിടെ പരിശീലനം നടത്തിയിട്ടുള്ളത്. ഇത് തെളിയിക്കുന്നതിനായി ഒരു പുസ്തകവും ഹരിലാല്‍ സൂക്ഷിച്ചിട്ടുണ്ട്.
പഠിക്കുന്നവര്‍ ഇതില്‍ പേരും വിലാസവും എഴുതുകയാണ് പതിവ്. കുഴിക്കാട്ടുശേരിയില്‍ കൂടാതെ കോഴിക്കോട് മാവൂരിലെ ചാലിയാര്‍ പുഴയിലും കായംകുളം സംസ്കൃതം സ്കൂളിനോടു ചേര്‍ന്നുള്ള ക്ഷേത്രക്കുളത്തിലും ഹരിലാല്‍ പരിശീലനം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."